Sreeja Neyyattinkara യുടെ കുറിപ്പ് വായിക്കാം
“രാജ്യത്ത് ബി ജെ പിയെ നേരിടാൻ കോൺഗ്രസിനേ കഴിയൂ സി പി എം മുക്ത ഭാരതം എന്ന് നരേന്ദ്ര മോദി പറയാറില്ല”…രാഹുൽ ഗാന്ധി
തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയ രാഹുൽ ഗാന്ധി മനോരമ ന്യൂസിനോട് പറഞ്ഞതും ജനങ്ങളോട് പ്രസംഗിച്ചതുമായ വാക്കുകളാണ് മുകളിൽ…. മറ്റേതെങ്കിലും കോൺഗ്രസ് നേതാക്കളാണ് ഇത് പറഞ്ഞിരുന്നെങ്കിൽ അത്‌ഭുതമില്ലായിരുന്നു…. എന്നാൽ കാര്യങ്ങൾ കൃത്യമായി പഠിച്ചു വിലയിരുത്തി സംസാരിക്കുന്ന ഒരു നേതാവാണ് രാഹുൽ ഗാന്ധി എന്നാണ് എന്റെ ബോധ്യം അതുകൊണ്ടാണ് രാഹുൽ ഗാന്ധി പറഞ്ഞ വാചകങ്ങളിലെ സത്യസന്ധതയില്ലായ്മ ചൂണ്ടിക്കാണിക്കേണ്ടി വരുന്നത്.കോൺഗ്രസ് സംഘ് പരിവാറിന്റെ പ്രത്യയ ശാസ്ത്ര ശത്രുവല്ല തങ്ങളുടെ രാഷ്ട്രീയ എതിരാളി മാത്രമാണ് .. സ്വാഭാവികമായി ഏതൊരു രാഷ്ട്രീയ പാർട്ടിയും തങ്ങളുടെ എതിരാളിയെ പ്രതിരോധിക്കും പോലെ സംഘ് പരിവാർ കോൺഗ്രസിനേയും പ്രതിരോധിക്കും…. ലക്‌ഷ്യം രാഷ്ട്രീയ അധികാരം മാത്രമാണ്.
പ്രത്യയ ശാസ്ത്ര ശത്രു എന്നാൽ അങ്ങനെയല്ല ലക്‌ഷ്യം ഉന്മൂലനമാണ് അങ്ങനെ ഉന്മൂലനം ചെയ്യപ്പെടേണ്ട വിഭാഗമാണ് കമ്മ്യൂണിസ്റ്റുകാർ എന്ന് എഴുതി വച്ച അതിനു വേണ്ടി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടരോടാണ് രാഹുൽഗാന്ധി ചോദിക്കുന്നത് സി പി എം മുക്ത ഭാരതം എന്ന് മോദി പറയുന്നില്ലല്ലോ എന്ന്.. അധികാരത്തിന് തടസം നിൽക്കുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ് എന്ന ഒറ്റക്കാരണം കൊണ്ടാണ് കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രവാക്യം ബി ജെ പി ഉയർത്തിയത്
… ഇതൊന്നും രാഹുൽ ഗാന്ധിക്ക് അറിയാത്തതല്ല … ഗോവിന്ദ് പൻസാരയെ, കൽബുർഗിയെ, നരേന്ദ്ര ധാബോൽക്കറെ ഒക്കെ കൊല്ലാൻ സംഘ് പരിവാറിനെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു എന്നും രാഹുൽ ഗാന്ധിക്കറിയാം.. കേരളത്തിലെ ഇടതു ഭരണകൂടത്തെ തകർക്കാൻ കേന്ദ്രസേനയെ കൊണ്ട് പഠിച്ച പണി പതിനെട്ടും പയറ്റിയ സംഘ് പരിവാറിനെ രാഹുൽ ഗാന്ധി എന്ന കോൺഗ്രസുകാരൻ അഥവാ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ എതിരാളി കാണണ്ട .. എന്നാൽ കമ്മ്യൂണിസ്റ്റ് വംശഹത്യ ലക്‌ഷ്യം.