ഭർത്താവ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഈ ക്രൂരത ഒരത്ഭുതവും ഉണ്ടാക്കുന്നില്ല

86

Sreeja Neyyattinkara

തിരുവനന്തപുരം ജില്ലയിലാണ്…. കഠിനംകുളത്താണ്…. ഒരു സ്ത്രീയെ ബലമായി മദ്യം നൽകി കൂട്ടുകാർക്ക് പീഡിപ്പിക്കാൻ സൗകര്യം ചെയ്തുകൊടുത്തത് ഭർത്താവ് … ചാനലിൽ താൻ നേരിട്ട അതി ക്രൂരമായ പീഡനത്തെ കുറിച്ച് ആ സ്ത്രീ പറയുന്നത് കേൾക്കുമ്പോൾ ഒരു ഞെട്ടലുമില്ല…ഈ ആണധികാര വ്യവസ്ഥയെ ഒന്ന് ഭയപ്പെടുത്താൻ പോലും സ്ത്രീ സുരക്ഷാ നിയമങ്ങൾക്കു കഴിയില്ല എന്ന യാഥാർഥ്യം മുന്നിലുണ്ട്….

ഭർത്താവ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഈ ക്രൂരത ഒരത്ഭുതവും ഉണ്ടാക്കുന്നില്ല… സ്ത്രീയുടെ സംരക്ഷണം പുരുഷനെന്ന് നാഴികയ്ക്ക് നാല്പതുവട്ടം ക്ലാസെടുക്കുന്ന പൊതുബോധം…. അതേ പൊതുബോധത്തിന്റെ ഭാഗമായവൻ തന്നല്ലേ സ്വന്തം ഭാര്യയെ ബലമായി മദ്യപിപ്പിച്ച ശേഷം മദ്യപിച്ചു ലക്കുകെട്ട കൂട്ടുകാർക്കിടയിൽ അവളെ തനിച്ചാക്കി ബോധപൂർവ്വം കടന്നു കളഞ്ഞത്… ഒടുവിൽ കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ കൂട്ട് നിന്നത്…. അവൾ തന്റെ കൂട്ടുകാരിയാണെന്നോ തന്റെ കുഞ്ഞുങ്ങളുടെ അമ്മയാണെന്നോ അവൾക്കൊരു മനസുണ്ടെന്നോ ഈ ‘ഭർത്താവ്’ ചിന്തിച്ചിട്ടുണ്ടാകുമോ? കേവല ഭോഗവസ്തു മാത്രമാണ് സ്ത്രീയെന്ന് കരുതുന്ന പുരുഷന്മാർക്കൊപ്പം അവൻ പിതാവായാലും, സഹോദരനായാലും, മകനായാലും , ഭർത്താവായാലും, കാമുകനായാലും, സുഹൃത്തായാലും, സഹ പ്രവർത്തകനായാലും എന്തിന് കേവല പരിചയക്കാരനായാലും ഇടപെടേണ്ടി വരുന്നതിനോളം വലിയ ദുരന്തം സ്ത്രീകൾക്ക് വേറെയില്ല…

കഠിനംകുളം കൂട്ടബലാത്സംഗം ...ഒരു കഠിനം കുളത്തുകാരൻ ഭർത്താവിൽ മാത്രം ഒതുങ്ങുന്നതല്ല ഈ സ്ത്രീവിരുദ്ധത… വിവിധ വിവിധ വകഭേദങ്ങൾ നിമിഷം  പ്രതിയെന്നവണ്ണം നമുക്ക് ചുറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്.. ഫേസ്‌ബുക്കിനടിയിൽ വന്ന്‌ പെണ്ണിനെ ചരക്ക് എന്ന് അഭിസംബോധന ചെയ്യുന്ന മത പ്രബോധകനിൽ തുടങ്ങി ലൈവിട്ട് പെണ്ണിനെ വേശ്യ എന്ന് വിളിക്കുന്ന ജീവകാരുണ്യ പ്രവർത്തകനിൽ തുടങ്ങി പെണ്ണിന്റെ ശരീരത്തെ മുറിച്ചു വച്ച വത്തക്കയോടുപമിച്ച അധ്യാപകനിൽ തുടങ്ങി മുഴുത്ത അശ്ളീലതയും ലൈംഗികാധിക്ഷേപവും നടത്തുന്ന എണ്ണമറ്റ സംഘ് പരിവാർകാർ വരെയുള്ള ക്രിമിനലുകൾ സ്ത്രീകളെ കേവല ശരീരത്തിനപ്പുറം അടയാളപ്പെടുത്തിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്…. പെണ്ണുങ്ങളെ വിമർശിക്കാൻ അവളുടെ ശരീരം ആയുധമാക്കുന്ന സകല ആണുങ്ങളിലും ഒളിഞ്ഞിരിക്കുന്നുണ്ട് അവസരം കിട്ടാൻ കാത്തു നിൽക്കുന്ന ഒരു റേപ്പിസ്റ്റ്….

ഇവിടൊരു വനിതാ കമ്മീഷനുണ്ട് പുരുഷാധിപത്യ വ്യവസ്ഥിതിക്കു ഒരു നേർത്ത വെല്ലുവിളി ആകാനെങ്കിലും ആ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ടോ? സ്വമേധയാ കേസെടുപ്പുകൾക്കപ്പുറം എതെങ്കിലും ഒരു ഇരയ്ക്ക് നീതി നൽകി വേട്ടക്കാരനെ നിലയ്ക്ക് നിർത്താൻ കഴിഞ്ഞിട്ടുണ്ടോ? കുടുംബ പ്രശ്നങ്ങൾക്ക്‌ കൗൺസിലിംഗ് നൽകാനും അമ്മായിയമ്മപ്പോര് പറഞ്ഞു തീർക്കാനുമല്ലാതെ യഥാർത്ഥ രാഷ്ട്രീയ പരിഹാരങ്ങൾക്ക് വേണ്ടിയൊരു ചുവടു വയ്പെങ്കിലും നടത്തിയിട്ടുണ്ടോ? പോട്ടെ നാല് പെണ്ണുങ്ങൾക്ക് സ്വത്വ ബോധം എങ്കിലും പകർന്നു കൊടുത്തിട്ടുണ്ടോ കേരള വനിതാ കമ്മീഷൻ…?
പെണ്ണുങ്ങളേ നമ്മുടെ അതിജീവന പോരാട്ടങ്ങളും അതുവഴി നേടിയെടുക്കുന്ന ആർജ്ജവത്വവും അല്ലാതെ മറ്റൊന്നും ഉണ്ടാകില്ല നമ്മളെ തുണയ്ക്കാൻ…

Advertisements