അടക്കി നിർത്താനാകാത്ത കാമഭ്രാന്തിന്റെ അടിസ്ഥാനം പുരുഷാധിപത്യ മനോഭാവം ആണെന്ന ബോധം എനിക്കുണ്ട്

0
115
Sreeja Neyyattinkara
ആംബുലൻസിനുള്ളിൽ വച്ച് കോവിഡ് രോഗിയായ സ്ത്രീയെ പീഡിപ്പിച്ച ഡ്രൈവറായ പുരുഷൻ… സ്ത്രീയെ വീട്ടിൽ വിളിച്ചു വരുത്തി കെട്ടിയിട്ട് പീഡിപ്പിച്ച ഹെൽത്ത് ഇൻസ്പെക്ടറായ പുരുഷൻ…
അടുത്തടുത്ത ദിവസങ്ങളിൽ നടന്ന ഈ രണ്ടു സംഭവങ്ങളും പുരോഗമന – സ്ത്രീപക്ഷ കേരളത്തിലാണ് എന്നുള്ള ത് എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നേയല്ല. അടക്കി നിർത്താനാകാത്ത കാമഭ്രാന്തിന്റെ അടിസ്ഥാനം പുരുഷാധിപത്യ മനോഭാവം ആണെന്ന ബോധം എനിക്കുണ്ട്. അനുവാദമില്ലാതെ പെണ്ണിന്റെ മേൽ കൈ വയ്ക്കാൻ ഉദ്ധരിച്ച ലിംഗങ്ങളുമായി ഇറങ്ങി നടക്കുന്ന പുരുഷന്മാർ സ്ത്രീകളെ കേവല ശരീരമായും ഭോഗ വസ്തുവായും മാത്രം കാണുന്നതിന്റെ പ്രശ്നമാണിത് … തന്റെ കാമ ശമനത്തിന് വേണ്ടി മാത്രം സൃഷ്‌ടിക്കപ്പെട്ട ഒന്നാണ്‌ സ്ത്രീയെന്ന ധാരണയാണ് പുരുഷനെ കൊണ്ടിതു ചെയ്യിക്കുന്നത്… പീഡനമെന്നാൽ സ്ത്രീയുടെ ശരീരത്തിന് മേൽ പുരുഷൻ നടത്തുന്ന അധികാര പ്രയോഗം ആണ്… “പെണ്ണെന്നാൽ എനിക്ക് വഴങ്ങിത്തരണം അല്ലാത്തപക്ഷം ബലം പ്രയോഗിച്ചും ഞാൻ നേടും” ഈ പുരുഷ ബോധമാണ് ഓരോ പീഡന ത്തിന് പിന്നിലും ഈ ആൺ ബോധത്തെ അഥവാ പുരുഷ കേന്ദ്രീകൃതമായ അധികാരത്തെ ബ്രേക്ക് ചെയ്യാത്തിടത്തോളം ഈ പ്രശ്നം രാഷ്ട്രീയമായി പരിഹരിക്കപ്പെടില്ല …
അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ ബോധങ്ങളിൽ അഭിരമിക്കുന്നതാണ്‌ കേരളത്തിലെ ഓരോ കുടുംബവും… അവിടെ വളർത്തി വലുതാക്കപ്പെട്ട ഓരോ ആൺകുട്ടിക്കും സ്ത്രീയെന്നാൽ പുരുഷന്റെ അടിമയാണ്.. ഓരോ വീട്ടിലും വളർന്നു വരുന്ന ആൺ കുട്ടി നേരം പുലരുന്നത് മുതൽ ഇരുളുന്നത് വരെ കാണുന്നത് തന്താധിപത്യമാണ്… തന്ത കഴിച്ചു വച്ചിട്ട് പോകുന്ന എച്ചിൽ പാത്രം വരെ കഴുകുന്ന തള്ള എന്തിന് തന്ത ഊരിയെറിയുന്ന ജട്ടി വരെ അലക്കുന്ന തള്ളയെ കണ്ടു വളരുന്ന ആൺകുട്ടി… അഭിപ്രായ സ്വാതന്ത്ര്യം പോലും പുരുഷ മേധാവിത്വം കവർന്നെടുക്കുന്ന കുടുംബ സാഹചര്യ ത്തിൽ വളരുന്ന ആൺ കുട്ടി പുറത്തിറങ്ങി സ്ത്രീകളോട് എങ്ങനെയാകും പെരുമാറുക…? വീടിനുള്ളിൽ തന്തയ്ക്ക് റാൻ മൂളി നിൽക്കുന്ന തള്ളയെ കണ്ടു വളരുന്ന ആണൊരുത്തൻ പുറത്തിറങ്ങി പെണ്ണിന്റെ മേൽ കൈ വയ്ക്കും മുൻപ് അവളുടെ അനുമതി ആവശ്യപ്പെടും എന്ന് കരുതുന്നുണ്ടോ?
