ഷാനിമോൾ ഉസ്മാന് കത്വയിലെ ആ വയലറ്റ് ഫ്രോക്കുകാരിയായ എട്ടു വയസുകാരിയെ ഓർമ്മയുണ്ടോ ?

56

“ശ്രീമതി ഷാനി മോൾ, വംശഹത്യ പ്രത്യയ ശാസ്ത്രം പേറുന്ന ആർ എസ് എസ് പ്രവർത്തകൻ താങ്കളുടെ തലയിൽ കൈ വച്ചനുഗ്രഹിക്കുമ്പോൾ താങ്കൾക്ക് അഭിമാനവും സന്തോഷവും തോന്നുന്നതിന്റെ അർത്ഥം എന്താണ്?”

ശ്രീജ നെയ്യാറ്റിൻകരയുടെ പോസ്റ്റ്

അരൂർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാന് ഒരു തുറന്ന കത്ത് …

ശ്രീമതി ഷാനിമോൾ ഉസ്മാൻ, ഞാൻ താങ്കളുടെ ഒരു പ്രചാരണ വീഡിയോ കണ്ടതിന്റെ വേദനയിൽ നിന്നാണ് ഇങ്ങനൊരു തുറന്ന കത്തെഴുതാൻ തീരുമാനിച്ചത്… താങ്കളുടെ തലയിൽ കൈവച്ചനുഗ്രഹിച്ച് താങ്കൾക്ക് വിജയാശംസ നേരുന്ന ഒരു മുതിർന്ന ആർ എസ് എസ് നേതാവിനെ വീഡിയോയിൽ കണ്ടു… തുടർന്ന് “മുതിർന്ന ആർ എസ് എസ് പ്രവർത്തകൻ പോലും തലയിൽ കൈ വച്ച് ജയിച്ചു വരണം എന്ന് അനുഗ്രഹിക്കുമ്പോൾ ഈ നാട് എനിക്ക് തരുന്ന സ്നേഹവും പിന്തുണയും എത്രത്തോളമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു” എന്ന താങ്കളുടെ ഫേസ് ബുക്ക് കുറിപ്പും കണ്ടു…

ശ്രീമതി ഷാനി മോൾ, വംശഹത്യ പ്രത്യയ ശാസ്ത്രം പേറുന്ന ആർ എസ് എസ് പ്രവർത്തകൻ താങ്കളുടെ തലയിൽ കൈ വച്ചനുഗ്രഹിക്കുമ്പോൾ താങ്കൾക്ക് അഭിമാനവും സന്തോഷവും തോന്നുന്നതിന്റെ അർത്ഥം എന്താണ്? ആ സംഭവം വീഡിയോയാക്കി പ്രചരിപ്പിക്കാൻ താങ്കൾക്ക് കഴിയുന്ന രാഷ്ട്രീയത്തിന്റെ പേരെന്താണ്? താങ്കളുടെ തലയിൽ കൈ വച്ച ആർ എസ് എസുകാരന്റെ കൈവെള്ളയിൽ പറ്റിയിരിക്കുന്നത് ആരുടെയൊക്കെ രക്തക്കറയാണെന്നറിയില്ലേ താങ്കൾക്ക് ? ഇന്ത്യയിലെ ഓരോ.ആർ എസ് എസ് പ്രവർത്തകന്റെ കൈയ്യിലും പുരണ്ടിരിക്കുന്ന മുസ്‌ലിമിന്റെ ചോരയെ കുറിച്ച് മുസ്‌ലിം സ്വത്വം പേറുന്ന താങ്കൾക്കറിയില്ല എന്നുണ്ടോ …?ഷാനിമോൾ, താങ്കളുടെ തലയിൽ കൈ വച്ചനുഗ്രഹിച്ച വ്യക്തിയെ പ്രകീർത്തിക്കും മുൻപ് താങ്കളുടെ ഉള്ളിൽ ഉണ്ടാകേണ്ട ചിത്രം ബൽക്കീസ് ബാനുവിന്റേതായിരുന്നു അവളുടെ വയറിൽ നിന്ന് ആർ എസ് എസ് ശൂലമുനയിൽ കോർത്തെടുത്ത പിടക്കുന്ന ഭ്രൂണത്തെ താങ്കൾ ഓർക്കണമായിരുന്നു …

