ഒന്നിനുമല്ലാതെ ജീവനുള്ള ഒന്നിനെ സ്നേഹിക്കാൻ, ഇഷ്ടപ്പെടാൻ അപൂർവ്വം ചിലർക്കേ സാധിക്കൂ

482

Sheeja Unni എഴുതുന്നു 

വെറുതെ ഒന്നിനുമല്ലാതെ, ഞാൻ സ്നേഹിക്കുന്നു , ഇഷ്ടപെടുന്നു…!

ജീവിതത്തിൽ ഒരുപാട് കേട്ട് പഴകിയ ഒരു വാക്കാണിത്. ഇതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഇത് എത്രമാത്രം പ്രാവർത്തികമാക്കാൻ സാധിക്കും ?

നിർജീവമായ വസ്തുക്കളിൽ ചിലപ്പോൾ സാധ്യമായേക്കാം..പക്ഷെ ഒന്നിനുമല്ലാതെ ജീവനുള്ള ഒന്നിനെ സ്നേഹിക്കാൻ ,ഇഷ്ടപ്പെടാൻ അപൂർവം ചിലർക്കേ സാധിക്കൂ..

Sheeja Unni

തുടക്കം ചിലപ്പോൾ ഒന്നിനും വേണ്ടി ആകില്ല. പോകെ,പോകെ എന്റേത് എന്ന് തോന്നിതുടങ്ങിയാൽ അതിനോട് ഒരിഷ്ടക്കൂടുതൽ വന്നു ചേരും. അത് എന്തുമായിക്കൊള്ളട്ടെ. പിന്നീട് ആവശ്യമില്ലാത്ത ഒരു കെയർ അതിന്റെ പുറത്തു വന്നുചേരും. ഇടയ്ക്കിടെ എത്തിനോക്കാൻ തോന്നും. സുഖമാണോ എന്ന് തിരക്കാൻ വെമ്പും. ഈ ലോകത്തിലെ മറ്റെന്തിനേക്കാളും കൂടുതൽ ഇഷ്ടപെട്ട വസ്തുവിനെ കുറിച്ച് ഓർക്കാൻ സമയം കണ്ടെത്തും. അത് എത്ര നാൾ ? എന്നാണ് മനസ്സിലാകാത്തത്..

ഇഷ്ടപ്പെട്ടു വളർത്തുന്ന ഒരു പൂച്ചെടി പോലും നമ്മൾ ഇതേ കരുതലും, സ്നേഹവും തന്നെ കൊടുക്കും. തുടക്കത്തിൽ എല്ലാം ഇടയ്ക്കിടെ പോയി നോക്കും, തൊട്ടു തലോടും. അവസാനം അതിൽ മനോഹരമായ പൂ വിരിയുമ്പോൾ അങ്ങേയറ്റം സന്തോഷിക്കും. സ്നേഹക്കൂടുതൽ കൊണ്ട് അത് ഇറുത്തെടുക്കാൻ പോലും നമ്മൾ മുതിരില്ല.കണ്ടു ആസ്വദിച്ചു നിർവൃതി കൊള്ളും. അവസാനം ആ പൂ കൊഴിഞ്ഞാൽ പിന്നെ കുറച്ചു ദിവസത്തേക്ക് ആ വഴിക്കു നോക്കില്ല..

പിന്നീട് അത് മുട്ടിടുമ്പോൾ ആകും വീണ്ടും ശ്രദ്ധിക്കുക. അവിടെയും നമ്മൾ പ്രതീക്ഷിക്കുന്നു.ഇത് പൂവിടും, കായ്ക്കും എന്ന്..ഇല്ലെങ്കിലോ ? കുറച്ചു കാലം കഴിയുമ്പോൾ ശ്രദ്ധിക്കാതെ അത് വാടിപോകും, അല്ലെങ്കിൽ ചുമ്മാ കാടുപിടിച്ചു കിടക്കുന്നു എന്നും പറഞ്ഞു അതിനെ വെട്ടിക്കളയും..

ഇത്രേ ഉളളൂ നമ്മുടെ ഇഷ്ടങ്ങൾ, അല്ലെങ്കിൽ സ്നേഹം. ഒന്നിനുമല്ലെന്നു പറഞ്ഞു നേടുന്ന ഇഷ്ടങ്ങൾ, ഒന്നിനും കൊള്ളില്ലെന്നു മനസ്സിലാകുമ്പോൾ ഉപേക്ഷിക്കപെടുന്നു.

ഇതിലും വൈവിധ്യം കാണിക്കുന്ന പലരും ഉണ്ടാകാം. എന്നാലും പൊതുവെ എന്തിനൊക്കെയോ വേണ്ടി പ്രതീക്ഷിക്കുന്നു എല്ലാരും.പ്രതീക്ഷ നിരാശക്കു വഴിമാറുമ്പോൾ പതിയെ ഒഴിവാക്കപ്പെടുന്നു.