ഭരണകൂടം മാത്രം വിചാരിച്ചാൽ ഇല്ലാതാക്കാവുന്ന ഒന്നല്ല പുരുഷാധിപത്യ ബോധം… അതിന് കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും കൂടെ പൊളിറ്റിക്കൽ കോൺഷ്യസ് ഉണ്ടാകണം…
എന്നാൽ ഭരണകൂടം ആത്മാർത്ഥമായി വിചാരിച്ചാൽ ചെയ്യാവുന്ന കാര്യമുണ്ട് സ്ത്രീപീഡകരെ നിരുപാധികം തളയ്ക്കുക എന്നുള്ളതാണ്… നിയമം സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പിലാക്കിയാൽ കുറ്റകൃത്യങ്ങൾ കുറയും… സ്ത്രീപക്ഷ നിയമങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ വേട്ടക്കാരൻ പിൻവാങ്ങും…. എന്നാൽ വേട്ടക്കാരനെ തുറന്നു വിടുകയും ഇരകളോട് സൂക്ഷിക്കണം എന്ന് പറയുകയും ചെയ്യുന്ന ഭരണകൂടം സ്ത്രീപക്ഷ ഭരണകൂടം അല്ല…
സ്ത്രീക്ക് അന്തസോടെ, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന ഒന്നാണ്‌.അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്…. എന്നാൽ ഫെമിനിസ പ്രത്യയ ശാസ്ത്രം പേറുന്ന ഇടതുപക്ഷം ഭരിക്കുമ്പോൾ പോലും പുരുഷ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥിതിയെ തകർക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റാരിലാണ് ഞങ്ങൾ പെണ്ണുങ്ങൾ പ്രതീക്ഷ വയ്ക്കുക…? ജനാധിപത്യ മഹിളാ അസോസിയേഷന്റെ മുൻ പ്രസിഡന്റ് ആണ് ഇന്ന് മന്ത്രി പദത്തിലിരിക്കുന്ന കെ കെ ശൈലജ അഥവാ കേവല പെൺ മന്ത്രിയല്ല ഫെമിനിസ്റ്റ് രാഷ്ട്രീയമുള്ള സ്വത്വ ബോധമുള്ള ഇടതുപക്ഷ ഭരണാധികാരിയാണ്… ആ മന്ത്രിയുടെ വകുപ്പാണ് പീഡന വീരന്മാരെ ഭയന്ന്‌ രാത്രിയിൽ സ്ത്രീകളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ല എന്ന സഹതാപമർഹിക്കുന്ന നിർദ്ദേശം മുന്നോട്ടു വച്ചിട്ടുള്ളത്
കുടുംബത്തിനകത്തും പുറത്തും സോഷ്യൽ മീഡിയയിലും ഒക്കെ സ്ത്രീപക്ഷ ഇടങ്ങൾക്കുവേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന, അതിന്റെ പേരിൽ നിരന്തരം പഴി കേൾക്കേണ്ടി വരുന്ന അപമാനമേൽക്കേണ്ടി വരുന്ന കേരളത്തിലെ സ്ത്രീകളുടെ രാഷ്ട്രീയ പ്രതീക്ഷകൾ തകർക്കുന്നതാണ് ഓരോ ആൺ ആക്രമണങ്ങളെ തുടർന്നുമുണ്ടാകുന്ന ഭരണകൂട നിലപാടുകൾ…..
സ്ത്രീ വിരുദ്ധ പൊതുബോധത്തിന്റെ ഇരകളായി ദിനം പ്രതി ആൺ പാഴുകളുടെ ലൈംഗികാതിക്രമങ്ങളിൽ പിടഞ്ഞു തീരുന്ന സ്ത്രീകൾ പുരോഗമന കേരളത്തിന് ഒട്ടും ഭൂഷണമല്ല തന്നെ..