കോവിഡ് കാലമായതു കൊണ്ടാണ് അല്ലെങ്കിൽ ഞാൻ എന്റെ ഇക്കയെ പുറത്തിറക്കണം എന്നാവശ്യപ്പെട്ട് പാർലമെന്റ്‌ പടിക്കൽ പോയിരുന്നേനേ

83

Sreeja Neyyattinkara

“കോവിഡ് കാലമായതു കൊണ്ടാണ് അല്ലെങ്കിൽ ഞാൻ എന്റെ ഇക്കയെ പുറത്തിറക്കണം എന്നാവശ്യപ്പെട്ട് പാർലമെന്റ്‌ പടിക്കൽ പോയിരുന്നേനേ”…. കനലെരിയും പെണ്ണിന്റെ വാക്കുകൾ.കുറച്ചു ദിവസങ്ങളായി ഞാൻ ഇടയ്ക്കിടെ ഒരു സ്ത്രീയുമായി ഫോണിൽ സംസാരിക്കുകയാണ്…. നാലാം തീയതി മുതൽ നെഞ്ചിൽ കനലെരിയുന്ന വേപഥുവുമായി ജീവിക്കുന്ന ഒരു സ്ത്രീ….
സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്. ❤️

ഉത്തർ പ്രദേശിലെ ഹത്രാസിൽ സവർണ്ണർ ദലിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയും അവളുടെ നാവരിഞ്ഞും നട്ടെല്ല് തകർത്തും അതിദാരുണമായി കൊന്നു കളയുകയും ചെയ്ത സംഭവത്തെ തുടർന്ന് അവളുടെ വീട് സന്ദർശിച്ച് വാർത്തയെഴുതാൻ പോയ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ യു പി പോലീസിനാൽ അറസ്റ്റു ചെയ്യപ്പെട്ട് ഇപ്പോൾ ജയിലിലാണ് … അതറിഞ്ഞത് മുതൽ തീ തിന്ന്‌ ജീവിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും.

യോഗീ ഭരണകൂടം പോലീസിനെ ഉപയോഗിച്ച് ഹത്രാസിലേക്കുള്ള വഴി അടച്ചപ്പോൾ അത് തുറക്കാനുള്ള പോരാട്ടം നടത്തിയത് കോൺഗ്രസ് നേതാവും വായനാട് എം പിയുമായ രാഹുൽ ഗാന്ധിയും ഒപ്പം പ്രിയങ്കാ ഗാന്ധിയുമായിരുന്നു… ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള നീതിബോധമുള്ള മുഴുവൻ ഇന്ത്യക്കാരും കക്ഷിരാഷ്ട്രീയ ഭേദമന്യേ രാഹുലിന്റെയും പ്രിയങ്കയുടെയും യോഗീ സർക്കാരിനെതിരെയുള്ള പോരാട്ടത്തെ പിന്തുണച്ചു …. പോരാട്ടങ്ങൾക്ക് മുന്നിൽ തുറക്കപ്പെട്ട വഴിയിലൂടെയാണ് സിദ്ധിഖും സുഹൃത്തുക്കളും ഹത്രാസിലേക്ക് പോയതും… എന്നാൽ യാത്രാമധ്യേ യോഗീ പോലീസ് അവരെ അറസ്റ്റു ചെയ്യുകയും തുടർന്ന് ഭീകരനിയമങ്ങൾ ചാർത്തി ജയിലിലടയ്ക്കുകയും ചെയ്തു… പക്ഷേ ആ അറസ്റ്റിനെതിരെ രാഹുലോ പ്രിയങ്കയോ ഈ നിമിഷം വരെ ഒരക്ഷരം ഉരിയാടിയിട്ടില്ല…. യോഗിയുടെ മാധ്യമ വേട്ട മാത്രമല്ലിത് മുസ്‌ലിം വേട്ട കൂടെയാണ് ഇതിനെതിരെ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ മുഴുവൻ മൗനം പാലിക്കുകയാണ്.

സിദ്ദിഖിനൊരുമ്മയുണ്ട് തൊണ്ണൂറു കഴിയുന്നു പ്രായം … അവർ മകനെ ചോദിച്ചു കൊണ്ടേയിരിക്കുന്നു… എന്താ അവൻ വിളിക്കാത്തത് എന്ന് നിരന്തരം ചോദിക്കുന്നു… സിദ്ദിഖിന് മൂന്ന് മക്കളുണ്ട് അവരേയും ചേർത്ത് പിടിച്ച് റൈഹാനത്ത് ഹൃദയ. വിങ്ങലോടെ നീതി ചോദിക്കുകയാണ്.രക്തദാഹിയായ യോഗീ ആദിത്യനാഥ് എന്ന ഭരണാധികാരി എത്രയെത്ര ദലിത് – മുസ്‌ലിം സ്ത്രീകളുടെ കണ്ണുനീരിനാണ് നിരന്തരം ഹേതുവായിക്കൊണ്ടിരിക്കുന്നത്… ഈ മഹാ അപരാധിക്ക് കാലം കരുതി വച്ചിട്ടുള്ള ശിക്ഷ അതികഠിനമായിരിക്കും എന്ന് പറയാതെ വയ്യ.

ഞങ്ങൾ കുറച്ചു ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും ഫെമിനിസ്റ്റുകളും മാധ്യമ പ്രവർത്തക രും ഒക്കെ ചേർന്ന് സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി ഒരു ഐക്യദാർഢ്യ സമിതി രൂപീകരിച്ചിട്ടുണ്ട്…. നീതിബോധമുള്ള ആർക്കും അതിന്റെ ഇടപെടലുകളിൽ പങ്കാളികളാകാം.