പി കൃഷ്ണപിള്ള കേവലമൊരു പേരല്ല മികവുറ്റ രാഷ്ട്രീയ ചരിത്രം തന്നെയാണ്

24

Sreeja Neyyattinkara

പി കൃഷ്ണപിള്ള കേവലമൊരു പേരല്ല മികവുറ്റ രാഷ്ട്രീയ ചരിത്രം തന്നെയാണ് .

ഗുരുവായൂരമ്പലത്തിൽ കയറി മണിയടിച്ചു വിപ്ലവം സൃഷ്‌ടിച്ച മനുഷ്യനെ കുറിച്ച് വായിക്കുന്നതിനും മുൻപേ കുട്ടിക്കാലത്ത് അപ്പൂപ്പൻ പറഞ്ഞു തന്ന അറിവാണുള്ളത് അന്ന് എനിക്കതൊരു കഥയായിരുന്നു… പല ചരിത്രങ്ങളും കഥയായി പറഞ്ഞു തന്നിരുന്ന ആ മനുഷ്യൻ സമ്മാനിച്ച ചരിത്ര പുസ്തകങ്ങളുടെ ശേഖരവുമായി ഞാൻ ഇന്ന് ജീവിക്കുന്നു.

സഖാവ് പി കൃഷ്ണ പിള്ള ❤️ആദ്യം ഗാന്ധിയനായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ .പിന്നീട് ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തോട് വിയോജിച്ച് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു … ഒടുവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ആദ്യ സെക്രട്ടറിയായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക്.42 വയസുവരെ ധീരനായി പോരാടിയ ചരിത്രം….
ഉപ്പു സത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും പുന്നപ്ര വയലാർ സമരത്തിലും തുടങ്ങി നിരവധി പോരാട്ടങ്ങളിൽ ജ്വലിച്ചു നിൽക്കുന്ന പേര്.

ജയിൽ വാസത്തിനിടയിൽ കൃഷ്ണപിള്ളയ്ക്കായി ജയിലിലെ പോലീസുകാരൻ തന്റെ അയൽവാസിയായ പെൺകുട്ടിയിൽ നിന്നും വാങ്ങി നൽകിയിരുന്ന പുസ്തകങ്ങൾ… ഒടുവിൽ ആ പുസ്തകങ്ങളുടെ ഉടമയായ പെൺകുട്ടിയെ, തങ്കമ്മയെ ജീവിതസഖിയാക്കുന്നതിൽ വരെ വളർന്ന പ്രേമം… എന്റെ ഈ എഴുത്ത് ഇവിടെത്തുമ്പോൾ പ്രിയപ്പെട്ട മാധ്യമ പ്രവർത്തകൻ ടി എൻ ഗോപകുമാറിനെ ഓർക്കാതിരിക്കാനാകുന്നില്ല… ചരിത്ര പുസ്തകങ്ങളിലൂടെ ഹൃദയത്തിൽ കയറിക്കൂടുന്ന മനുഷ്യരുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള ജീവിച്ചിരിക്കുന്ന മനുഷ്യരെ കാണുന്നതും സംസാരിക്കുന്നതും അവരുമായി കൂട്ട് കൂടുന്നതും ഏറെ കൗതുകമുള്ള കാര്യമായത് കൊണ്ടാകാം എനിക്ക് ടി എൻ ഗോപകുമാർ പ്രിയപ്പെട്ടതായത്.

കേവലം 42 വയസുവരെ മാത്രം ജീവിച്ച പി കൃഷ്ണപിള്ള എന്ന മനുഷ്യന്റെ പോരാട്ട വഴികൾ ചരിത്രത്തിൽ അടയാളപ്പെട്ടു കിടപ്പുണ്ട്… വരും തലമുറയ്ക്ക് ഊർജ്ജം പകരാനായി