ഒന്നിനുമല്ലാതെ ,ഒന്നിനെയും ആരും സ്നേഹിക്കുന്നില്ല എന്നതാണ് വാസ്തവം. പ്രതിഫലത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം .അത് വ്യക്തിയെ ആശ്രയിച്ചിരിക്കും. നട്ടുവളർത്തുന്ന പൂച്ചെടി കാണാൻ ഇഷ്ടപ്പെടുന്നവർ ഉണ്ടാകാം. വിൽക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടാകാം. ദൈവത്തിനു മുൻപിൽ വെയ്ക്കാൻ ഇഷ്ടപ്പെടുന്നവരും ഉണ്ടാകാം.അല്ലാതെ അത് വെറുതെ പൂക്കാതെ, കായ്ക്കാത്ത അവിടെ അങ്ങിനെ നിന്നോട്ടെ എന്ന് ആഗ്രഹിക്കുന്നവർ വിരളം.

ആ കാര്യത്തിൽ മനുഷ്യനോളം സ്വാർത്ഥത വേറെ ഒരു ജീവിയിലും കാണില്ല.ഒന്നിനുമല്ലാതെ പ്രണയിക്കാൻ ,സ്നേഹിക്കാൻ എത്രപേർക്ക് സാധിക്കും. വിളിക്കാതെ,കാണാതെ, മിണ്ടാതെ എവിടെയോ അവരുണ്ടെന്ന തോന്നലിൽ മാത്രം പ്രണയിക്കാൻ സാധിക്കുമോ ? സാധിക്കും.പലപ്പോഴും അപ്പുറത്തെ വ്യക്തി അറിയാതെ മനസ്സിൽ കൊണ്ട് നടക്കുന്ന പ്രണയത്തിൽ അത് സാധ്യമാണ്…

പരസ്പരം അറിയുന്ന, പറയുന്ന ബന്ധങ്ങളിൽ ഇതൊന്നും സാധ്യമല്ല. കുറച്ചൊക്കെ എല്ലാരും ആഗ്രഹിക്കും. അമിത ആഗ്രഹം നിലനിൽക്കാറുമില്ല. കുറെ കഴിയുമ്പോൾ നിരാശയായി, ബോറായി, പരാതി ആയി അവസാനം പിന്നെ ഓരോരുത്തരുടെയും സ്വഭാവം അനുസരിച്ചു പോകും…

ഇങ്ങനെ അല്ലെങ്കിൽ കൂടി ഏറെക്കുറെ കരുതലും, സ്നേഹവും ആഗ്രഹിക്കാത്ത ബന്ധങ്ങൾ കുറവ് തന്നെയാണ്..ഒന്നിനുമല്ലെങ്കിൽ കൂടി നിനക്ക് സുഖാണോ ? എന്ന് ചോദിക്കാൻ അപ്പുറത്തു ഒരാളെങ്കിലും ഉണ്ടാകാൻ ആഗ്രഹിക്കാത്തവർ ചുരുക്കം . അത്രേ ആഗ്രഹിക്കാൻ പാടൂ ..അതിനുമപ്പുറം പോകാതിരുന്നാൽ മനസമാധാനം കൂടുതൽ കിട്ടും..

ഇന്ന് അധികവും സ്വാർത്ഥസ്നേഹങ്ങളും, ബന്ധങ്ങളും ആണ്..അതിനു ആയുസ്സും കുറവാണ്. അതിനിടയിലും കുറച്ചു മുത്തുകളും, പവിഴങ്ങളും ഇല്ലാതില്ല. അത് നമ്മളിലേക്ക് വന്നു ചേരുന്നതും ഭാഗ്യം തന്നെ.ചേർത്തുപിടിക്കാം അത്തരം ഇഷ്ടങ്ങളെ…ഒന്നിനുമല്ലാതെ…

വീണ്ടും വന്നു ,ഒന്നിനുമല്ലാതെ എന്ന്…സത്യത്തിൽ സന്തോഷത്തിനു വേണ്ടി, ആശ്വാസത്തിന് വേണ്ടി തന്നെയാണ് നമ്മളും ഇത്തരം ഇഷ്ടങ്ങളെ കൂടെ കൂട്ടുന്നത്.

ചില സ്നേഹങ്ങൾക്കു പകരം വെക്കാൻ ആവില്ല. മനസ്സ് നിറയെ സ്നേഹവും, പ്രാർത്ഥനയും,നന്മയും ഉള്ള മനുഷ്യനാകാൻ ശ്രമിക്കാം നമുക്കെല്ലാം..

മിണ്ടിയില്ലെങ്കിലും, കണ്ടില്ലെങ്കിലും എല്ലാവരോടും സ്നേഹം മാത്രം. പ്രണയം ജീവിതത്തിൽ ഒരാളോട് മാത്രം..ചില മൂല്യങ്ങളെ മനസ്സിൽ കാത്തുസൂക്ഷിക്കുന്നത് കൊണ്ട് തന്നെ മരണം വരെ അയാൾ മാത്രം…..!!

Previous articleനെല്ലിയാമ്പതി
Next articleമൃഗങ്ങൾ ദുരന്തം പ്രവചിക്കുമോ ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.