നീയൊക്കെ സ്വന്തം മക്കളോടിങ്ങനെ ചെയ്യുമോ…?

39

Arun Somanathan

 

പൈനാപ്പിളിനുള്ളിൽ സ്‌ഫോടക വസ്തു നിറച്ചു വച്ച് ആനയ്ക്ക് നൽകുക…. എത്ര വികലവും ദയാരഹിതവുമാണ് ചില മനുഷ്യ ഹൃദയങ്ങൾ. നീയൊക്കെ സ്വന്തം മക്കളോടിങ്ങനെ ചെയ്യുമോ…?ആർത്തിയോടെ ആ പൈനാപ്പിൾ കഴിച്ച ആ പിടിയാനയുടെ വായ്ക്കുള്ളിൽ വച്ച് സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുക… വായ്ക്കുള്ളിലെ വൃണങ്ങൾ പേറുന്ന അസഹനീയമായ വേദനയും പേറി ഒന്നും കഴിക്കാനാകാതെ അവൾ നടക്കുക… ഒടുവിൽ വൃണങ്ങളിൽ പുഴുവും ഈച്ചയും അരിച്ചു തുടങ്ങിയപ്പോൾ അവൾ അഭയം തേടിയത് പുഴയെയാണ്… പുഴവെള്ളത്തിൽ വായ പൂഴ്ത്തിവച്ച് ഏറെ നേരം നിന്നു…. രക്ഷാപ്രവർത്തനത്തിനെത്തിയവർ പഠിച്ച പണിയത്രയും നോക്കിയിട്ടും അവൾ പുഴയിൽ നിന്ന് കയറാൻ കൂട്ടാക്കിയില്ല…. ഒടുവിൽ നിന്ന നില്പിലവൾ ചരിഞ്ഞു….
ശ്വാസകോശത്തിൽ വെള്ളം കയറിയാണവൾ മരിച്ചത് എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്… അതേ റിപ്പോർട്ട് തന്നെ പറയുന്നു അവൾ ഗർഭിണി ആയിരുന്നെന്നും😢സെക്കന്റുകൾ മാത്രം സോപ്പ് വെള്ളത്തിൽ കഴുകിയാൽ നശിച്ചു പോകുന്ന ഒരു വൈറസിന് മുന്നിൽ ഈ ലോകത്തെ സകല മനുഷ്യരും അന്തം വിട്ടു നിന്നിട്ട് പോലും കരുണയുടെ ഒരു തുള്ളി പോലും മനുഷ്യരേ നിന്റെയൊക്കെ ഹൃദയത്തിൽ അവശേഷിക്കുന്നില്ലല്ലോ.കാലത്തിന്റെ കണക്കു പുസ്തകത്തിൽ ഈ ദ്രോഹ പ്രവർത്തനം ചെയ്ത ദുഷ്‌ട മനുഷ്യാ നിനക്ക് തീർച്ചയായും ഇടമുണ്ടായിരിക്കും..


“മൃഗീയം” എന്നവാക്ക് ക്രൂരതകളെ വർണ്ണിക്കാനായ് നാം ഉപയോഗിക്കുന്നത് നിർത്തേണ്ട സമയം കഴിഞ്ഞു. ഒരു മൃഗത്തിനും ക്രൂരതയിൽ മനുഷ്യനൊപ്പം താഴാനാവില്ലെന്നിരിക്കേ, വിശക്കാതെയോ മറ്റ് ചില ജൈവികചോദനകളാലോ അല്ലാതെ ഒരു മൃഗവും തമാശയ്ക്ക് വേണ്ടി ഹിംസ ചെയ്യില്ലെന്നിരിക്കേ നാം “മൃഗീയം” എന്ന വാക്കിനിയും ക്രൂരതയ്ക്ക് പര്യായമായ് ഉപയോഗിക്കുന്നതുതന്നെ വലിയ വിരോധാഭാസമാണ്. അത്തരം ഒരു അധമമാനുഷിക പ്രവർത്തിയുടെ ഉദാഹരണം കഴിഞ്ഞ ബുധനാഴ്ച, അങ്ങേയറ്റം പുരോഗമനസമൂഹമെന്ന് നടിക്കുന്ന നമ്മുടെ ഈ കേരളത്തിൽ, മലപ്പുറത്ത് അരങ്ങേറി.. നെഞ്ചിലൊരു കനപ്പോടെയല്ലാതെ ആ വാർത്ത വായിക്കാനാവില്ല..