കത്വയിലെ ആ വയലറ്റ് ഫ്രോക്കുകാരിയായ എട്ടു വയസുകാരിയെ താങ്കൾ ഓർക്കണമായിരുന്നു .. ആർ എസ് എസ് മുന്നോട്ടു വയ്ക്കുന്ന മുസ്‌ലിം വേട്ട എന്ന രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആർ എസ് എസ് കത്വയിലെ ആ പിഞ്ചു പെൺകുട്ടിയോട് ചെയ്തത് താങ്കൾ ഓർക്കണമായിരുന്നു… കുതിരയെ പുല്ലു തീറ്റിക്കാൻ പോയ അവളെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാൽസംഗത്തിനിരയാക്കി ഒരിറ്റ് ദാഹജലം പോലും നൽകാതെ ആ പൊന്നോമന കുഞ്ഞിനെ ദിവസങ്ങളോളം അമ്പലത്തിനുള്ളിലിട്ടു ക്രൂരമായി പീഡിപ്പിച്ചു ഒടുവിൽ അവസാനത്തെ ശ്വാസത്തെ കല്ല് കൊണ്ട് തലയ്ക്കടിച്ചു ഇല്ലാതാക്കി കളഞ്ഞത് താങ്കൾ ഓർക്കണമായിരുന്നു … അവളുടെ മാതാപിതാക്കൾ കരഞ്ഞു നിലവിളിച്ചു കൊണ്ട് മകളെ തേടി അലയുകയായിരുന്നത് താങ്കൾ ഓർക്കണമായിരുന്നു … ഒരു ആർ എസ് എസുകാരന്റെ അനുഗ്രഹം വാങ്ങി ജനപ്രതിനിധിയാകാൻ പോകുമ്പോൾ ഷാനി മോൾ ഉസ്മാൻ എന്ന മുസ്‌ലിം.സ്ത്രീക്ക് ആ പെൺകുട്ടിക്ക് ജന്മം നൽകിയ മാതാപിതാക്കളോട് പെറ്റ വയറിനോട് എന്ത് ന്യായീകരണമാണ് പറയുവാൻ ഉള്ളത്?

രാധികാ വെമുലയെ അറിയുമോ താങ്കൾ? താങ്കളുടെ തലയിൽ കൈവച്ചനുഗ്രഹിച്ചവന്റെ പ്രത്യയ ശാസ്ത്രം കാരണം സ്വപ്നങ്ങൾ സകലതും ത്യജിച്ചു ജീവൻ കളയേണ്ടി വന്ന രോഹിത് വെമുല എന്ന മകന്റെ പോരാളിയായ അമ്മയുടെ പേരാണ് രാധികാ വെമുല…
പെരുന്നാളുടുപ്പ് വാങ്ങാൻ പോയൊരു മകനെ കാത്തിരുന്ന ഉമ്മയെ അറിയാമോ ഷാനി മോൾ താങ്കൾക്ക്….? ജുനൈദിന്റെ ഉമ്മയെ…? താങ്കളുടെ തലയിൽ കൈവച്ചവന്റെ അതേ പ്രത്യയ ശാസ്ത്രം പേറുന്ന നരഭോജികൾ ട്രെയിനുള്ളിൽ നിന്ന് വലിച്ചിറക്കി കുത്തിക്കൊന്നുകളഞ്ഞു ആ കൗമാരക്കാരനെ…? അവനെ പെറ്റ വയറിനോട് താങ്കൾക്കെന്താണ് പറയാനുള്ളത്?
ഗോരഖ് പൂരിലെ ആശുപത്രിയിൽ ബോധപൂർവ്വം കൂട്ട ശിശുഹത്യ നടത്തിയ ഭരണകൂടത്തിന്റെ വക്താവാണ് .താങ്കളുടെ തലയിൽ കൈവച്ചനുഗ്രഹിച്ചവൻ… ശ്വാസം മുട്ടി മരിച്ച കുഞ്ഞുങ്ങളെ ഓർത്ത് ഹൃദയം പൊട്ടിക്കരയുന്ന പെറ്റ വയറുകളെ താങ്കൾക്ക് ഓർമ്മ ഉണ്ടായിരുന്നെങ്കിൽ താങ്കൾക്കൊരു ആർ എസ് എസുകാരനെ പ്രകീർത്തിക്കാൻ കഴിയുമായിരുന്നോ??
കഴിഞ്ഞ 8 വർഷങ്ങളായി രാജ്യം മുഴുവൻ എന്റെ മകനെവിടെ എന്ന് കരഞ്ഞു നിലവിളിച്ചു അന്വേഷിച്ചു ഓടി നടക്കുന്ന പെറ്റ വയറിനെ താങ്കൾക്ക് അറിയുമോ ? നജീബിന്റെ ഉമ്മ….? താങ്കളുടെ തലയിൽ കൈ വച്ചനുഗ്രഹിച്ചവന്റെ പ്രസ്ഥാനം അപ്രത്യക്ഷമാക്കി കളഞ്ഞ നജീബിന് വേണ്ടി അലയുന്ന ആ പെറ്റ വയറിനു നൽകാൻ ഉത്തരം ഉണ്ടോ താങ്കൾക്ക്?

