ഗർഭിണിയായ ഒരു സ്ത്രീ യുഎപിഎ ചുമത്തപ്പെട്ട് ജയിലിലാണ്, സഫൂറ സർഗാർ

0
158

Sreeja Neyyattinkara

ഗർഭിണിയായ ഒരു സ്ത്രീ യു എ പി എ ചുമത്തപ്പെട്ട് ജയിലിലാണ്.സഫൂറ സർഗാർ .അവൾ ജാമിയ മില്ലിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയാണ്. ചെയ്ത തെറ്റ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചു.കോവിഡ് കാലത്തെ ഗംഭീരമായി പ്രയോജനപ്പെടുത്തുകയാണ് നരഭോജി ഭരണകൂടം.ഇതിനിടെ ധാരാളം മനുഷ്യർക്കെതിരെ ഭീകരനിയമങ്ങൾ ചാർത്തിക്കഴിഞ്ഞു. അറസ്റ്റ് വ്യാപകമാക്കുന്നു.കോവിഡ് കാലമാണ്. ലോക് ഡൗൺ ആണ്.തെരുവുകൾ നിശബ്ദമാണ് ഭരണകൂടം അവസരം മുതലാക്കുകയാണ് തെരുവുകളിൽ ഉറഞ്ഞു കൂടിയിരിക്കുന്ന നിശബ്ദതയെ ആയുധമാക്കി വംശഹത്യ അജണ്ട നടപ്പിലാക്കാം എന്ന് ഭരണകൂടം കരുതുന്നു.

സോഷ്യൽ മീഡിയയാണ് പ്രതികരിക്കാനുള്ള ഏകവഴി പക്ഷേ നോക്കൂ ജർമ്മനിയിൽ ഹിറ്റ്‌ലർ കൊണ്ടുനടന്ന സേന പോലെ ഭരണകൂടം ഒരു സേനയെ വാർത്തെടുത്തിട്ടുണ്ട് സംഘ് പരിവാർ സൈബർപ്പട.ഭരണകൂട ചെയ്‌തികൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർക്കെതിരെ ഭീകര സൈബർ ആക്രമണമാണ് ഇവറ്റകൾ അഴിച്ചു വിടുന്നത്.. ഏറ്റവുമൊടുവിലിതാ ഈ വിഷയങ്ങളൊക്കെ ചൂണ്ടിക്കാട്ടി കൊണ്ട് ഭരണകൂട ഭീകരതയ്ക്കെതിരെ ഓൺലൈൻ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്ത് കാംപസ്‌ ഫ്രണ്ട് നേതാവ് കെ പി ഫാത്തിമ ഷെറിൻ ഫേസ്ബുക്കിലിട്ട വീഡിയോയ്ക്ക് താഴെ പതിനായിരത്തോളം തെറികളും ഭീഷണികളുമായി സംഘ് പരിവാർ വേട്ട തുടരുകയാണ്.

കോവിഡിനേക്കാൾ മാരകമായ സംഘ് വൈറസിനെ പ്രതിരോധിക്കാൻ പക്ഷേ കേരളപോലീസിനാകില്ല. നിർഭയത്വത്തോടെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല നമുക്ക് മുന്നിൽ.പിന്തിരിഞ്ഞോടാൻ നമുക്ക് കഴിയില്ല.ഗർഭിണിയെ ശൂലമുനയാൽ നേരിട്ട നരഭോജി ഭരണകൂടത്തിന് ഗർഭിണിയെ ജയിലിലടയ്ക്കാൻ ഒരു മടിയുമുണ്ടാകില്ല .പക്ഷേ അതറിയുമ്പോൾ നമുക്ക് ശ്വാസതടസമുണ്ടാകും. ഒരു നരഭോജികളേയും ഭയക്കാതെ നമ്മൾ പ്രതികരിക്കുക തന്നെ വേണം.പുരാണത്തിലൊരു കഥാപാത്രമുണ്ട് രക്തബീജൻ എന്ന അസുരൻ ശത്രുവിന്റെ ആയുധത്താൽ തന്റെ ദേഹം മുറിഞ്ഞു രക്തം മണ്ണിൽ വീണാൽ ഓരോ തുള്ളി രക്തത്തിൽ നിന്നും ഓരോ യോദ്ധാക്കൾ ഉയിർത്തെഴുന്നേൽക്കും ദേവന്മാർ വരെ ഭയപ്പെട്ട രക്തബീജന്റെ കഥ ആവേശത്തോടെ പണ്ടെങ്ങോ വായിച്ചിട്ടുണ്ട്.

ഇതൊരു യുദ്ധമാണ് നിലനിൽപിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം ഇവിടെ വീണുപോകാൻ പാടില്ല. വീണു പോയാൽ ഒരായിരം യോദ്ധാക്കളുടെ ശക്‌തിയോടെ എണീറ്റ് വരണം നമ്മൾ. നിർഭയത്വത്തോടെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ നമുക്ക് പോരാടാം.ഗർഭിണിയായ സഫൂറയെ മോചിപ്പിക്കാൻ, ഭരണകൂടം ഭീകര നിയമങ്ങൾ ചാർത്തി ജയിലിലടച്ച മുഴുവൻ മനുഷ്യരേയും മോചിപ്പിക്കാൻ നമുക്ക് ശബ്ദമുയർത്താം.