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മോഹനകൃഷ്ണന്റ് ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഈ ദാരുണ സംഭവം കുറച്ചുപേരെങ്കിലും അറിഞ്ഞത്.. ഇത് വെറുമൊരു ആനക്കഥയല്ലാത്തതുകൊണ്ടും നമ്മുടെ പുരോഗമന നാട്യങ്ങളുടെയിടയിൽ മനുഷ്യസമൂഹം എന്ന നിലയിൽ എത്രമാത്രം നാം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന ഓർമ്മപ്പെടുത്തലിനായും മാത്രം അദ്ദേഹത്തിന്റ് വാക്കുകൾ ഷെയർ ചെയ്യുന്നു… മനക്കട്ടിയുള്ളവർ മാത്രം വായിക്കുക.
“മാപ്പ്… സഹോദരീ .. മാപ്പ് …

അവൾ ആ കാടിന്റെ പൊന്നോമനയായിരുന്നിരിക്കണം. അതിലുപരി അവൾ അതിസുന്ദരിയും സൽസ്വഭാവിയും നന്മയുളളവളും ആയിരിക്കണം. അതുകൊണ്ടാണല്ലോ ചെറുപ്രായത്തിൽ തന്നെ അവിടത്തെ ആണാനകളുടെ സ്നേഹ പരിലാളനകൾക്ക് അവൾ പാത്രമായത് .തന്റെ അകകാമ്പിലെവിടെയോ അനുഭവപ്പെട്ട തലമുറ മാറ്റത്തിന്റെ ചെറിയ അനക്കങ്ങളും ശാരീരികപൂർണ്ണതയിലെ മാറ്റങ്ങളും അവൾക്ക് ആരോഗ്യവതിയായിരിക്കേണ്ടതിന്റെ സൂചനകൾ നൽകിയിരിക്കണം. അതാണ് അവൾ ഭക്ഷണം തേടി കാടായി കിടക്കുന്ന നാട്ടിലേക്കിറങ്ങി വന്നത്. പക്ഷെ അവിടെ സ്വാർത്ഥനായ മനുഷ്യൻ എന്തിനും തയ്യാറായി നിൽക്കുന്നത് അവൾ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാൽ തന്നെ ഇരട്ട ജീവനുമായി നടക്കുന്ന തന്നെ ഒഴിവാക്കും എന്ന് അവൾ കരുതി കാണും. അവൾ എല്ലാരെയും വിശ്വസിച്ചു. ഭക്ഷണമായി കഴിച്ച പൈനാപ്പിളോ മറ്റേതോ പഴമോ പടക്കത്തിന്റെ രൂപത്തിൽ പൊട്ടിതെറിച്ചപ്പോൾ അവൾ ഞെട്ടിയത് തന്നേ കുറിച്ചോർത്തായിരിക്കില്ല. പതിനെട്ടോ ഇരുപതോ മാസങ്ങൾക്കു ശേഷമുണ്ടാകാൻ പോകുന്ന പുതു പിറവിയെ കുറിച്ചോർ ത്തായിരിക്കും.

പടക്കത്തിന്റെ ഗാംഭീര്യത്തിൽ വായും നാവും തകർന്ന അവൾ ഭക്ഷണം കഴിക്കാനാകാതെ വിശന്ന് അവിടമാകെ ഓടി നടന്നു. തന്റെ വിശപ്പിനെക്കാളധികം അവളെ വേവലാതിപ്പെടുത്തിയത് അകകാമ്പിലെ ഇളക്കത്തിന്റെ ആരോഗ്യമായിരിക്കും. ഭക്ഷണം തേടി ആ ഗ്രാമത്തിലെ വീടുകൾക്കിടയിലൂടെ പ്രാണവേദനയോടെ ഓടിയപ്പോഴും ഒരു മനുഷ്യ ജീവിയെപ്പോലും അവൾ ഉപദ്രവിച്ചില്ല. ഒരു വിടു പോലും അവൾ തകർത്തില്ല. അതാ തുടക്കത്തിൽ അവൾ നന്മയുള്ളവളാണ് എന്ന് ഞാൻ പറഞ്ഞത്. സൂരജും ജോളിയും ശരണ്യയും ഒക്കെ ഉള്ളത് നമുക്കിടയിലാണല്ലോ.

