ഫാസിസത്തിന്റെ കാലുകഴുകി വെള്ളം കുടിക്കുന്ന ആന്റണിമാർ

54

Sreeja Neyyattinkara യുടെ കുറിപ്പ്

“രാമക്ഷേത്രത്തെ എതിർക്കുന്ന ഇന്ത്യയിൽ ആരാ ഉള്ളത് മുസ്ലീങ്ങൾ പോലും എതിർക്കുന്നില്ലല്ലോ ആരെതിർക്കുന്നു” . ഏഷ്യാനെറ്റിൽ സിന്ധു സൂര്യകുമാർ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുമായി നടത്തിയ സംഭാഷണത്തിനിടയിൽ ആന്റണി പറയുന്നതാണ് .

ഇന്ത്യൻ മുസ്ലീങ്ങളുടെ മാത്രമല്ല ഇന്ത്യയിലെ ഓരോ മതേതര വിശ്വാസിയുടേയും ആത്മാഭിമാനത്തെ വെല്ലുവിളിച്ചു കൊണ്ട് മുറിവേൽപ്പിച്ചു കൊണ്ടാണ് ബാബരി ഭൂമിയിൽ രാമക്ഷേത്രം ഉയരുന്നത്. ആത്മാഭിമാനമുള്ള ഒരു ജനാധിപത്യ വിശ്വാസിയും അതിനെ അനുകൂലിക്കുന്നില്ല .അങ്ങനെയൊരു വിഷയത്തിൽ മുസ്ലീങ്ങൾക്ക് പോലും എതിർപ്പില്ല എന്ന് പറഞ്ഞു എന്ത് കൂളായിട്ടാണ് ആന്റണി ഒരു കൊടും അനീതിയെ നോർമലൈസ് ചെയ്യുന്നത്.

അത്ഭുതമൊന്നുമില്ല ബാബരി ഭൂമിയിൽ രാമക്ഷേത്രം എന്ന കൊടും അനീതിക്ക് കല്ലിടുമ്പോൾ തങ്ങളെ ക്ഷണിച്ചില്ല എന്ന് ആർ എസ് എസിനോട് പരിഭവം പറഞ്ഞ കോൺഗ്രസ്, ക്ഷേത്ര നിർമ്മാണത്തിന് കല്ലും ഫണ്ടും സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന കോൺഗ്രസ് . ആ കോൺഗ്രസിന്റെ നേതാവ് ഇങ്ങനെ പറയുന്നതിൽ ഒരത്ഭുതവുമില്ല.

സംഘ് പരിവാർ അജണ്ടകൾക്ക് കോടതി വിധിയുടെ ശക്തി കൂടെ ഉണ്ടായാൽ ആ അജണ്ടയ്ക്ക് മുന്നിൽ രാജിയായിക്കൊണ്ട് ഹിന്ദുത്വയെ സഹായിക്കുന്ന യു ഡി എഫ് തന്നെയാണ് ഫാസിസത്തിന് ‘ബദൽ’ … നാളെ പൗരത്വ ഭേദഗതി കോടതി അംഗീകരിച്ചാൽ അതിനു മുന്നിലും റാൻ മൂളാൻ ഇവറ്റകൾ ജനങ്ങളോട് പറയും മുസ്‌ലിം ലീഗ് അത് പറഞ്ഞു കഴിയുകയും ചെയ്തു..മികച്ച ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ്.

**

കോൺഗ്രസിനെ ജയിപ്പിച്ചില്ലെങ്കിൽ കോൺഗ്രസ് ബി ജെ പിയിലേക്ക് പോകും എന്നാണ് ചിലർ പറയുന്നത്.. കോൺഗ്രസ് നേതാക്കൾ പോലും പറയുന്നുണ്ട് കോൺഗ്രസ് പരാജയപ്പെട്ടാൽ അണികൾ ബി ജെ പിയിലേക്ക് പോകും എന്ന്.കേരളത്തിന്റെ അവസ്ഥ ഒന്നോർത്തു നോക്കൂ ഒരു മതേതര പാർട്ടിയായ കോൺഗ്രസിൽ നിന്ന് ബി ജെ പിയിലേക്ക് പാലായനം ചെയ്യാൻ തുനിഞ്ഞിറങ്ങുന്നവരെ അയ്യോ പോകല്ലേ പോകല്ലേ എന്ന്.വിളിച്ചു കോൺഗ്രസിൽ ഉറപ്പിച്ചു നിർത്താനുള്ള ഉത്തരവാദിത്തം ജനങ്ങൾ ഏറ്റെടുക്കണമത്രെ… അതിനേക്കാൾ ഹീനമായ രാഷ്ട്രീയം മറ്റെന്തുണ്ട്…. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഭവിച്ചതെന്താണ്.. പരാജയപ്പെട്ടവരല്ല ബി ജെ പിയിലേക്ക് ഒഴുകിയത് … വിജയിപ്പിച്ചു വിട്ട നൂറു കണക്കിന് ജനപ്രതിനിധികളാണ് ബി ജെ പി പാളയത്തിലെത്തിയത് …

അങ്ങനെയാണ് കോൺഗ്രസ് നാല് സംസ്ഥാനങ്ങളിൽ മാത്രമായി ചുരുങ്ങിയത്… വിജയിച്ചാലും പരാജയപ്പെട്ടാലും ബി ജെ പി പാളയത്തിലെത്തുന്ന കോൺഗ്രസുകാരെ എങ്ങനെയാണ് ഈ അതി നിർണ്ണായക രാഷ്ട്രീയ സാഹചര്യത്തിൽ വിശ്വസിക്കുക … കേരളത്തിൽ 35 എം എൽ എ മാർ ഉണ്ടായാൽ മതി ഞങ്ങൾക്ക് ഭരണം പിടിക്കാൻ എന്ന് പറഞ്ഞത് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് … അങ്ങനെ പറയാൻ അയാൾക്ക് ധൈര്യം നൽകുന്നത് കോൺഗ്രസ് അല്ലാതെ മറ്റാരാണ് .കോൺഗ്രസ് നശിക്കാൻ പാടില്ല എന്ന് ആദ്യം തീരുമാനം എടുക്കേണ്ടതും അതിനു വേണ്ടി പ്രവർത്തിക്കേണ്ടതും കോൺഗ്രസ് തന്നെയാണ് .ആചാര ലംഘകരെ ജയിലിലടയ്ക്കാൻ നിയമം ഉണ്ടാക്കി കേരളത്തെ സവർണ്ണ ഭീകരതയ്ക്ക് കാഴ്ച വച്ച് നവോത്ഥാനത്തിന് മുൻപുള്ള കെട്ട കാലത്തേക്ക് നയിക്കാൻ തുനിഞ്ഞിറങ്ങിയ കോൺഗ്രസിനെ എങ്ങനെ വിശ്വസിക്കും ?