എസ്ഡിപിഐയുടെ കുതിപ്പും വെൽഫെയർ പാർട്ടിയുടെ കിതപ്പും, ഒരു താരതമ്യം

129

Sreeja Neyyattinkara

അഞ്ചു വർഷങ്ങൾക്കിടയിൽ 47 സീറ്റുകളിൽ നിന്ന് 102 സീറ്റുകളിലേക്കുള്ള എസ് ഡി പി ഐ പ്രയാണവും 41സീറ്റുകളിൽ ൽ നിന്ന് 65 സീറ്റുകളിലേക്കുള്ള വെൽഫെയർ പാർട്ടിയുടെ പ്രയാണവും .

തെരെഞ്ഞെടുപ്പ് നയത്തിലും തന്ത്രത്തിലും വെൽഫെയർ പാർട്ടിക്ക് പറ്റിയ വലിയ പാളിച്ചകൾ എസ് ഡി പി ഐ യ്ക്ക് പറ്റിയില്ല എന്നതാണ് തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്.ബദൽ രാഷ്ട്രീയത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി ഉയർന്നു വന്ന മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികളാണ് എസ് ഡി പി ഐ യും വെൽഫെയർ പാർട്ടിയും.എസ് ഡി പി ഐ യെക്കാൾ രാഷ്ട്രീയ ഇടപെടലുകൾ നടത്തി കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ചലനങ്ങൾ സൃഷ്‌ടിക്കാൻ കഴിഞ്ഞ പാർട്ടിയാണ് വെൽഫെയർ പാർട്ടി എന്നത് ഒരു യാഥാർഥ്യമാണ് …. നിരവധി സമരങ്ങൾ, രാഷ്ട്രീയ ഇടപെടലുകൾ… കഴിഞ്ഞ ഒൻപതു വർഷങ്ങൾക്കിടയിൽ വെൽഫെയർ പാർട്ടി നിരവധി സമരമുഖങ്ങൾ തുറന്നു……. ശ്രദ്ധേയമായ സമരഭൂമികൾ തീർത്തു .. ഭൂസമരങ്ങൾ ഫാസിസ്റ്റ് വിരുദ്ധ സമരങ്ങൾ അവകാശ പോരാട്ടങ്ങൾ ഒക്കെ നടത്തി… പാർട്ടി നടത്തിയ പൗരത്വ പ്രക്ഷോഭം കേരളത്തിന്റെ മുഴുവൻ ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തകരുടേയും മാധ്യമങ്ങളുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു …. ജനകീയ ഹർത്താലും രാജ്ഭവൻ രണ്ടു ദിവസം പിടിച്ചെടുത്തു കൊണ്ട് നടത്തിയ പൗരത്വ പ്രക്ഷോഭവും കേരളം ചർച്ച ചെയ്തതാണ്‌.പക്ഷേ അതിനെയെല്ലാം അർത്ഥശൂന്യമാക്കി കളഞ്ഞ ഒന്നായിരുന്നു നിമിഷം പ്രതി സംഘ് പാളയത്തിലേക്കടുത്തു കൊണ്ടിരിക്കുന്ന കോൺഗ്രസുമായുള്ള രാഷ്ട്രീയ കൂട്ടു കെട്ട്…

ലോക്സഭയിൽ ബി ജെ പിയെ പരാജയപ്പെടുത്താൻ യു ഡി എഫി നെ പിന്തുണച്ചതോടെ ആ കൂട്ടുകെട്ട് അവസാനിപ്പിക്കേണ്ടതായിരുന്നു…. എന്നാൽ അധികാരം മാത്രം ലക്‌ഷ്യം വച്ച വെൽഫെയർ പാർട്ടി നേതൃത്വം ഏതേലും. മുഖ്യധാരാ പാർട്ടിയുടെ ഭാഗമാകണം എന്ന ലക്ഷ്യത്തോടെ യു ഡി എഫുമായി പരസ്യമായ തെരെഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുകയായിരുന്നു … അതൊരു കേവല നീക്കു പോക്കിനപ്പുറം സഖ്യമെന്ന തരത്തിൽ രാഷ്ട്രീയ കേരളത്തിന് അനുഭവേദ്യമാക്കിക്കൊടുക്കും പോലെയായിരുന്നു വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ ആദ്യ പ്രതികരണം പോലും…. യു ഡി എഫ് തങ്ങളെ പരസ്യമായി അംഗീകരിക്കണം എന്ന ഒരു വാശി കൂടെ വെൽഫെയർ പാർട്ടിക്കുണ്ടായിരുന്നു എന്ന് വ്യക്തമാണ്.