ഞാൻ അവളെ കാണുമ്പോൾ അവൾ വെള്ളിയാർ പുഴയിൽ മുഖവും തുമ്പിയും താഴ്ത്തി നിൽക്കുകയാണ്. വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി … മുഖത്തെ മുറിവിൽ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവൾ വെള്ളത്തിൽ തല താഴ്ത്തി നിന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്ന നിലക്ക് അവളെ കരക്ക് കയറ്റി ചികിൽസ നൽകേണ്ടത് ഞങ്ങളുടെ കടമയാണ്. കഴിവും തന്റേടവുമുള്ള ഞങ്ങളുടെ മേലുദ്യോഗസ്ഥന്റെ ശ്രമഫലമായി ഒരു രാത്രി കൊണ്ട് അവളെ കരക്ക് കയറ്റാൻ പദ്ധതി തയ്യാറായി. പുഴയിൽ നിന്ന് അവളെ ആനയിക്കാൻ കുങ്കികൾ എന്നറിയപ്പെടുന്ന അവളുടെ വർഗ്ഗക്കാരായ സുരേന്ദ്രനും നീലകണ്ഠനുമെത്തി..RRT ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലക്ക് പുഴയിൽ നിന്ന് അവളെ കയറ്റുന്ന പ്രവൃത്തിയുടെ ചുമതലക്കാരൻ ഞാനായി . എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പക്ഷെ അവൾക്കെന്തോ ആറാം ഇന്ദ്രിയം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഞങ്ങളെ ഒന്നിന്നും സമ്മതിക്കാതെ 27/5 ന് വൈകിട്ട് 4 മണിക്ക് ആ പുഴയിൽ നിന്ന നിൽപിൽ അവൾ ജലസമാധിയായി. എല്ലാവരും ഞെട്ടിപ്പോയി. കുങ്കികൾ ക്ക് എത്ര പെട്ടന്നാണ് കാര്യം മനസ്സിലായത് എന്ന് ഞാൻ ആലോചിച്ചു. അവരതാ കണ്ണീർ വാർക്കുന്നു.കണ്ണീർ വീണ് പുഴതിളക്കുന്നതായി എനിക്ക് തോന്നി. മനുഷ്യന്റെ സ്വാർത്ഥതക്ക് മുമ്പിൽ പുഴയുടെ പ്രതിഷേധം.ഇനി അവൾക്ക് അർഹിക്കുന്ന യാത്രയയപ്പ് നൽകണം. അതിനായി അവളെ ലോറിയിൽ കയറ്റി വനത്തിനുള്ളിൽ എത്തിച്ചു. ബാല്യ കൗമാരങ്ങളിൽ ഓടികളിച്ച മണ്ണിൽ വിറങ്ങലിച്ച് അവൾ കിടന്നു.

ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൂടെ നിന്ന എന്നോട് ഒരു ഗദ്ഗദം പോലെ പറഞ്ഞു അവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം എനിക്ക് മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം എനിക്ക് പിടികിട്ടി.ഞാൻ നിർത്തുകയാണ്. അവിടെ തന്നെ ചിതയൊരുക്കി അവളെ ഞങ്ങൾ സംസ്കരിച്ചു. അഗ്നി എറ്റുവാങ്ങുമ്പോഴും അവളുടെ അമ്മ മനസ്സിനെ ഞാൻ മനസ്സാ നമിച്ചു. സൂക്ഷ്മാണുവായ കൊറോണയുടെ മുമ്പിൽ പോലും പകച്ചു നിൽക്കേണ്ടി വരുന്ന മനുഷ്യ വർഗ്ഗത്തിൽപ്പെട്ട ഒരാളെന്ന നിലക്ക് എനിക്കൊന്നേ എല്ലാവർക്കുമായി അവളോട് പറയാനുള്ളൂ …. സഹോദരീ ….. മാപ്പ്”

Advertisements