വാളയാർ ഒരു ചെക്പോസ്റ്റാണ്, ഇത് ഉത്തരപ്രദേശിലോ കത്വയിലോ അല്ല

29

Sreeja

വാളയാർ ഒരു ചെക്പോസ്റ്റാണ്.പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾ ഏത് ജാതി മത വിഭാഗത്തിൽ ജനിച്ചതാണെങ്കിലും അനുഭവിച്ച വേദനകൾ ,നിഷേധിക്കപ്പെട്ട നീതികൾ, അവരുടെ മാതാ പിതാക്കൾക്ക് അനുഭവിക്കേണ്ട നഷ്ടങ്ങൾ എല്ലാം ഒന്നു തന്നെയാണ്‌.
എങ്കിലും, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗമെന്ന പേരിൽ ആവശ്യത്തിലധികം മുദ്രാവാക്യ പരിലാളനകൾ ഏറ്റുവാങ്ങി അജീർണ്ണം ബാധിച്ച ഒരു കൂട്ടരുടെ ഇടയിലാണ് അതിദാരുണമായ സംഭവം നടന്നത് . പട്ടികജാതി/ഗോത്രവർഗ്ഗ പീഢനങ്ങൾക്ക് എതിരെ ചാർജ്ജുള്ള കേസുകൾ പ്രത്യേക നിയമ പരിധിക്കുള്ളിലാണ് വരുന്നത് എന്നിരിക്കെ.എന്നിട്ടും ഇവിടെ നഗ്നമായ നീതി നിഷേധം നടന്നു എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥ, ഭരണകൂട സംവിധാനം, സർവോപരി നമ്മുടെ സമൂഹം..എന്നിവയുടെ സ്ഥിതി എത്ര പരിതാപകരമാണ് എന്ന് വ്യക്തമാക്കുന്നു.

ദളിത് തന്നെ ഉത്തരേന്ത്യൻ എന്നും ദക്ഷിണേന്ത്യൻ എന്നും രണ്ടു വിഭാഗങ്ങൾ, രണ്ടു തരം പരിഗണന അർഹിക്കുന്ന വിധത്തിൽ നിലവിൽ ഉണ്ട് എന്ന് വോട്ടവകാശ കേരളം തിരിച്ചറിയുന്നു.സബാൾട്ടൺ- അംബേദ്കറിസ്റ്റ-അയ്യങ്കാളി നേതാക്കൾ ആരും ഉണ്ടായിരുന്നില്ല വാളയാറിൽ ഒറ്റപ്പെട്ടു പോയ ആ മാതാപിതാക്കൾക്കൊപ്പം. പൊതു സമൂഹം ഏറ്റെടുത്ത് ആക്ഷൻ കൗണ്സിൽ രൂപീകരിക്കുകയോ അവർക്ക് നിയമപരമായ നിർദ്ദേശങ്ങൾ നൽകുകയോ ഉണ്ടായില്ല.പകരം പ്രതികൾക്ക് വേണ്ടി വാദിച്ച വക്കീലിനെ ശിശുക്കളുടെ ക്ഷേമം അന്വേഷിക്കേണ്ട ചുമതലയിലേക്ക് സ്ഥാനക്കയറ്റം നൽകി ജനകീയ സർക്കാർ മാതൃകയായി.

SC/ST പീഡനങ്ങൾ, പ്രത്യേക നിയമപരിധിക്കുള്ളിൽ വരുന്നതായതിനാൽ, ഇത്തരം കേസുകൾ അന്വേഷിക്കാൻ DySP യിൽ കുറഞ്ഞ പദവി വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാർക്ക് അധികാരം ഇല്ല . എന്നാൽ, ഈ കേസ്സ് തുടക്കം മുതൽ അന്വേഷിച്ച് തെളിവ് നശിപ്പിച്ചവർ ആരായിരുന്നു എന്ന് അന്വേഷിക്കുന്നത് ഇപ്പോൾ ജാഗരൂകരായ സമൂഹത്തിന് നല്ലതാണ്.SC,/ST വിഭാഗത്തിലെ കുഞ്ഞുങ്ങൾ ഇരകൾ ആയതിനാൽ ഈ കേസ് വിചാരണ ചെയ്യേണ്ടിയിരുന്നത് പോക്സോ കോടതിയിൽ അല്ല, മണ്ണാർക്കാട് Exclusive Special Court (SC/ST offences ) ൽ ആയിരുന്നു.

പോക്സോ കോടതിക്ക് പട്ടികജാതി പീഡന കേസ്സ് വിചാരണ ചെയ്യാൻ Legal Jurisdiction ഇല്ല എന്ന് നിയമ വിദഗ്ധർ പറയുന്നു.
അതുകൊണ്ട് തന്നെ പോക്സോ കോടതി അതിന് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് പീഢനക്കേസ്സിലെ പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്.ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ Criminal Appeal ഫയൽ ചെയ്ത് കേസ്സ് വാദിച്ചാൽ പോക്സോ കോടതിയുടെ വിധിന്യായം അസ്ഥിരപ്പെടുത്തി പട്ടികജാതി പീഡനത്തിനെതിരെയുള്ള കേസ്സ് കേൾക്കാൻ അധികാരം ഉളള കോടതിയിൽ നിന്നും നീതി ലഭ്യമാവും എന്നും നിയമ വിദഗ്ദർ അഭിപ്രായപെടുന്നുണ്ട്

ആ കുഞ്ഞുങ്ങൾ പോയി. ഇനിയുള്ള കുഞ്ഞുങ്ങൾക്കെങ്കിലും നീതി ലഭ്യമാവട്ടെ. മെഴുകുതിരി കത്തിക്കൽ, ലിംഗം വരയ്ക്കൽ, ഒന്നുമല്ല, ഭരണഘടന അനുശാസിക്കുന്ന നിയമവഴികളിലൂടെ നീതി ലഭ്യമാക്കാൻ ഇനിയെങ്കിലും പൊതുസമൂഹം ഉണരുക.
അംബേദ്കറും അയങ്കാളിയും sublatern മുറവിളികളും പതിവ് പോലെ വോട്ട്ബാങ്ക് രാഷ്ട്രീയക്കളരിയിലെ war cries ആയി ഒതുങ്ങികൊള്ളട്ടെ. വാളയാർ ഒരു ചെക്പോസ്റ്റാണ്.ഇത് ഉത്തരപ്രദേശിലോ കത്വയിലോ അല്ല.ഇത് കേരളമാണ്….!!!