ഒരു വശത്ത് കൊറോണ, മറുവശത്ത് ഹിന്ദുത്വ ഭീകരത

956

Sreeja Neyyattinkara

ഹിന്ദുത്വ ഭരണകൂടം വേട്ട തുടർന്നു കൊണ്ടിരിക്കുന്നു. ഒരു വശത്ത് കൊറോണ സൃഷ്‌ടിക്കുന്ന അരക്ഷിതാവസ്ഥ രാജ്യത്തെയാകമാനം പിടിമുറുക്കുന്നു. അതി ഭീകരമായ ആഭ്യന്തര പാലായനങ്ങൾ രാജ്യത്ത് സംഭവിക്കുന്നു.റെയിൽവേ ട്രാക്കിലും റോഡിലും ജനങ്ങൾ മരിച്ചു വീണുകൊണ്ടിരിക്കുന്നു. ഭക്ഷണമില്ലാതെ, കുടിവെള്ളം പോലുമില്ലാതെ ജനം പരക്കം പായുന്നു.ഈ സാഹചര്യം പക്ഷേ മോദി സർക്കാർ ഗംഭീരമായി മുതലാക്കുകയാണ് അതാണ്‌ മുകളിൽ സൂചിപ്പിച്ചത്…. കോവിഡ് കാലം മുസ്‌ലിം വിരുദ്ധ നയങ്ങളുടെ പ്രായോഗികതയ്ക്ക് വേണ്ടി വിനിയോഗിക്കുന്ന ഭരണകൂടം.

ഏറ്റവും ഒടുവിൽ രണ്ടു നാളുകൾക്ക് മുൻപ് ജാമിയ മില്ലിയയിലെ മറ്റൊരു പൗരത്വ പ്രക്ഷോഭകാരിയെ കൂടെ ദൽഹി പോലീസ് അറസ്റ്റു ചെയ്‌തിരിക്കുന്നു.മാധ്യമങ്ങൾ മൗനത്തിലാണ്.വളരെ കുറഞ്ഞൊരു കൂട്ടരൊഴിച്ചു മറ്റു സകലരും ഭരണകൂടം നടത്തുന്ന ഈ മുസ്‌ലിം വേട്ടയ്ക്ക് നേരെ കണ്ണടയ്ക്കുകയാണ്.പ്രതിപക്ഷ പാർട്ടികളും നേതാക്കളും അപകടകരമായ മൗനം തുടരുന്നു എന്നത് ഏറെ ഭയപ്പെടുത്തുന്നു. അല്ല മനുഷ്യരേ എന്താ ഉദ്ദേശം? ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടിയ കുറെ ചെറുപ്പക്കാരെ, ആക്ടിവിസ്റ്റുകളെ ഹിന്ദുത്വ ഭരണകൂടം രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തി ജയിലഴികൾക്കുള്ളിലേക്ക് വലിച്ചെറിയുമ്പോൾ മൗനം കൊണ്ട് നിങ്ങൾ അനുമതി നൽകുകയാണോ? അതുവഴി ഈ ഫാസിസ്റ്റ് ഭരണകൂടത്തിന് നിങ്ങൾ ശക്തിപകരുകയും ഒത്താശ ചെയ്തു കൊടുക്കുകയുമാണോ? ഈ മൗനം ഒരു തരം റാൻ മൂളൽ തന്നെയാണെന്ന് പറയാതിരിക്കുക വയ്യ.