പത്മരാജൻ കേസിനെ തുടർന്നുണ്ടായ സൈബർ ആക്രമണം എനിക്കത്ര നിസാരമായിരുന്നില്ല

122

Sreeja Neyyattinkara

പാലത്തായി സ്‌കൂൾ അധ്യാപകൻ ബി ജെ പി പ്രാദേശിക നേതാവ് പത്മരാജൻ പ്രതിയായ പോക്സോ കേസ്, ഈ വിഷയത്തിലെ എന്റെ സോഷ്യൽ മീഡിയാ ഇടപെടലുകളെ തുടർന്നുണ്ടായ സമാനകതകളില്ലാത്ത സംഘ് പരിവാർ സൈബർ ആക്രമണങ്ങൾക്കെതിരെ എനിക്കൊപ്പം നിന്ന സകല വ്യക്തികളോടും വിവിധ രാഷ്ട്രീയ – സാമൂഹിക സംഘടനകളോടും ഞാൻ നന്ദി പറയുകയാണ്.അതൊക്കെ കഴിഞ്ഞില്ലേ പിന്നെന്തിനാ ഇപ്പോഴൊരു നന്ദി പറച്ചിൽ എന്നല്ലേ ? കാര്യമുണ്ട് .

ഒൻപതു വർഷത്തോളമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഞാൻ പലപ്പോഴും അതിക്രൂരമായ സൈബർ ആക്രമണത്തിന് വിധേയയായിട്ടുണ്ട്. പബ്ലിക് സ്‌പേസിൽ ആയതുകൊണ്ടുതന്നെ നിങ്ങളോട് വിശദീകരിക്കേണ്ടതില്ല.നിങ്ങൾക്ക്അ തറിയാം.നിങ്ങളൊക്കെ നിരുപാധികം കൂടെ നിന്നിട്ടുമുണ്ട്. എന്നാൽ, പത്മരാജൻ കേസിനെ തുടർന്നുണ്ടായ സൈബർ ആക്രമണം എനിക്കത്ര നിസാരമായിരുന്നില്ല. നിർഭയത്വവും അപാരമായ ശുഭാപ്തി വിശ്വാസവും കൊണ്ട് മാത്രം ഞാൻ പൊരുതി നിന്ന രാഷ്ട്രീയ സാഹചര്യം ആയിരുന്നു അത്. ഇന്നലെ രാത്രി ആക്രമണത്തിനിരയായ പോസ്റ്റുകളിൽ വന്ന കമന്റുകളിലേക്കും കമന്റിട്ട ഐ ഡികളിലേക്കും ഞാനൊന്ന് വെറുതെ പോയി നോക്കി. ഭൂരിഭാഗം ഐ ഡികളും നിശ്ചലമായിരിക്കുന്നു.എന്റെ പരാതിയെ തുടർന്ന് പോലീസ് ക്രിമിനൽ കേസെടുത്ത ഐഡികൾ പലതും കാണാനില്ല സർവ്വത്ര ശാന്തം. സംഘ് പരിവാർ തെറി വിളി അവസാനിപ്പിച്ചിരിക്കുന്നു എന്ന മിഥ്യാ ധാരണയൊന്നും എനിക്കില്ല. പക്ഷേ പിന്മാറാതെ കക്ഷി രാഷ്ട്രീയ ഭേദമന്യേ പൊരുതാൻ കൂടെ നിന്ന കുറേ മനുഷ്യരുണ്ട് അവരിൽ എനിക്ക് പ്രതീക്ഷയുണ്ട് അവരിൽ മാത്രമാണ് ഫാസിസ്റ്റ് കാലത്തെ എന്റെ മുഴുവൻ പ്രതീക്ഷയും.

പൊള്ളുന്ന അനുഭവങ്ങളിൽ നിന്ന് രാഷ്ട്രീയമായി ഉടച്ചു വാർക്കപ്പെടുന്ന മനുഷ്യരുടേത് കൂടെയാണ് ഈ ഭൂമി. ആ ഭൂമിയിൽ ആത്മാഭിമാനത്തോടെ ചവിട്ടി നിന്നുകൊണ്ടാണ് ഞാൻ നിങ്ങളോടു രാഷ്ട്രീയമായി സംവദിച്ചു കൊണ്ടിരിക്കുന്നത്.കൂടെ എനിക്കൊരു മകളുണ്ട് നെയ്യാറ്റിൻകര വിട്ട്‌ ഒരിടത്തും വാടകവീട് നോക്കണ്ട എന്ന് എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്ന മകൾ.എനിക്കൊരമ്മയുണ്ട് നെയ്യാറ്റിൻകരയിലെ ഒരു വൃദ്ധസദനം ചൂണ്ടിക്കാണിച്ചിട്ട് എന്നെ ഇവിടെയാക്കി നിങ്ങൾ എവിടെയാന്നു വച്ചാൽ പൊയ്ക്കോളൂ എനിക്കെന്റെ ഭൂമിയൊക്കെ ഇടയ്ക്ക് പോയി കാണണം എന്ന് വിലപിക്കുന്ന അമ്മ. കൊറോണ വ്യാപനം ആയതുകൊണ്ട് മാത്രം ദിവസങ്ങൾ നീട്ടിക്കിട്ടുന്ന വാടകവീട്ടിലിരുന്ന് ഞാൻ നെയ്യുന്ന രാഷ്ട്രീയ സ്വപ്നങ്ങളിൽ ഒന്നാമത്തേത് സംഘ് പരിവാർ മുക്ത ഇന്ത്യയാണ് രണ്ടാമത്തേത് നിമിഷം പ്രതിയെന്നവണ്ണം ആത്മാവിനെ ആലിംഗനം ചെയ്തു കൊണ്ടിരിക്കുന്ന എന്റെ പ്രണയം എന്ന മഹാ പുണ്യത്തേയും… അവിടെ എനിക്കെന്റെ അമ്മയും മകളും കേവല രക്തബന്ധമല്ല. അവരെനിയ്ക്ക് അനിവാര്യമായ പിടിവള്ളി കൂടെയാണ്. കൂടെ നിങ്ങളിൽ ചിലരും .