Sreeja Neyyattinkara എഴുതുന്നു
സുരേന്ദ്രൻ താങ്കൾക്കറിയുമോ എന്റെ മകൾക്ക് ഇപ്പോൾ 12 വയസാണ്… കേവലം 9 വയസ്സുള്ളപ്പോഴാണ് ആദ്യമായി അവൾ നിങ്ങളുടെ അണികളുടെ സൈബർ വേട്ടയ്ക്കിരയാകുന്നത് ഞാൻ ഫേസ്ബുക്കിലിട്ട എന്റെ കുഞ്ഞിന്റെ ഫോട്ടോയ്ക്ക് പുറത്ത് പച്ച അശ്ലീലം എഴുതി പ്രചരിപ്പിച്ചത് താങ്കളുടെ അണികളാണ് … അനവധി തവണ എന്റെ രാഷ്ട്രീയ നിലപാടിന്റെ പേരിൽ എന്റെ സ്വത്വം മാത്രമല്ല എന്റെ പെൺ കുഞ്ഞിന്റെ സ്വത്വവും ക്രൂരമായി താങ്കളുടെ അണികളാൽ വേട്ടയാടപ്പെട്ടിട്ടുണ്ട് …. അപ്പോഴൊക്കെ പൊള്ളിയടർന്നിട്ടുള്ള എനിക്ക് അതിജീവന ശേഷി പകർന്നത് എന്റെ ഉറച്ച രാഷ്ട്രീയ നിലപാടുകൾ തന്നെയായിരുന്നു… ഇത് എന്റെ മാത്രം അനുഭവമല്ല നിരവധി സ്ത്രീകളേയും പെൺകുട്ടിളേയും താങ്കളുടെ അണികൾ ഇത്തരത്തിൽ ദ്രോഹിച്ചിട്ടുണ്ട്…. അപ്പോഴൊക്കെയും മൗനം പാലിച്ച നേതാവാണ് താങ്കൾ… അഥവാ താങ്കളും കൂട്ടരും വളർത്തിയെടുത്ത രാഷ്ട്രീയം ഇന്ന് താങ്കൾക്ക് മുന്നിൽ പല്ലിളിച്ചു നിൽക്കുന്നു എന്ന് സാരം.
താങ്കളുടെ ഈ പുഞ്ചിരിക്കുന്ന പെൺകുട്ടിയുടെ ഫോട്ടോയ്ക്ക് താഴെ അശ്ലീലം എഴുതിയിരിക്കുന്നത് കണ്ടപ്പോൾ ഹൃദയം നൊന്തത് ഞാൻ ഒരു സ്വത്വ ബോധമുള്ള സ്ത്രീയായത് കൊണ്ടാണ് …. അങ്ങനൊരു നീച കമന്റ് എഴുതിയത് ആരായാലും അത് ഒർജിനൽ ആയാലും ഫേക്ക് ആയാലും അയാളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം…. അർഹമായ ശിക്ഷ ഉറപ്പാക്കണം…. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന നേതാവിന് അതിനു ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല… അതിനു താങ്കൾ തയ്യാറാകുന്നതോടൊപ്പം താങ്കളുടെ അണികളാൽ മുറിവേറ്റ സ്ത്രീകളോടും പെൺ കുട്ടികളോടും താങ്കൾ മാപ്പ് പറയാൻ കൂടെ തയ്യാറാകണം അല്ലാത്തപക്ഷം കാലം താങ്കൾക്ക് മാപ്പ് നൽകില്ല.