കേന്ദ്രത്തിൽ സവർണ്ണ സംവരണം നടപ്പാക്കാൻ കൂട്ട് നിന്ന, കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പിലാക്കും എന്ന് പ്രകടന പത്രികയിൽ എഴുതി വച്ച യു ഡി എഫിനൊപ്പം ചേർന്ന് നിന്നു കൊണ്ട് വെൽഫെയർ പാർട്ടി എൽ ഡി എഫി ന്റെ സവർണ്ണ സംവരണത്തിനെതിരെ പോരാടി…. മാത്രമല്ല തെളിവ് സഹിതം പുറത്തുവന്ന യു ഡി എഫ് – ബി ജെ പി ബാന്ധവത്തിനെതിരെ ഒരക്ഷരം പറയാത്ത വെൽഫെയർ പാർട്ടി ഫാസിസ്റ്റ് വിരുദ്ധത പോലും യു ഡി എഫിന് മുന്നിൽ അടിയറ വച്ചു.ഒരു മുന്നണിയുടേയും പിന്നാലെ പോകാതെ ബദൽ രാഷ്ട്രീയം ഉയർത്തി തെരെഞ്ഞെടുപ്പിനെ നേരിട്ട എസ് ഡി പി ഐ ഇവിടെയാണ് കൃത്യമായ രാഷ്ട്രീയ തന്ത്രം പ്രയോഗിച്ചത് .. നമ്മൾ വിചാരിക്കുന്ന പൊളിറ്റിക്കൽ ഇക്വേഷൻസിലേക്ക് സമൂഹത്തെ കൊണ്ട് വരിക എന്നത് കൂടെ രാഷ്ട്രീയ പ്രവർത്തനത്തിൽ സുപ്രധാനമാണ്… പ്രാദേശിക തലത്തിൽ വിജയ പരാജയങ്ങളെ നിർണ്ണയിക്കുന്ന ഒരു രാഷ്ട്രീയ ശക്‌തിയായി മാറാനുള്ള സാധ്യതയെ എസ് ഡി പി ഐ പ്രയോജനപ്പെടുത്തി… വെൽഫെയർ പാർട്ടി ആഘോഷപൂർവ്വം യു ഡി എഫുമായുണ്ടാക്കിയ ധാരണ യുടെ ഭാഗമായി നേതാക്കൾ ചാനലുകൾ കയറിയിറങ്ങുമ്പോൾ എസ് ഡി.പി ഐ ബി ജെ പി ഒഴികെയുള്ള സകല രാഷ്ട്രീയ കക്ഷികളുമായി നീക്കു പോക്കുണ്ടാക്കി വിജയം ലക്‌ഷ്യം വയ്ക്കുകയായിരുന്നു …നിലപാടുകൾ പോലും തള്ളിക്കളഞ്ഞു ഒരു മുഖ്യധാരാ പാർട്ടിയുടെ ഭാഗമാകണം എന്ന രാഷ്ട്രീയ ദീർഘവീക്ഷണമില്ലായ്മയുടെ പ്രതിഫലനമാണ് 65 സീറ്റുകളിൽ വെൽഫെയർ പാർട്ടിക്ക് ഒതുങ്ങേണ്ടി വന്നത് .

