രാജ്യത്തെ പൗരത്വ പ്രക്ഷോഭത്തിൽ മുൻ നിരയിലുണ്ടായിരുന്ന അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ഷർജിൽ ഉസ്മാനിയെ ഫാസിസം അറസ്റ്റു ചെയ്‌തിരിക്കുകയാണ്

65

Sreeja Neyyattinkara

രാജ്യത്തെ പൗരത്വ പ്രക്ഷോഭത്തിൽ മുൻ നിരയിലുണ്ടായിരുന്ന അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ഷർജിൽ ഉസ്മാനിയെ ഫാസിസം അറസ്റ്റു ചെയ്‌തിരിക്കുകയാണ്. ക്രൈംബ്രാഞ്ചിൽ നിന്നെത്തിയവരാണെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. വാറന്റുണ്ടായിരുന്നില്ല. പുസ്തകങ്ങളും ലാപ് ടോപും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഷർജിലിനെ കുറിച്ച് ബന്ധുക്കൾക്കിതുവരെ യാതൊരു വിവരവുമില്ല.

പൗരത്വ സമരങ്ങൾക്ക് പങ്കെടുത്ത മുസ്‌ലിം ചെറുപ്പക്കാരെയും ആക്ടിവിസ്റ്റുകളെയുമൊക്കെ ബി ജെ പി സർക്കാർ രാജ്യദ്രോഹ കുറ്റങ്ങളും യു എ പി എ തുടങ്ങിയ ഭീകര നിയമങ്ങളും ചാർത്തി ജയിലിലിട്ടുകൊണ്ടേയിരിക്കുകയാണ്. ഗർഭിണിയായ സഫൂറ സർഗാറിനെ കുറിച്ച് നമുക്കറിയാം നിരവധി ചെറുപ്പക്കാർ ഇപ്പോഴും ജയിലിൽ തുടരുന്നു.അഥവാ ഈ കോവിഡ് കാലത്ത് പോലും സംഘ് പരിവാർ അതിന്റെ മുസ്‌ലിം വേട്ട എന്ന രാഷ്ട്രീയ അജണ്ട തുടർന്നു കൊണ്ടേയിരിക്കുകയാണ് എന്ന് സാരം… അറസ്റ്റു ചെയ്യപ്പെട്ടവർ മാസങ്ങൾക്കു ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ തന്നെ ഇടം വലം തിരിയാൻ കഴിയാത്ത ജാമ്യ വ്യവസ്ഥകളാണ് പിന്തുടരുന്നത്.

നോക്കൂ അപ്പോഴും ഈ വിഷയത്തിലൊക്കെ പ്രതികരിക്കുന്നത് കുറച്ചു മുസ്‌ലിം സംഘടനകളും, ആക്ടിവിസ്റ്റുകളും മാത്രമാണ്.മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ രാജ്യത്തെ ഭരണകൂടം മുസ്ലീങ്ങൾക്ക് നേരെ നടത്തുന്ന ഈ വേട്ടയ്ക്ക് മുന്നിൽ ബോധപൂർവ്വമായ മൗനം പാലിക്കുകയാണ്.ഈ രാജ്യത്തൊരു പ്രതിപക്ഷമുണ്ട് സംഘ് പരിവാറിന്റെ മുസ്‌ലിം വേട്ടയ്ക്ക് മുന്നിൽ ആ പ്രതിപക്ഷത്തിന്റെ അവസ്ഥ പലപ്പോഴും ചത്തതിനൊക്കുമേ ജീവിക്കിലും എന്നതാണ്.ഒരു ഗർഭിണിയായ കശ്മീരി മുസ്‌ലിം മാസങ്ങൾ ജയിലിൽ കിടന്നിട്ടു പോലും മിണ്ടാത്ത ഒരാളാണ് നരേന്ദ്ര മോദിക്കെതിരെ ‘യുദ്ധം’ ചെയ്തു കൊണ്ടിരിക്കുന്ന രാഹുൽ ഗാന്ധി.

പൗരത്വ പ്രക്ഷോഭ ഭൂമിയിൽ ശക്‌തമായി നിലകൊണ്ടവരാണ്‌ ഇടതുപക്ഷം. അവർ പോലും ഇന്ത്യൻ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ഈ മുസ്‌ലിം വേട്ടയ്ക്കെതിരെ ഉരിയാടുന്നില്ല.രാജ്യം ഏറെ രാഷ്ട്രീയ പ്രതീക്ഷയോടെ ഉറ്റു നോക്കിയ, ഇന്ത്യൻ മുസ്ലീങ്ങൾ ഒന്നാകെ ഇമാം എന്ന് വിളിച്ച് ഹൃദയത്തിൽ ചേർത്ത ചന്ദ്രശേഖർ ആസാദ് പോലും മുസ്‌ലിം ചെറുപ്പക്കാരെ ജയിലഴിക്കുള്ളിലാക്കുന്ന സംഘ് ഫാസിസത്തിനെതിരെ കാര്യമായി മിണ്ടുന്നില്ല.