ഇങ്ങു കേരളത്തിൽ അങ്ങു വടക്ക് കാസർഗോട്ടൊരു പള്ളിയിൽ ഉറങ്ങി കിടന്നൊരു ഉസ്താദിനെ കഷ്ണം കഷ്ണമായി വെട്ടി നുറുക്കിയത് താങ്കളെ അനുഗ്രഹിച്ചവന്റെ സഹപ്രവർത്തകരായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയുടെ ഉദരത്തിലൊരു കുഞ്ഞു ജീവൻ വളരുകയായിരുന്നു… പിതാവിന്റെ മുഖം പോലും കാണാൻ ആ കുഞ്ഞിനെ അനുവദിക്കാത്ത പ്രത്യയ ശാസ്ത്രത്തെ പുൽകുന്നവനാണ് താങ്കളുടെ തലയിൽ കൈ വച്ചത്. മലപ്പുറം കൊടിഞ്ഞിയിലെ ജമീല എന്ന പെറ്റ വയറിനെ അറിയുമോ താങ്കൾ? .. ഫഹദ്, ഫായിസ്, ഫർസാന ഫാത്തിമ എന്നീ മൂന്നു ബാല്യങ്ങളെ അറിയുമോ താങ്കൾക്ക്? … ഫൈസൽ എന്നൊരു ചെറുപ്പക്കാരനെ പെറ്റ വയറാണ് ജമീല…. ഫൈസൽ ജന്മം നൽകിയ മക്കളാണ് ആ മൂന്നു കുരുന്നുകൾ… പെറ്റ വയറിനു മകനേയും ഒരു സ്ത്രീക്ക് അവളുടെ പ്രിയപ്പെട്ടവനേയും മൂന്നു കുരുന്നുകൾക്ക് പിതാവിനേയും നഷ്‌ടപ്പെടുത്തിയ പ്രത്യയ ശാസ്ത്രത്തിന്റെ അനുയായിയാണ്‌ താങ്കളുടെ തലയിൽ കൈ വച്ചത് … നിരപരാധിയായ ഫൈസലെന്ന ചെറുപ്പക്കാരന്റെ മേൽ വെട്ടുകത്തി കൊണ്ട് മരണം വിധിച്ചത് സംഘ് പരിവാർ ആണ് ആ പ്രസ്ഥാനത്തിന്റെ അനുയായിയാണ്‌ താങ്കൾക്ക് വിജയം നേർന്നത്…

താങ്കൾക്കറിയുമോ കാസർഗോട്ടെ മൂന്നു വയസുകാരനായ ഫഹദിനെ.? കേരളത്തിലെ വിഷ സർപ്പം ശശികലയുടെ പ്രസംഗം കേട്ടൊരു വർഗീയവാദി കൊന്നു തള്ളിയ മൂന്നു വയസ് മാത്രം പ്രായമുള്ള ഫഹദിനെ… ആർ എസ് എസുകാരന്റെ അനുഗ്രഹം വാങ്ങിയ, അയാളെ പ്രകീർത്തിച്ച താങ്കൾക്ക് അവനെ പെറ്റ വയറിനു മുന്നിൽ ചെന്ന് നിൽക്കാനുള്ള ധൈര്യം ഉണ്ടോ? എത്രയെത്ര പെറ്റ വയറുകളെ നിത്യമായ പുത്രദുഃഖത്തിലേക്കു വലിച്ചെറിഞ്ഞ സംഘ് പരിവാർ എന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തകനാണ് താങ്കളുടെ തലയിൽ കൈ വച്ചതെന്ന് താങ്കൾക്കറിയാഞ്ഞിട്ടല്ലല്ലോ…

താങ്കൾ ഒരു മുസ്‌ലിം സ്ത്രീ എന്ന നിലയിൽ വിജയിക്കണം എന്നാഗ്രഹിച്ചിരുന്ന ഒരാളാണ് ഞാൻ.. എന്നാൽ ആർ എസ് എസിന്റെ അനുഗ്രഹവും ആയി താങ്കൾ കേരള നിയമസഭയിൽ എത്താൻ പാടില്ലെന്ന് ഞാനിപ്പോൾ ആഗ്രഹിക്കുന്നു . തെരെഞ്ഞെടുപ്പ് പ്രചാരണ വഴിയിൽ കണ്ടൊരുവൻ തലയിൽ കൈ വച്ചനുഗ്രഹിച്ചു അതാരുമായിക്കോട്ടെ പക്ഷേ അയാൾ ആർ എസ് എസുകാരനെന്ന്‌ പറഞ്ഞിട്ടും ആ വീഡിയോ എടുത്ത് പ്രചരിപ്പിക്കാനും അയാളുടെ അനുഗ്രഹത്തെ പുകഴ്ത്താനും നിങ്ങളെ പ്രേരിപ്പിച്ച ഘടകം എന്താണ്? അതെന്തായാലും ഭയക്കണം.

യു ഡി എഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാന് തലയിൽ കൈ വച്ച് വിജയം ആശംസിക്കുന്ന മുതിർന്ന ആർ എസ് എസുകാരൻ…അതിനെ ആഘോഷിക്കുന്ന ഷാനി മോൾ ഉസ്മാനും യു ഡി എഫും.എന്താണ് ഇതിൽ നിന്നൊക്കെ സാമാന്യ ജനം മനസിലാക്കേണ്ടത്? അതും ഈ ഹിന്ദുത്വ കാലത്ത് .ഷാനി മോൾ ഉസ്മാൻ താങ്കൾ ചെയ്തത് അങ്ങേയറ്റം തെറ്റാണ് എന്നോർമ്മിപ്പിച്ചു കൊണ്ട് നിർത്തുന്നു.