കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നമാണ് പൂവണിയുന്നതെന്ന് പോലും, കഷ്ടം തന്നെ കോൺഗ്രസേ

77

Sreeja Neyyattinkara

“കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നമാണ് പൂവണിയുന്നത്” .രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണ നൽകിക്കൊണ്ട് കോൺഗ്രസ് നേതാവ് കമൽനാഥ്‌ പറഞ്ഞ വാക്കുകളാണിത്.എത്ര സുന്ദരമായാണയാൾ സംഘ് പരിവാർ അജണ്ടയ്ക്ക് പൊതു സ്വീകാര്യത നേടിയെടുക്കുന്നത് എന്ന് നോക്കൂ… എത്ര സുന്ദരമായാണയാൾ വലിയൊരനീതിയെ നീതിയായി വ്യാഖ്യാനിക്കുന്നത് എന്ന് നോക്കൂ… ഇയാൾ ഈ രാജ്യത്തൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കൂടെയായിരുന്നു… ഈ ചിന്തയുള്ളവൻ എത്രമാത്രം ഹിന്ദുത്വ അജണ്ട തന്റെ അധികാര കാലയളവിൽ നടപ്പിലാക്കിയിട്ടുണ്ടാകും. എങ്ങനെയാണ്‌ കോൺഗ്രസേ ഹിന്ദുത്വ കോടതി വിധിച്ച രാമക്ഷേത്രം എന്ന അനീതിക്ക്‌ ഒരു മതേതര പ്രസ്ഥാനം കുടപിടിച്ചു കൊടുക്കുന്നത് .തീവ്ര – മൃദു ഹിന്ദുത്വ പാർട്ടികൾ രണ്ടും തോളോട് തോൾ ചേർന്ന് നിന്ന് നടത്തുന്ന ഈ കൂട്ട് കൃഷിയിൽ പരിക്കേൽക്കുന്നത് രാജ്യത്തിന്റെ മതേതര സംവിധാനത്തിനാണ്.വോട്ട് രാഷ്ട്രീയത്തിനും അധികാര രാഷ്ട്രീയത്തിനുമപ്പുറം നീതിയുടെ രാഷ്ട്രീയം എന്നൊന്നുണ്ട് കോൺഗ്രസേ.

രാജ്യം സമ്പൂർണ്ണ ഹിന്ദു രാഷ്ട്രം എന്ന വൻ അപകടത്തിലേക്ക് കൂപ്പു കുത്തുന്നത് പൊതുബോധത്തെ കൂട്ട് പിടിച്ചുള്ള സംഘ് പരിവാറിന്റെ ഒറ്റയ്ക്കുള്ള പരിശ്രമത്തിലൂടെയായിരിക്കില്ല… കോൺഗ്രസിന്റെ കൂടെ ആശീർവാദത്തോടെ ആയിരിക്കും.ദിഗ് വിജയ് സിംഗുമാരും കമൽനാഥ്‌മാരും അതുവഴി കോൺഗ്രസ്സും മതേതര ഇന്ത്യയ്ക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല.കമൽ നാഥിനെ തള്ളി പറയാൻ ഇങ്ങു കേരളത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനോ രമേശ് ചെന്നിത്തലയോ തയ്യാറാകുമോ.? തയ്യാറാകുന്നില്ലെങ്കിൽ നിങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തേയും മുസ്‌ലിം പക്ഷ രാഷ്ട്രീയത്തേയും കൊറോണയെക്കാൾ ഭയക്കേണ്ടതാണ് എന്ന് അടയാളപ്പെടുത്തേണ്ടതായി വരും.