ശബരിമല നിലപാട്, കേരളം ഹിന്ദുത്വ പരിവാറിനെ ഭയക്കും പോലെ യുഡിഎഫിനെയും ഭയക്കേണ്ടതുണ്ട്

56

Sreeja Neyyattinkara

ശബരിമല നിലപാട് … കേരളം ഹിന്ദുത്വ പരിവാറിനെ ഭയക്കും പോലെ യു ഡി എഫിനെ ഭയക്കേണ്ടതുണ്ട് …. അകറ്റി നിർത്തേണ്ടതുണ്ട്

ആചാരം ലംഘിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഒരു നിയമത്തിന്റെ കരടാണ് ഇതുവരെ മൃദു ഹിന്ദുത്വ കളിച്ചു കൊണ്ടിരുന്ന യുഡിഎഫ് തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് മാറുന്നതിന്റെ ഭാഗമായി കേരളത്തിന് മുന്നിൽ വച്ചത്.അഥവാ കേരളം എവിടെ എത്തി നിൽക്കുന്നു എന്ന് നമ്മൾ ആലോചിക്കണം.

സംഘ്പരിവാർ ലക്ഷ്യം എന്നാൽ എല്ലാ ഹിന്ദു ആചാരങ്ങളും സംരക്ഷിക്കപ്പെടുന്ന സവർണ്ണ സാംസ്‌കാരിക ദേശീയതയാണ് .അതൊരു രഹസ്യമല്ല.പച്ചയായി അവർ അവരുടെ പ്രത്യയ ശാസ്ത്ര പുസ്തകത്തിലത് എഴുതി വച്ചിട്ടുണ്ട്.അതിനു വേണ്ടിയാണവർ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത് … ആ ലക്ഷ്യത്തിനു വേണ്ടിയാണവർ പൗരത്വ ഭേദഗതി നിയമം കൊണ്ട് വന്നത്.അതിനു വേണ്ടിയാണവർ ബാബരി ഭൂമി കൈക്കലാക്കി രാമക്ഷേത്രം പണിയുന്നത്.അതിനു വേണ്ടിയാണവർ ഇന്ത്യൻ ഭരണഘടന അട്ടിമറിക്കുന്നത്.കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയുടെ ലക്‌ഷ്യം എന്താണ്? സംഘ് പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള വഴി പ്രയാസരഹിതമാക്കി കൊടുക്കലാണോ…?

എത്രമാത്രം നവോത്ഥാന മുന്നേറ്റം നടത്തിയിട്ടാണ് സവർണ്ണതയാൽ വിഷലിപ്തമായിരുന്ന കേരളം മുക്തമായതെന്നറിയുമോ യു ഡി എഫിന്…? ആചാരങ്ങൾ ലംഘിച്ചതിന് കടുത്ത ശിക്ഷ ഏറ്റുവാങ്ങി പോരാടിയ അവർണ്ണരുടെ മണ്ണാണിത്.സ്മാർത്ത വിചാരങ്ങൾക്കിരയായ സ്ത്രീകളുടെ മണ്ണാണിത്.. ആചാര ലംഘനങ്ങൾക്ക് ശിക്ഷ വിധിക്കുന്ന, തന്ത്രിക്ക്‌ ക്ഷേത്രത്തിന്റെ പരമാധികാരം നൽകുന്ന യു ഡി എഫ് കേരളത്തെ ഏത് നൂറ്റാണ്ടിലേക്കാണ് നയിക്കുന്നത്? ഇന്ത്യൻ ഭരണഘടനയെ പിച്ചിച്ചീന്തി നിങ്ങൾ മനുസ്മൃതി നടപ്പാക്കുമ്പോൾ ആ മനുസ്മൃതി ചുട്ടെരിച്ച ഒരു മഹാ മനുഷ്യന്റെ പിൻതലമുറ നിങ്ങളെ വെറുതെ വിടും എന്ന് കരുതുന്നുണ്ടോ യു ഡി എഫേ ? എന്ത് ധൈര്യത്തിലാണ് നിങ്ങൾ ആചാരലംഘനത്തിന് ശിക്ഷ വിധിക്കുന്നൊരു കരട് രാഷ്ട്രീയ ബോധവും ചരിത്ര ബോധവുമുള്ള ഒരു ജനതയ്ക്ക് മുന്നിൽ വച്ചത്? കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് നയിക്കാൻ കരട് തയ്യാറാക്കിയ നിങ്ങളെ എന്ത് വിശ്വസിച്ചാണ് ജനം തെരഞ്ഞെടുക്കേണ്ടത്? ബ്രാഹ്മണ്യത്തെ തിരികെ വിളിക്കുന്ന നിങ്ങൾക്കാണോ ഞങ്ങൾ വോട്ട് നൽകേണ്ടത് ?

സംഘ് പരിവാർ പോലും കേരളത്തിൽ ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യം നിങ്ങൾ ചെയ്യുമ്പോൾ കയ്യടിക്കാൻ ബോധമുള്ള ഒരാളും ഉണ്ടാകില്ല യു ഡി എഫേ .രാഷ്ട്രീയം ചർച്ച ചെയ്യാതെ അമ്പലാചാരങ്ങളിൽ തെരെഞ്ഞെടുപ്പിനെ കെട്ടിയിട്ട്‌ വോട്ട് തട്ടാമെന്ന അതിബുദ്ധിയിൽ മനുസ്മൃതിയെ വരെ പൂജിക്കുന്ന ഗതികേടിലേക്ക് നെഹ്രുവിന്റെ കോൺഗ്രസ് എത്തിയിരിക്കുന്നു.ഇവിടെ രാഷ്ട്രീയാർജ്ജവം കാണിക്കേണ്ടത് ഇടതുപക്ഷം ആണ്.കേരളത്തിന്റെ നവോത്ഥാന വിപ്ലവ ചരിത്രം ശബരിമലയിലൂടെ വീണ്ടും ചർച്ചയാക്കിയത് ഇടതുപക്ഷമാണ്‌ .കേരളത്തെ കലാപഭൂമിയാക്കാൻ കച്ചകെട്ടിയിറങ്ങിയവർക്ക് മുന്നിൽ നവോത്ഥാന മതിൽ തീർത്തത് ഇടതു പക്ഷമാണ് .ബി ജെ പിയും യു ഡി എഫും ഒരേ രാഷ്ട്രീയം പയറ്റുമ്പോൾ സി പി ഐ എമ്മിന് ഉറച്ച നിലപാടുണ്ടാകണം.രണ്ട് ഹിന്ദുത്വ പാർട്ടികളായ കോൺഗ്രസ്സും ബി ജെ പിയും ചേർന്ന് കൃത്യമായ രാഷ്ട്രീയോദ്ദേശത്തോടെ ബ്രാഹ്മണ്യത്തെ വരവേൽക്കുമ്പോൾ എന്തിന് മുസ്‌ലിം ലീഗ് പോലും അതിന് കൂട്ട് നിൽക്കുമ്പോൾ സഖാവ് പിണറായി വിജയന്റേയും എൽ ഡി എഫിന്റേയും നിലപാട് എന്താണ് എന്നറിയേണ്ടതുണ്ട് .