വംശഹത്യ എന്നാൽ കൊല്ലുക മാത്രമല്ല പ്രതികരണശേഷിയും സംഘാടന ശേഷിയുമുള്ള മുസ്‌ലിം ചെറുപ്പക്കാരെ പിടിച്ചു ഇരുമ്പഴിക്കുള്ളിലാക്കുക കൂടെയാണ്.പൊതുബോധത്തിന്റെ ആശിർവ്വാദത്തോടെ മുസ്ലീങ്ങളെ കൂട്ടത്തോടെ കൊല്ലുമ്പോഴും പാലായനം ചെയ്യിക്കുമ്പോഴും പുറത്താരും തടസം നിൽക്കരുതല്ലോ.അതുകൊണ്ടുതന്നെയാണ് പൗരത്വ പ്രക്ഷോഭത്തിന്‌ നേതൃത്വം കൊടുത്ത മനുഷ്യരെ തന്നെ ഭരണകൂടം ടാർജറ്റ് ചെയ്യുന്നത്.

മഅദനിമാർ ആവർത്തിക്കാതിരിക്കാനെങ്കിലും ജാഗ്രതയുണ്ടാകണം.ആ മനുഷ്യൻ പറഞ്ഞ ഒത്തുതീർപ്പില്ലാത്ത രാഷ്ട്രീയ ത്തിന്റെ പേരിലാണ് ഇന്നും അദ്ദേഹം ഭരണകൂട വേട്ടയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്.ഈ രാജ്യം ഇത്രമേൽ രാഷ്ട്രീയമായി ഭയപ്പെട്ട മറ്റൊരു മുസ്‌ലിം രാഷ്ട്രീയ നേതാവ് പിന്നീട് ഉണ്ടായിട്ടുണ്ടെന്ന്‌ തോന്നുന്നില്ല.ഉണ്ടാകാതിരിക്കാനാണ് ഭരണകൂടത്തിന്റെ ജാഗ്രത… അതുകൊണ്ടാണ് പൗരത്വ പ്രക്ഷോഭകാലത്തെ മുസ്‌ലിം ശബ്ദങ്ങളെ നോട്ടമിടുന്നത്.അവർ പോകുന്നിടത്തെല്ലാം എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെടുന്നത്.ഇടയ്ക്കിടെ അവരെ ഓരോരുത്തരെയായി ഭീകരനിയമങ്ങൾ ചാർത്തി അകത്തിടുന്നത്.

നോക്കൂ ഡൽഹിയിൽ പൗരത്വ സമരം നയിച്ചവരിൽ നമ്മുടെ കേരളത്തിൽ നിന്നുള്ള മുസ്‌ലിം പെൺകുട്ടികളുണ്ട്. ജാമിയ മില്ലിയ സർവ്വകലാശാലയ്ക്ക് മുന്നിൽ നിന്ന് ഫാസിസത്തിനെതിരെ വിരൽ ചൂണ്ടിയ പെൺകുട്ടി ആയിഷ റെന്നയുണ്ട്, ലദീദ ഫർസാനയുണ്ട്, മുദ്രാവാക്യങ്ങൾ കൊണ്ട് ഡൽഹിയുടെ തെരുവുകളെ മാത്രമല്ല രാജ്യത്തെ സമരത്തെരുവുകളെ മുഴുവൻ പ്രകമ്പനം കൊള്ളിച്ച റാനിയ സുലൈഖയുണ്ട്.ഇവരൊക്കെയും ഫാസിസത്തിന്റെ നോട്ടപ്പുള്ളികളാണ്.മുസ്‌ലിം സംഘടനകൾ പരസ്പരം നടത്തിക്കൊണ്ടിരിക്കുന്ന തീവ്രവാദ ചാപ്പകുത്തൽ നിർത്തി, വളർന്നു വരുന്ന ബുദ്ധി കൂർമ്മതയും രാഷ്ട്രീയ ബോധവും പ്രതികരണശേഷിയും ഉള്ള യുവതലമുറയെ ഫാസിസം റാഞ്ചിക്കൊണ്ടു പോകാതിരിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ ജാഗ്രതയെങ്കിലും കാണിക്കണം

രാഷ്ട്രീയ സമരങ്ങളുടെ പേരിൽ നിരപരാധികളായ മുസ്‌ലിം യുവതയെ ജയിലിലടയ്ക്കുന്ന ഫാസിസ്റ്റ് തേർ വാഴ്ചയ്‌ക്കെതിരെ പൊതുസമൂഹത്തിൽ നിന്ന് ശക്തമായ ചെറുത്തു നിൽപ് ഉണ്ടാകാത്തിടത്തോളം രാഷ്ട്രീയപാർട്ടികൾ മൗനം വെടിയാത്തിടത്തോളം ഈ ദുരന്തം ആവർത്തിച്ചു കൊണ്ടിരിക്കും.ഫലം സർവ്വനാശവും.