ഹിന്ദുത്വ പോലീസ് മുസ്‌ലിം ചെറുപ്പക്കാരെ അൽഖ്വയ്ദയെന്നും ഐഎസുമെന്നും അട്ടഹസിക്കുമ്പോൾ സാമാന്യ ബോധമില്ലാതെ കൂടെ അട്ടഹസിക്കുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയം അത്ര നിസാരമല്ല

74

Sreeja Neyyattinkara

അൽഖ്വയ്ദ വിഷയത്തിലെ മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധിക്കുകയായിരുന്നു.. ലവ് ജിഹാദ് കത്തിച്ച് എങ്ങനെ ഇസ്‌ലാമോഫോബിയയ്ക്ക് വളമിട്ടോ അതിനേക്കാൾ ഗംഭീരമായി ഈ വിഷയവും മാധ്യമങ്ങൾ ആഘോഷിക്കുകയാണ്. ഇതിൽ ഒരു പ്രത്യേകത കൂടെയുണ്ട് സംഘ് പരിവാറിന് എല്ലാക്കാലത്തും താങ്ങായി നിന്നു കൊടുത്ത പൊതുബോധ വക്താക്കളായ മാധ്യമങ്ങൾക്കൊപ്പം നുണപ്പാട്ടുകൾ ഏറ്റുപാടില്ല എന്ന നിലപാടുമായി രംഗത്തെത്തിയ മാധ്യമം – മീഡിയാ വൺ അടക്കം അൽഖ്വയ്ദ വിഷയത്തിൽ എൻ ഐ എ യ്ക്ക് സ്തുതി പാടുകയും കേരളം അൽഖ്വയ്ദ പിടിയിൽ ആണെന്നറിഞ്ഞു ‘ഞെട്ടുക’ യും ചെയ്യുന്ന കോൺഗ്രസ് ഭാഷ്യത്തിന് ചൂട്ടു പിടിക്കുന്ന അറപ്പുളവാക്കുന്ന കാഴ്ച

സംഘ് പരിവാറിന് ലക്‌ഷ്യം മാത്രമേയുള്ളൂ ആ ലക്‌ഷ്യം നടപ്പിലാക്കി കൊടുക്കുക എന്നത് മാധ്യമങ്ങളുടേയും രാഷ്ട്രീയ പാർട്ടികളുടേയും പൊതുബോധത്തിന്റേയും ബാധ്യതയാണ്…. ആ ബാധ്യത അവർ ഭംഗിയായി യഥാസമയം നിറവേറ്റി കൊടുക്കുന്നുമുണ്ട് .പൗരസമൂഹത്തെ പ്രത്യേകിച്ചും മുസ്ലീങ്ങളെ, ദലിതരെ, ആദിവാസികളെ, ആക്ടിവിസ്റ്റുകളെ ഒക്കെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെ എൻ ഐ എ എന്ന സംവിധാനത്തെ ഇന്ത്യയ്ക്ക് സമ്മാനിച്ചത് കോൺഗ്രസാണ്.ഇന്നത്തെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആഭ്യന്തര സഹമന്ത്രി ആയിരുന്ന കാലത്താണ്‌ ഇരുപത്തി മൂന്നോളം നിരപരാധിയായ ചെറുപ്പക്കാരെ നാറാത്ത് നിന്ന് എൻ ഐ എ യ്ക്ക് പിടിച്ചു കൊടുത്ത ശേഷം തീവ്രവാദികളെ പിടിച്ചേ എന്നാർത്തു വിളിച്ചത് .