വച്ച സംഘ് പരിവാറിനെ രാഹുൽ എന്ന ഫാസിസ്റ്റ് വിരുദ്ധ നേതാവ് കാണാതെ പോകുന്നതിൽ അങ്ങേയറ്റം പ്രശ്നമുണ്ട് …. രാഷ്ട്രീയ സത്യസന്ധത എന്നൊന്നുണ്ടായിരുന്നെങ്കിൽ ഒരിക്കലും സി പി എം മുക്ത ഭാരതം എന്ന് മോദി പറയുന്നില്ല എന്ന വിഡ്ഢിത്തം രാഹുൽ എഴുന്നള്ളിക്കില്ലായിരുന്നു…
തുടർന്ന് രാജ്യത്ത് ബി ജെ പിയെ നേരിടാൻ കോൺഗ്രസിനേ കഴിയൂ എന്ന് രാഹുൽ ഗാന്ധി പറയുന്നു 😊 അങ്ങനെ നേരിട്ട് നേരിട്ടാണ് ഈ രാജ്യം ഈ ഗതിയിൽ എത്തിയതും കോൺഗ്രസുകാർ കൂട്ടം കൂട്ടമായി തന്നെ ബി ജെ പിക്കുള്ളിൽ എത്തിക്കൊണ്ടിരിക്കുന്നതും …കോൺഗ്രസിൽ നിന്ന് ബി ജെ പിയിലേക്കൊഴുകുന്ന കോൺഗ്രസുകാരെ പോലും നിയന്ത്രിക്കാനാകാത്ത കോൺഗ്രസിന് എങ്ങനെയാണ് ബി ജെ പിയെ നേരിടാൻ കഴിയുന്നത്…? നെഹ്‌റുവിനെ പോലും മറന്ന കോൺഗ്രസിന് ഡ്യൂപ്ലിക്കേറ്റ് ഹിന്ദുത്വ അജണ്ടകൾ അല്ലാതെ വേറെ എന്തുണ്ട് ബി ജെ പിയെ നേരിടാൻ ? രാഹുൽ ഗാന്ധിയുടെ സ്വന്തം കോൺഗ്രസ് പാർട്ടിയിൽ നിന്ന് എത്ര നേതാക്കളും ജനപ്രതിനിധികളുമാണ് ബി ജെ പിയിൽ എത്തിയതെന്ന കൃത്യമായ കണക്കുണ്ടോ …? ഇതൊക്കെയാണോ ബി ജെ പിയെ നേരിട്ട കോൺഗ്രസ് തെളിവുകൾ …
രാഹുൽ ഗാന്ധി ഉൾപ്പെടുന്ന 19 എണ്ണത്തെ കേരളത്തിൽ നിന്ന് ബി ജെ പിയെ നേരിടാൻ ഇന്ത്യൻ പാർലമെന്റിലേക്ക് പറഞ്ഞയച്ചിട്ട് എന്തായി ? അവിടെ നിന്നൊരൊണ്ണം ഓടി വന്നിപ്പോൾ നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട് താനും… ബി ജെ പി. യുടെ ഹിന്ദുത്വ അജണ്ടകൾക്ക് ശക്തി പകരാനല്ലാതെ എന്തിനെങ്കിലും എതെങ്കിലും ഒരു വിഷയത്തിലെങ്കിലും ഫാസിസത്തിനെതിരെ പ്രതിരോധ ശക്തിയാകാൻ കോൺഗ്രസിനിതു വരെ കഴിഞ്ഞിട്ടുണ്ടോ? ബി ജെ പിയെ കോൺഗ്രസ് നേരിട്ടതുകൊണ്ടാണല്ലേ നിങ്ങൾക്ക് ബാബരി ഭൂമിയിൽ ഉയരുന്ന രാമക്ഷേത്രത്തിനൊപ്പം നിൽക്കാൻ കഴിയുന്നത്? ക്ഷേത്രത്തിന് കല്ലും പണവും സമ്മാനിക്കാൻ കഴിയുന്നത്?
