നിങ്ങളറിഞ്ഞോ ? പിണറായി ഒരു ഗംഭീര പുതുവത്സര സമ്മാനം നൽകിയിട്ടുണ്ട് കേരളത്തിന് !

280

Sreeja Neyyattinkara

ആഭ്യന്തര മന്ത്രി കൂടെയായ സഖാവ് പിണറായി വിജയൻ ഒരു ഗംഭീര പുതുവത്സര സമ്മാനം നൽകിയിട്ടുണ്ട് കേരളത്തിന്.  കേരളത്തിലെ പ്രമാദമായ പാലത്തായി പോക്സോ കേസ് അട്ടിമറിച്ച ഐ ജി ശ്രീജിത്തെന്ന ക്രിമിനലിനെ എ ഡി ജി പിയാക്കി സ്ഥാനക്കയറ്റം നൽകി ക്രൈം ബ്രാഞ്ചിന്റെ മേധാവിയാക്കി അവരോധിച്ചിട്ടുണ്ട്.

പോക്സോ കേസ് അട്ടിമറിച്ച് പ്രതിയായ സംഘ് പരിവാറുകാരൻ പദ്മരാജന് ജാമ്യം നേടിക്കൊടുക്കുക മാത്രമല്ല ശ്രീജിത്ത് ചെയ്തത് തന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന കേസിലെ വാദിയായ പത്തുവയസുകാരി പെൺകുട്ടിയെ പൊതുസമൂഹത്തിനു മുന്നിൽ അപമാനിക്കുകയും അവളുടെ വിശ്വാസ മൊഴിയടക്കം പരസ്യപ്പെടുത്തുകയും ചെയ്തു … അതിന്റെ പേരിൽ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു പോലീസ് ഓഫീസറാണ് അയാൾ… മാത്രമല്ല വളരെ മോശം ട്രാക്ക് റെക്കോർഡ് ഉള്ള ഒരാൾ കൂടെയാണ് ശ്രീജിത്ത് ഐ പി എസ്. അങ്ങനെയുള്ള ഒരാളെ ക്രൈംബ്രാഞ്ച് പോലുള്ള ഒരു സുപ്രധാന അന്വേഷണ ഏജൻസിയുടെ തലപ്പത്ത് പ്രതിഷ്‌ഠിക്കുന്നതിലൂടെ എന്താണ് പിണറായി വിജയൻ ലക്‌ഷ്യം വയ്ക്കുന്നത് ….?

ലോക് ഡൗൺ കാലത്ത് കേരളത്തിലെ നിരവധി സാംസ്‌കാരിക പ്രവർത്തകർ പ്രഖ്യാപിച്ച് കേരളത്തിലെ നീതിബോധമുള്ള മനുഷ്യരൊന്നാകെ ഏറ്റെടുത്ത ഉപവാസ സമരം നടന്നത് ഐ ജി ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ടും അയാളെ പാലത്തായി കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റണം എന്നാവശ്യപ്പെട്ടുമാണ്…നിരവധി പേരുടെ എണ്ണിയാൽ തീരാത്തത്ര പരാതികൾ മുഖ്യമന്ത്രിയുടെ മെയിലിലേക്ക് ചെന്നതും മേല്പറഞ്ഞ അതേ ആവശ്യം ഉന്നയിച്ചു കൊണ്ടായിരുന്നു… ഒന്നിനും പുല്ലുവില കല്പിച്ചില്ല ഭരണകൂടം… ഒടുവിൽ പാലത്തായി കേസിലെ കുഞ്ഞിന്റെ മാതാവ് ഹൈക്കോടതിയെ അഭയം പ്രാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി നടത്തിയ ഇടപെടലിനെ തുടർന്നാണ് ശ്രീജിത്ത് പാലത്തായി കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് തെറിക്കുന്നത്…. അന്ന് കോടതിയിൽ ശ്രീജിത്തിന് വേണ്ടി വാദിക്കാതെ മൗനം പാലിച്ച പ്രോസിക്യൂഷനെ കണ്ടപ്പോൾ വലിയ ആശ്വാസം തോന്നിയിരുന്നു പക്ഷേ ആ മൗനം ശ്രീജിത്തിന് ഗംഭീരമായ പുതുവത്സര സമ്മാനം കരുതി വച്ചിട്ടായിരുന്നു എന്നറിഞ്ഞില്ല . അക്ഷരാർത്ഥത്തിൽ മുഖ്യമന്ത്രി കേരളത്തിലെ നീതിബോധമുള്ള മനുഷ്യരോട് നടത്തിയ വെല്ലുവിളി തന്നല്ലേ ശ്രീജിത്തിന് നൽകിയ സ്ഥാനക്കയറ്റം?

നാഴികയ്ക്ക് നാല്പതു വട്ടം സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും സുരക്ഷയെ കുറിച്ച് വാചാലനാകുന്ന മുഖ്യമന്ത്രി പോക്സോ കേസുകൾ പോലും അട്ടിമറിക്കുന്ന ഉദ്യോഗസ്ഥൻമാർക്ക് സ്ഥാനക്കയറ്റം നൽകി പരവതാനി വിരിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം ഇരട്ടത്താപ്പിന്റെ രാഷ്ട്രീയമല്ലാതെ മറ്റെന്താണ് …? ഒരു പത്തു വയസുകാരിയോടെങ്കിലും നീതി കാണിക്കാമായിരുന്നു സഖാവേ…