ഒരു വ്യക്തിയുടെ സെക്ഷ്വൽ ഓറിയന്റേഷൻ എന്ന ഭരണഘടനാവകാശത്തെ അംഗീകരിക്കാൻ കഴിയാത്ത നിങ്ങൾക്കെങ്ങനെ ഫാസിസ്റ്റ് വിരുദ്ധ യുദ്ധം നടത്താൻ കഴിയുന്നു?

30

Sreeja Neyyattinkara

മുഹമ്മദ് ഉനൈസ് (Muhammed Unais) അടുത്ത സുഹൃത്താണ്‌❤️ തന്റെ മുസ്‌ലിം ഗേ സ്വത്വം സമൂഹത്തിന് മുന്നിൽ തുറന്നു പറഞ്ഞുകൊണ്ട് മതവിശ്വാസിയായി തന്നെ ജീവിക്കാനുള്ള അഥവാ നിലനിൽപിന് വേണ്ടിയുള്ള അവന്റെ പോരാട്ടം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല വർഷങ്ങൾ പലതു കഴിയുന്നു.അവന് നേരെ നടക്കുന്ന ബഹിഷ്കരണാഹ്വാനങ്ങളും അവന്റെ സ്വത്വത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളും നിശബ്ദമായി കണ്ടു കൊണ്ടിരിക്കുകയായിരുന്നു.. കൂടെയുണ്ടെന്നൊരു വാട്സ്ആപ് വോയിസിൽ ഒതുക്കി അവൻ അയക്കുന്ന ചില സ്‌ക്രീൻ ഷോട്ടുകൾ വായിച്ചവനെ ഹൃദയത്തിൽ കൂടുതൽ കൂടുതൽ ചേർത്തു പിടിച്ചു.

ഗേസ്വത്വത്തിന് നേരെ ബഹിഷ്കരണാഹ്വാനങ്ങൾ നടത്തുന്ന മനുഷ്യർ തന്നല്ലേ സംഘ് പരിവാർ കാലത്ത് മുസ്‌ലിം സ്വത്വം സംരക്ഷിക്കാൻ നെട്ടോട്ടം ഓടുന്നത്….? നിരന്തരം സ്വത്വപരമായ ബഹിഷ്കരണങ്ങൾക്ക് ഇരയാകുന്നവർക്ക് എങ്ങനെയാണ്‌ അപരന്റെ സ്വത്വത്തിനു നേരെ ആക്രമണം നടത്താൻ കഴിയുന്നത്..? ഒരു ചെറുപ്പക്കാരനെ അതിലൂടെ ഗേ സ്വത്വത്തെ ഇങ്ങനെ ഓഡിറ്റ് ചെയ്തു ചെയ്ത് മനുഷ്യരുടെ ഭരണഘടനാവകാശങ്ങൾക്കു മേൽ മാരകമായ അതിക്രമം നടത്തുമ്പോൾ ലവലേശം കുറ്റ ബോധം എങ്കിലും തോന്നുന്നില്ലേ മനുഷ്യരേ നിങ്ങൾക്ക്? അവർക്കു നേരെ നിങ്ങൾ അഴിച്ചു വിടുന്ന വയലൻസ് എത്ര കഠിനമേറിയ മാനസികാവസ്ഥയിലേക്കായിരിക്കും നിരപരാധികളായ അവരെ നയിക്കുന്നത് എന്നെങ്കിലും നിങ്ങൾ ആലോചിക്കുന്നുണ്ടോ?

ഒരു വ്യക്തിയുടെ സെക്ഷ്വൽ ഓറിയന്റേഷൻ എന്ന ഭരണഘടനാവകാശത്തെ അംഗീകരിക്കാൻ കഴിയാത്ത നിങ്ങൾക്കെങ്ങനെ ഫാസിസ്റ്റ് വിരുദ്ധ യുദ്ധം നടത്താൻ കഴിയുന്നു? ഒരാളുടെ സെക്ഷ്വൽ ചോയിസിനെ വിചാരണ ചെയ്യുക എന്നത് എത്രമാത്രം മനുഷ്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണെന്ന് അറിയുമോ നിങ്ങൾക്ക്? അപരന്റെ മതവിശ്വാസത്തെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് ലവലേശവും ഉളുപ്പ് തോന്നുന്നില്ലേ? പ്രായപൂർത്തിയായവർ ഉഭയ സമ്മതപ്രകാരം നടത്തുന്ന ലൈംഗിക തെരെഞ്ഞെടുപ്പുകളിലേക്ക് ഒളിഞ്ഞു നോക്കാനും അതിനെ വിചാരണ ചെയ്യാനും ആരാണ് നിങ്ങൾക്ക് അധികാരം നൽകിയത്? അപരന്റെ ശരീരം എന്തിനാണിങ്ങനെ നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നത്?  ഉത്തരം വേദപുസ്തകം ആണെങ്കിൽ ഓർക്കുക ഭരണഘടന നിലനിൽക്കുന്നൊരു രാജ്യമാണിത്.LGBTQA നടത്തുന്ന നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾക്കൊപ്പം…. എന്റെ പ്രിയ സുഹൃത്ത് ഉനൈസിനൊപ്പം ❤️