ഒൻപതു വർഷം കേരളത്തിൽ നടത്തിയ ജനപക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരത്തി വച്ച് ജനങ്ങളോട് വോട്ട് ചോദിക്കേണ്ടതിന് പകരം യു ഡി എഫിന്റെ ഫാസിസ്റ്റ് കൂട്ടുകെട്ട് പോലും കണ്ടില്ലെന്ന് നടിച്ച വെൽഫെയർ പാർട്ടിക്ക് കാലം കരുതി വച്ചതാണ് ഈ റിസൾട്ട്.അവിടെയാണ് എസ് ഡി പി ഐ യുടെ രാഷ്ട്രീയ തന്ത്രം വിജയിച്ചത്… ഒരു മുന്നണിയുടേയും ഒപ്പം കൂടാതെ അതുമായി ബന്ധപ്പെട്ടൊരു വിവാദം സൃഷ്‌ടിക്കാതെ എന്നാൽ കൃത്യമായ തെരെഞ്ഞെടുപ്പ് നയത്തോടെ തെരെഞ്ഞെടുപ്പിനെ നേരിട്ടു…. ഒപ്പം യു ഡി എഫ് – ബി ജെ പി ബാന്ധവത്തെ തുറന്നു കാട്ടി… കിട്ടിയ ഓരോ രാഷ്ട്രീയ അവസരത്തേയും വോട്ടാക്കി മാറ്റി… പ്രാദേശിക നീക്കു പോക്കുണ്ടാക്കി വിജയം കൊയ്തെടുത്തു. എസ് ഡി പി ഐ നടത്തിയ രാഷ്ട്രീയ നീക്കം നടത്താൻ വെൽഫെയർ പാർട്ടിക്ക് കഴിയാതെ പോയതിന്റെ ഒന്നാമത്തെ കാരണം ദീർഘവീക്ഷണമോ രാഷ്ട്രീയ തന്ത്രമോ ഇല്ലാത്ത നേതൃത്വമാണ്….

ഒൻപതു വർഷം കഠിനാധ്വാനം നടത്തി ചിലയിടങ്ങളിലെങ്കിലും നേടിയെടുത്ത രാഷ്ട്രീയ സ്വീകാര്യത ഇങ്ങനൊരു രാഷ്ട്രീയ വിവരക്കേടിന് തലവച്ചു നശിപ്പിക്കരുതായിരുന്നു നേതൃത്വം.വെൽഫെയർ പാർട്ടിയുടെ സ്വാധീനമുള്ളയിടങ്ങളിൽ കഴിഞ്ഞ തവണ യു ഡി എഫിൽ നിന്ന് ഭരണം പിടിച്ചെടുത്ത്‌ എൽ ഡി എഫിന് കൊടുത്തു ഇത്തവണ അതേയിടങ്ങളിൽ എൽ ഡി എ നിന്ന് ഭരണം പിടിച്ചെടുത്ത്‌ യു ഡി എഫിന് കൊടുത്തു… അതും ഏറെ വിവാദമായ മുക്കം നഗരസഭയിൽ എൽ ഡി എഫ് ലീഗ് വിമതനെ പ്രയോജനപ്പെടുത്തി ഭരണം നില നിർത്തുകയും ചെയ്തു… കഴിഞ്ഞ തവണ വിജയിച്ച പല സീറ്റുകളും വെൽഫെയർ പാർട്ടിക്ക് നഷ്ടമായി… കേവലം അഞ്ചു സീറ്റുകളാണ് വെൽഫെയർ പാർട്ടി മലപ്പുറത്തു പോലും അധികം നേടിയത്.

ബി ജെ പി ഒഴികെയുള്ള ആരുമായും നീക്കു പോക്കുണ്ടാക്കി അധികാരം നേടിയെടുക്കാം എന്നാൽ അടിസ്ഥാന രാഷ്ട്രീയ നിലപാട് അടിയറ വയ്ക്കരുത് യു ഡി എഫ് – വെൽഫെയർ ബാന്ധവത്തിൽ സംഭവിച്ചത് നിലപാട് പണയം വയ്ക്കലാണ് അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു യു ഡി എഫ് – ബി ജെ പി ബാന്ധവത്തിന് മുന്നിൽ മൂടിക്കെട്ടിയ ഫാസിസ്റ്റ് വിരുദ്ധ വായ… പാർലമെന്റ് തെരെഞ്ഞെടുപ്പ് മുതൽ തുടർന്ന് കൊണ്ടിരിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട് .രാഷ്ട്രീയ തിരിച്ചടികൾ സ്വാഭാവികം അതിജീവനവും .