കോൺഗ്രസാണ് ബി ജെ പി യുടെ ബദൽ എന്ന് പ്രസംഗിച്ചു നടക്കുന്ന രാഹുലിന് യു പി പോലീസ് അറസ്റ്റു ചെയ്ത, കോൺഗ്രസ് തന്നെ ബി ജെ പിക്ക് സംഭാവന ചെയ്ത യു എ പി എ നിയമം ചാർത്തപ്പെട്ട മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ കുറിച്ച് മിണ്ടാനെങ്കിലും ധൈര്യം ഉണ്ടോ? ആറു മാസമായി ഹിന്ദുത്വ തീവ്രവാദി യോഗിയുടെ തടങ്കൽ പാളയത്തിൽ കഴിയുന്ന ആ മനുഷ്യന് വേണ്ടി നിങ്ങൾ ചെറു വിരലനക്കിയോ? യു പി യുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി ഇടപെടും എന്ന് രാഹുൽ ഗാന്ധി വാക്കു കൊടുത്തത് സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്തിനാണ് എന്തെങ്കിലും ഇടപെടൽ ഈ നിമിഷം വരെ പ്രിയങ്ക നടത്തിയോ …? എന്നാൽ യു പിയിലെ പശുക്കളെ സംരക്ഷിക്കാൻ പ്രിയങ്ക മുന്നോട്ടു വന്നു താനും…
സ്ത്രീ പക്ഷ പുരോഗമന രാഷ്ട്രീയമുള്ള നേതാക്കളാണല്ലോ പ്രിയങ്കയും രാഹുലും ഹിന്ദുത്വ സവർണ്ണ പ്രത്യയ ശാസ്ത്രത്തെ പുൽകുന്ന ബി ജെ പിയെ ആചാര ലംഘകരെ ജയിലിലിടുന്ന നിയമം ഉണ്ടാക്കി നേരിടുന്ന കോൺഗ്രസ് മികച്ച ഒരിതാണ്….ഇതൊക്കെ മുന്നിലുള്ളപ്പോൾ ബി ജെ പിയെ നേരിടാൻ കോൺഗ്രസിനേ കഴിയൂ എന്നൊക്കെ പറയുന്നത് വൻ കോമഡിയല്ലേ രാഹുൽ ഗാന്ധി!? സംഘ് പരിവാർ ഉന്മൂലനം ലക്‌ഷ്യം വയ്ക്കുന്ന അവരുടെ പ്രത്യയ ശാസ്ത്ര ശത്രുക്കൾക്കൊപ്പം രാഹുൽ ഗാന്ധി നിൽക്കണ്ട എന്നാൽ സമൂഹത്തിൽ തെറ്റിദ്ധാരണ പടർത്തും വിധം കാര്യങ്ങളെ വളച്ചൊടിക്കരുത്.. മുസ്‌ലിം – ക്രിസ്ത്യൻ – കമ്മ്യൂണിസ്റ്റ് മുക്ത ഭാരതം ആണ് സംഘ് പരിവാറിന്റെ യഥാർത്ഥ ലക്‌ഷ്യം ആ ലക്ഷ്യത്തെ കണ്ടില്ലെന്നു നടിക്കുന്നത് ആരായാലും അത് ഫാസിസത്തിന് ചെയ്തുകൊടുക്കുന്ന സഹായം തന്നെയാണ്…. രാഹുൽ ഗാന്ധിയെ പോലൊരാൾ അതിന് മുതിരരുത് … അത് രാഷ്ട്രീയ തെറ്റാണ്.