Al-Qaeda terrorists arrested from Kerala and Bengal were planning to carry  out terror attacks in Delhi: Shocking revelations – East Coast Daily Englishഎൻ ഐ എ ഇന്ന് സംഘ് പരിവാർ ഏജൻസിയായി പ്രവർത്തിക്കുന്നു…. ആ ഏജൻസി സംഘ് പരിവാർ രാഷ്ട്രീയാധികാരത്തിനായി പെടാപ്പാട് പെടുന്ന രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി പത്തോളം മുസ്‌ലിം ചെറുപ്പക്കാരെ അൽഖ്വയ്ദ ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്യുന്നു… പിന്നെ വരുന്നതെല്ലാം എൻ ഐ എ ഭാഷ്യമാണ് … അറസ്റ്റു ചെയ്യപ്പെട്ടവർ വാട്സാപ്പ് ഗ്രൂപ്പിലൂടെ റിക്രൂട്ട് മെന്റ് നടത്തിയിരുന്നു മലയാളികൾ സഹായിച്ചിട്ടുണ്ടായിരുന്നു, അവരുടെ വീടുകളിൽ രഹസ്യ അറകൾ ഉണ്ട് തുടങ്ങി നിരവധി അഭ്യൂഹങ്ങൾ… നാഴികയ്ക്ക് നാല്പതുവട്ടം തങ്ങൾ സംഘ് പരിവാറിനെതിരാണെന്നും സർവ്വോപരി പൊതുബോധ ഭാഷ്യങ്ങൾ ഏറ്റെടുക്കാറില്ലെന്നും നിലവിളിക്കുന്ന മാധ്യമങ്ങൾ പോലും ഈ അഭ്യൂഹങ്ങൾ ഏറ്റു പാടി .

ഇടതു സർക്കാർ അതിതീവ്ര മുസ്‌ലിം ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന നയ സമീപനം സ്വീകരിക്കുന്നു എന്ന അഥവാ എൻ ഐ എ എന്ന സംഘ് എജൻസി പറയുന്നതെല്ലാം ശരിയാണെന്ന വാദവുമായെത്തിയ , കേന്ദ്രത്തിനും കേരളത്തിനും പിഴവ് പറ്റി എന്ന വാദവുമായെത്തിയ കോൺഗ്രസ് പ്രതിനിധികൾക്ക്, നാറാത്ത്‌ കേസിലടക്കം പച്ച നുണ പറഞ്ഞെത്തിയ കോൺഗ്രസ് പ്രതിനിധികൾക്ക് ഗംഭീര അവസരം നൽകി ഒരിടപെടലും നടത്താതെ നിശബ്ദമായി കേട്ടിരുന്ന മീഡിയാവൺ വാർത്താവതാരകർ എന്താണ് കേരളത്തോട് പറയുന്ന രാഷ്ട്രീയം …? കഴിഞ്ഞ നാല് ദിവസങ്ങളായി മലയാള മാധ്യമങ്ങൾ സകലതും പടർത്തി വിട്ടു കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയിൽ നിന്ന് എന്ത് വേറിട്ട സമീപനമാണ് മീഡിയാ വണ്ണും മാധ്യമവും സ്വീകരിക്കുന്നത് ? മുഖ്യധാരാ മാധ്യമങ്ങളും കോൺഗ്രസടക്കമുള്ള മുഖ്യധാരാ പാർട്ടികളും ചേർന്ന് പൊതുബോധത്തെ ആഞ്ഞു പുൽകിയ ഇസ്‌ലാമോ ഫോബിയയ്ക്ക് സഹായം ചെയ്തു കൊടുത്തു എന്നല്ലാതെ മീഡിയാ വണ്ണും മാധ്യമവും എന്ത് വിപ്ലവ പ്രവർത്തനം ആണ് ഈ വിഷയത്തിൽ നടത്തിയത്?

മുസ്ലീങ്ങളുടെ പൗരത്വത്തെ റദ്ദ് ചെയ്യാൻ നിയമം ഉണ്ടാക്കിയ സംഘ് പരിവാർ ഭരിക്കുന്ന ഇന്ത്യയാണിത് അവരുടെ പോലീസ് മുസ്‌ലിം ചെറുപ്പക്കാരുടെ കഴുത്തിന് പിടിച്ച് അൽഖ്വയ്ദ എന്നും ഐ എസു മെന്നൊക്കെ വിളിച്ച് അട്ടഹസിക്കുമ്പോൾ സാമാന്യ ബോധമില്ലാതെ കൂടെ അട്ടഹസിക്കുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയം അത്ര നിസാരമല്ല എന്ന് പറയാതെ വയ്യ…. അതി നിർണ്ണായക രാഷ്ട്രീയ സാഹചര്യത്തിൽ കൂറ് മാറുകയോ മയപ്പെട്ടു കൊടുക്കുകയോ ചെയ്യുന്ന രാഷ്ട്രീയത്തിന്റെ പേര് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയമെന്നല്ല ഒത്തുതീർപ്പിന്റെ രാഷ്ട്രീയമെന്നാണ്…