പിന്നെന്തിനായിരുന്നീ ക്രൈംബ്രാഞ്ച് നാടകം…..?

35

Sreeja Neyyattinkara

പിന്നെന്തിനായിരുന്നീ ക്രൈംബ്രാഞ്ച് നാടകം…..?

ബി ജെ പി പ്രാദേശിക നേതാവ് പാലത്തായി സ്‌കൂൾ അധ്യാപകൻ പത്മരാജൻ പ്രതിയായ പോക്സോ കേസ് അട്ടിമറിയാൻ സാധ്യതയുണ്ടെന്നും അതിന്റെ കാരണങ്ങൾ ചൂണ്ടിക്കാണിച്ചും ഇന്നലെ തേജസ് ഓൺലൈനിൽ ഒരു വാർത്ത കണ്ടിരുന്നു…. ആ വാർത്ത ഞാൻ എന്റെ ടൈം ലൈനിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.നമുക്കറിയാം ലോക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് തലശ്ശേരി പോലീസ് പോക്സോ കേസ് പ്രതി പത്മരാജനെ അറസ്റ്റു ചെയ്തത്…. മാത്രമല്ല കേസ് അട്ടിമറിക്കാനും പ്രതിയെ രക്ഷപ്പെടുത്താനും തലശ്ശേരി പോലീസ് നടത്തിയ ശ്രമം വളരെ വ്യക്തവുമാണ്.ഇത് ചൂണ്ടിക്കാട്ടി ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് ആഭ്യന്തര വകുപ്പ് കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കുന്നത്… ആ കേസിലും തെളിഞ്ഞു കാണുന്നത് അട്ടിമറി സാധ്യത തന്നെയാണ് എന്നാണ് തേജസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ചു മനസ്സിലാകുന്നത്.

ഇതിനോടകം ക്രൈംബ്രാഞ്ച് സംഘം ആകെ നടത്തിയ അന്വേഷണം കുട്ടിയുടെ വീട്ടിലും പീഡനം നടന്ന സ്‌കൂളിലും മാത്രമാണ്. അഥവാ തലശ്ശേരി പോലീസിന്റെ അന്വേഷണ ത്തിൽ തൃപ്തികരമല്ലാതെ വാദി ഭാഗം ചൂണ്ടിക്കാട്ടിയ കാര്യങ്ങളിളൊന്നും ക്രൈം ബ്രാഞ്ച് ഇതുവരെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല എന്ന് സാരം.മാത്രമല്ല ജയിലിൽ കഴിയുന്ന പ്രതി പത്മരാജനെ ഇതുവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുപോലുമില്ല എന്ന് തേജസ് ചൂണ്ടിക്കാട്ടുന്നു .തലശ്ശേരി പോലീസ് അട്ടിമറിക്കാൻ ശ്രമിച്ച കേസ് പ്രത്യേക അന്വേഷണ ഏജൻസിക്ക്‌ കൈമാറണം എന്ന ആവശ്യം ഉയർന്നത് തന്നെ കേസ് നീതിപൂർവ്വമായ വഴിയിലൂടെ സഞ്ചരിക്കാൻ വേണ്ടിയാണ്… എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണവും അട്ടിമറിയുക എന്നാൽ അതിനർത്ഥം എന്താണ്‌? ആരെ ബോധ്യപ്പെടുത്താനായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണം?

ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം പെൺകുട്ടിയെ പ്രതി പത്മരാജൻ മറ്റൊരാൾക്ക് കൂടെ കൈമാറിയിട്ടുണ്ടെന്നും അത് പൊയിലൂരിലുള്ള ഒരു വീടാണെന്നും കുട്ടി പറഞ്ഞതനുസരിച്ചു അമ്മ പരാതി നൽകിയിട്ടുണ്ട് എന്നാൽ അതേക്കുറിച്ച് ഒരന്വേഷണവും ഇതുവരെയില്ല.ഇതെല്ലാം അന്വേഷിച്ച് മുഴുവൻ തെളിവുകളും ശേഖരിച്ച് സകല ദുരൂഹതകളും നീക്കി സത്യസന്ധമായ കുറ്റപത്രം കോടതിക്ക് മുന്നിൽ ഹാജരാക്കേണ്ട ക്രൈംബ്രാഞ്ച് ഈ മെല്ലെപ്പോക്ക് നടത്തുന്നതിന് പിന്നിലെ രാഷ്ട്രീയോദ്ദേശം എന്താണ് എന്ന് ജനങ്ങൾക്കറിയണം.ഈ സമീപനമാണ് ക്രൈം ബ്രാഞ്ചിനെങ്കിൽ അറസ്റ്റിലായ പത്മരാജന് ജാമ്യം കിട്ടുകയും കുട്ടിയെ പീഡിപ്പിച്ച രണ്ടാമത്തെ വ്യക്തി രക്ഷപ്പെടുകയും പോക്സോ കേസ് ആവിയായിപ്പോകുകയും ആ പത്തുവയസുകാരി ക്രൂരമായ നീതിനിഷേധത്തിനിരയാകുകയും ചെയ്യും… അത് സംഭവിക്കാൻ പാടില്ല. ബി ജെ പിക്കാർ പ്രതികളാകുന്ന കേസിൽ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് കാണിക്കുന്ന അനാസ്ഥ ഇവിടേയും ആവർത്തിച്ചാൽ മറുപടി പറയേണ്ട ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് മന്ത്രി പിണറായി വിജയന് മാത്രമായിരിക്കും.

Advertisements