പിറന്നാൾ ആശംസയ്ക്കുമുണ്ട് രാഹുൽഗാന്ധീ രാഷ്ട്രീയം

0
85

Sreeja Neyyattinkara എഴുതുന്നു:

പിറന്നാൾ ആശംസയ്ക്കുമുണ്ട് രാഹുൽഗാന്ധീ രാഷ്ട്രീയം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹാപ്പി ബർത്ത് ഡേ നേർന്ന രാഹുൽഗാന്ധി ഇന്നേ ദിവസം തൊഴിലില്ലായ്മ ദിനമായി ആചരിക്കും എന്നും പറയുന്നു , വളരെ നല്ല കാര്യം.രാഹുൽ താങ്കൾ പ്രധാനമന്ത്രിക്ക് ഹാപ്പി ബർത്ത് ഡേ പാടിയാലും ഇല്ലെങ്കിലും ഈ രാജ്യത്ത് ഒന്നും പ്രത്യേകിച്ച് സംഭവിക്കാനില്ല …. എന്നാൽ നരേന്ദ്രമോദിയ്ക്ക് പിറന്നാൾ ആശംസ നേരാൻ കാണിച്ച ഉത്സാഹം താങ്കൾ ഉമർ ഖാലിദ് എന്ന ചെറുപ്പക്കാരനെ, ഫാസിസ്റ്റ് വിരുദ്ധ പോരാളിയെ തടങ്കലിലാക്കിയ ഭരണകൂടത്തിനെതിരെ കാണിച്ചോ എന്നതാണ് ചോദ്യം. ഡൽഹി കലാപത്തിൽ പങ്കാളിയായെന്നാരോപിച്ച് യു എ പി എ ചാർത്തി ആ ചെറുപ്പക്കാരനെ അറസ്റ്റു ചെയ്ത് അകത്തിട്ടിരിക്കുകയാണ്… അതിലും മതിയാകാതെ ആ ചെറുപ്പക്കാരനെ തൂക്കിക്കൊല്ലും എന്ന് ഫാസിസം പകയോടെ അലറി വിളിക്കുക കൂടെ ചെയ്തിട്ടുണ്ട്… അദ്ദേഹത്തെ മാത്രമല്ല നിരവധി മനുഷ്യരെ ഫാസിസം രാജ്യദ്രോഹ കുറ്റം ചുമത്തി തടങ്കൽ പാളയത്തിലിട്ടു കഴിഞ്ഞു…. വേട്ട പിന്നേയും തുടർന്നു കൊണ്ടിരിക്കുന്നു…. ജെ എൻ യു വിലേയും ജാമിയമില്ലിയയിലേയും നിരവധി വിദ്യാർത്ഥികളുടെ മേൽ ഫാസിസ്റ്റ് ഭരണകൂടം രാജ്യദ്രോഹ മുദ്ര പതിച്ചു കഴിഞ്ഞു…. ഭരണകൂടത്തിന്റെ ഫാസിസ്റ്റ് ചെയ്തികൾക്കെതിരെ പ്രതികരിക്കുന്നു എന്നതിന്റെ പേരിൽ നിരപരാധികളായ മനുഷ്യരെ ദ്രോഹിക്കുന്ന ഫാസിസ്റ്റ് തേർവാഴ്ചയുടെ അമരക്കാരന് താങ്കൾ പിറന്നാൾ ആശംസിച്ചോളൂ; പക്ഷേ ആശംസ നേർന്ന താങ്കൾ ഈ രാജ്യത്ത് നടക്കുന്ന മറ്റു ചില കാര്യങ്ങൾ കൂടെ അറിയേണ്ടതുണ്ട്.

ഇന്ത്യയെന്ന ജനാധിപത്യ – മതേതര രാജ്യത്തിന്റെ തലസ്ഥാനത്ത് കഴിഞ്ഞ ഫെബ്രുവരിയിൽ സംഘ് പരിവാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വർഗീയ കലാപത്തിന് പിന്നിൽ കൃത്യമായ ലക്‌ഷ്യം ഉണ്ടായിരുന്നു…. നിലയ്ക്കാത്ത പൗരത്വ പ്രക്ഷോഭത്തെ ഉന്മൂലനം ചെയ്യുക എന്ന ലക്‌ഷ്യം… അതുകൊണ്ടു തന്നെ കലാപത്തിലെ ആസൂത്രകരെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല… പകരം ഭരണകൂട ഭീകരതയ്ക്കെതിരെ സമരം നയിച്ച നിരപരാധികളായ പൗരത്വ പ്രക്ഷോഭകരെ പോലീസ് തെരെഞ്ഞു പിടിച്ച് ഭീകര നിയമങ്ങൾ ചാർത്തി തടങ്കലിലിടുകയായിരുന്നു… ഈ ഭരണകൂട ഭീകരതയെ അഡ്രസ് ചെയ്യാത്ത രാഹുൽ ഗാന്ധിയാണ് ഭരണകൂട ഭീകരതയ്ക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസ നേർന്നത്.

താങ്കൾ രാഷ്ട്രീയ ബോധമുള്ള യുവനിരയെ കുറിച്ച് ഇടയ്ക്കിടെ വാചാലനാകുന്ന രാഷ്ട്രീയ നേതാവാണ്… ഫാസിസത്തിനെതിരെ പൊരുതുന്ന യുവാക്കളെ മുഴുവൻ ഭരണകൂടം തെരെഞ്ഞു പിടിച്ചു ദ്രോഹിക്കുമ്പോൾ താങ്കളെ പോലൊരു നേതാവ് മൗനം പാലിക്കുന്നതിൽ നിന്ന് ഞങ്ങൾ എന്ത് മനസിലാക്കണം….? ദ്രോഹിക്കപ്പെടുന്നവരെ ചേർത്ത് പിടിക്കേണ്ട താങ്കൾ ദ്രോഹിക്കുന്നവന് പിറന്നാൾ ആശംസ നേരുന്നതിന്റെ രാഷ്ട്രീയം എന്താണ്….? അതെ രാഹുൽ ഗാന്ധീ, ഒരു ജനാധിപത്യ വാദി ഒരു ഫാസിസ്റ്റിന് നൽകുന്ന പിറന്നാൾ ആശംസയ്ക്കുമുണ്ട് രാഷ്ട്രീയം.