പ്രവാസികളെ അങ്ങേയറ്റം അവഗണിക്കുകയാണ് ഈ ഭരണകൂടം !

88

Sreeja Neyyattinkara

ഈ മഹാമാരിക്കാലത്ത് പ്രവാസികളെ അവഗണിക്കുന്നത് കാലം പോലും മാപ്പ്‌ നൽകാത്ത അനീതിയായിരിക്കും തീർച്ച. “ഞാൻ ആദ്യം സ്ഥിരായിട്ട് നാട്ടിൽ മക്കൾക്ക് വീഡിയോ കാൾ ചെയ്യും ഇപ്പോൾ രണ്ടു ദിവസമായിട്ട് വീഡിയോ കാൾ ചെയ്യാൻ പോലും പറ്റുന്നില്ല കാരണം മക്കളുടെ മുഖം കാണുമ്പോൾ വല്ലാത്തൊരു സങ്കടം വല്ലാത്തൊരു അവസ്ഥ. ഒരു മനസമാധാനത്തിനു വേണ്ടിയാണ് ഇതൊക്കെ പറയണത് .നിങ്ങളെ പോലുള്ളവരോട് തുറന്നു പറഞ്ഞു കഴിയുമ്പോൾ ഒരു സമാധാനം കിട്ടും ഒരാശ്വാസ വാക്കെങ്കിലും കിട്ടും ”

ഇതൊരു പ്രവാസിയുടെ വോയിസ് മെസേജിലെ വാക്കുകളാണ്. തൊണ്ടയിടറിക്കൊണ്ടദ്ദേഹം ഇത് പറയുമ്പോൾ എന്ത് പറഞ്ഞു ഞാനദ്ദേഹത്തെ ആശ്വസിപ്പിക്കും എന്നറിയാതെ നിസ്സഹായയായിപ്പോയി.നിരവധിയനവധി പ്രവാസികൾ സമാനമായ മാനസികാവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. സഹജീവികളിങ്ങനെ ദുരന്തപാത താണ്ടുമ്പോൾ എങ്ങനെയാണ്‌ നമുക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുക? ഭക്ഷണം കഴിക്കാൻ കഴിയുക ?

നമ്മളിവിടെ സാമൂഹിക അകലം പാലിച്ച് ഭക്ഷണം കഴിച്ച് ജീവിക്കുകയാണ്. ഭക്ഷണം കഴിക്കാൻ, സാമൂഹിക അകലം പാലിക്കാൻ നിർവ്വാഹമില്ലാതെ പതിനായിരക്കണക്കിന് പ്രവാസികളാണ്‌ ഗൾഫ് രാജ്യങ്ങളിൽ നാടെന്ന സ്വപ്നവും പേറി ഹൃദയവേദനയോടെ നാളുകളെണ്ണി കഴിയുന്നത് .നാട്ടിലെ അവരുടെ ബന്ധുക്കൾക്ക്‌ ഊണും ഉറക്കവും നഷ്‌ടപ്പെട്ടിരിക്കുന്നു.അപ്പോഴും അവർ പ്രതീക്ഷിക്കുന്നു നാട് കൈവിടില്ലെന്ന്.

എന്നാൽ ഇന്ത്യൻ ഭരണകൂടം പ്രവാസികളെ അവഗണിക്കുകയാണ്.നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്. ഇന്നത്തെ സുപ്രീം കോടതി നിലപാട് അങ്ങേയറ്റം നിരാശപ്പെടുത്തുന്ന ഒന്നാണ്. ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിനു പ്രവാസികളുടെ മടങ്ങി വരവ് തടസം സൃഷ്‌ടിക്കുമെന്ന ബോധം അങ്ങേയറ്റം അനീതിയാണ്.ഇനി നാലാഴ്ച കഴിഞ്ഞേ ഹർജി പരിഗണിക്കൂ എന്ന് കോടതി പറയുന്നതിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കുന്നു അങ്ങേയറ്റം അവഗണിക്കുകയാണീ ഭരണകൂടം പ്രവാസികളെയെന്ന്.

കടുത്ത മാനസിക സമ്മർദ്ദങ്ങളിലേക്ക് പ്രവാസികളെ എറിഞ്ഞു കൊടുക്കാൻ നമുക്കാവില്ല പച്ചയിട്ടു നിൽക്കുന്ന കേരളത്തിന് പ്രവാസിയുടെ അധ്വാനത്തിന്റെ വിയർപ്പുകണികകൾ മറക്കാനാകില്ല.കേന്ദ്രത്തിന് കത്തെഴുതി മറുപടിക്ക് കാത്തുനിൽക്കാതെ കേരള ഭരണകൂടം ആധികാരികമായി ഈ വിഷയത്തിൽ ഇടപെടണം. മഹാമാരിയെ ഭയന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഓരോ പ്രവാസിയുടെ മനസിലും നാടെന്നത് ധൈര്യം പകരുന്ന അവകാശമാണ്‌.ആ അവകാശത്തെ അവരിപ്പോൾ നോക്കിക്കാണുന്നത് അഭയസ്ഥാനമായിട്ടാണ്.ഭരണകൂടം അത് അവഗണിക്കരുത്.