ലൈംഗിക ദാരിദ്ര്യം ബാധിച്ച കാമഭ്രാന്തന്മാർക്കും നെറികെട്ട പൊതു ബോധത്തിനും മുന്നിൽ സ്ത്രീ ശരീരം വില്പനയ്ക്ക് വയ്ക്കുന്നതിനെ നിങ്ങൾ മാധ്യമ ധർമ്മം എന്ന് വിളിക്കരുത്

100

Sreeja Neyyattinkara

സ്വർണ്ണക്കടത്ത് കേസ് ഇതുവരെ സംഭവിച്ചത്…
യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗ് വഴി കടത്തിയ സ്വർണ്ണവുമായി ബന്ധപ്പെട്ട് സരിത് എന്നയാൾ കസ്റ്റംസ് പിടിയിലാകുന്നു.സരിത് ഒരു സ്ത്രീയുടെ പേര് പറയുന്നു … അവർ പ്രതിയാണോ അല്ലയോ എന്ന് ഇതുവരെ കൃത്യമായറിയില്ല.പക്ഷേ കിട്ടിയ അവസരം മുതലാക്കി അവരുടെ സ്വകാര്യ ജീവിതവും ഫോട്ടോകളും വച്ച് മാധ്യമങ്ങൾ തുടർക്കഥകൾ രചിക്കുന്നു.ഏതോ ഒരു അസോസിയേഷൻ സെക്രട്ടറിയുടെ ഒളിഞ്ഞുനോട്ട കഥ കേട്ട് വിജൃംഭിച്ച മലയാളി പൊതുബോധം ആ സ്ത്രീയെ ഒരു ലൈംഗിക വസ്തുവായി ചിത്രീകരിച്ചു നെട്ടോട്ടമോടുന്നു

വിവാദത്തിൽപ്പെട്ട സ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൾ സെക്രട്ടറി ശിവശങ്കരനെ തൽസ്ഥാനത്ത് നിന്ന് മാറ്റി ഭരണകൂടം പൊതുബോധത്തിന്റെ സദാചാര ബോധത്തെ തൃപ്തിപ്പെടുത്തുന്നു .സ്വർണ്ണക്കടത്ത് എന്ന കുറ്റകൃത്യവും ഒരു സ്ത്രീയുടെ സ്വകാര്യ ജീവിതം എന്ന ഭരണഘടനാവകാശവും തമ്മിൽ എന്താണ് ബന്ധം എന്ന് എനിക്കിതു വരെ മനസ്സിലായിട്ടില്ല മനസിലായിട്ടുള്ളവർക്ക് പറയാം.സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു സന്ദീപ് നായർ അടക്കമുള്ള ചില ബി ജെ പിക്കാരുടെ പേര് പുറത്തു വരുന്നു… കടത്തിൽ അവർ പങ്കാളികളാണെന്ന് സംശയിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.

ഇതിനിടെ താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന് കാണിച്ച് വിവാദത്തിൽ പെട്ട സ്വപ്ന സുരേഷ് കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകുന്നു… തുടർന്ന് താൻ ഭയം കൊണ്ട് മാറി നിൽക്കുന്നു എന്ന് വെളിപ്പെടുത്തുന്ന അവരുടെ ശബ്ദരേഖയും പുറത്തു വരുന്നു.പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു.കേന്ദ്ര ഏജൻസികളെ ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും കേന്ദ്രത്തിന്റെ ഏത് അന്വേഷണത്തോടും സഹകരിക്കും എന്ന് ചൂണ്ടിക്കാണിച്ചും മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നൽകുന്നു

ഏറ്റവും ഒടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് ഒരു വിധത്തിലുള്ള കൈകടത്തലും സാധ്യമല്ലാത്ത എൻ ഐ എ യെ കേസ് ഏല്പിക്കുന്നു.ഇത്രയുമാണ് ഇതുവരെ സംഭവിച്ചതിന്റെ ചുരുക്കം.ഈ വിഷയത്തിൽ സാമാന്യബോധമുള്ള ജനങ്ങൾക്കറിയേണ്ടത് ഇതാണ്.ആര് ആർക്കു വേണ്ടി കൊടുത്തയച്ചതാണീ മുപ്പതു കിലോ സ്വർണ്ണം ? സ്വർണ്ണക്കടത്തിന്റെ ഉറവിടം എവിടെ നിന്നാണ്? ലക്ഷ്യം എവിടെയാണ്? ആരൊക്കെയാണ് ഈ കൊടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്?രണ്ട് രാജ്യങ്ങൾ തമ്മിലുളള നയതന്ത്ര ബന്ധത്തെ തന്നെ ബാധിച്ചേക്കാവുന്ന ഈ കുറ്റകൃത്യത്തിലെ ഉന്നതന്മാർ ആരൊക്കെ? മുൻപ് പിടിക്കപ്പെട്ട സ്വർണ്ണക്കടത്ത് കേസൊക്കെ എന്തായി?

ആര് ആർക്കൊപ്പം എത്ര തവണ കിടന്നു എന്ന കിടപ്പറക്കഥകളും ശരീര ചർച്ചകളും ഫോട്ടോകളും കേൾക്കാനും ആസ്വദിക്കാനും പൈങ്കിളിക്കഥകൾ മെനയാനും താല്പര്യം ഉള്ളവർ മാത്രമല്ല മാധ്യമങ്ങളേ ഈ നാട്ടിൽ ജീവിക്കുന്നത്. ലൈംഗിക ദാരിദ്ര്യം ബാധിച്ച കാമഭ്രാന്തന്മാർക്കും നെറികെട്ട പൊതു ബോധത്തിനും മുന്നിൽ സ്ത്രീ ശരീരം വില്പനയ്ക്ക് വയ്ക്കുന്നതിനെ നിങ്ങൾ മാധ്യമ ധർമ്മം എന്ന് വിളിക്കരുത്.