സവര്‍ണ സംവരണം പോലെ ചരിത്രത്തിലെ ഏറ്റവും വലിയ അനീതികളിലൊന്ന് നടന്ന ഭരണകാലമാണ്

35

Sreejith Divakaran

കേരള ചരിത്രത്തിലെ ഒരുപക്ഷേ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പായിരിക്കും വരുന്ന ഏപ്രില്‍ ആറിന് നടക്കുന്നത്. ഞാന്‍ ഇടത്പക്ഷത്തിന് ഒപ്പമാണ്. അവര്‍ക്ക് വോട്ട് ചെയ്യും. കഴിയുന്നത്ര ആളുകളോട് അതേ കുറിച്ച് പറയും. കേരളത്തില്‍ ഇടത്പക്ഷം, കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് എന്നീ സാധ്യതകള്‍ മാത്രമേ ജനാധിപത്യത്തിന്റെ മുന്നിലുള്ളൂ. കോണ്‍ഗ്രസ് നയിക്കുന്ന കൂട്ടം ഇത്തവണ പരിഗണിക്കുന്നു പോലുമല്ല. ഉത്തരവാദിത്തമില്ലാത്ത പ്രതിപക്ഷം എന്ന നിലയില്‍ മാത്രമല്ല, വക്രബുദ്ധികളും പിന്തിരപ്പന്‍ രാഷ്ട്രീയവും മാത്രം കൈമുതലുള്ള നേതാക്കളുടെ ചെയ്തികള്‍ കൊണ്ടും കോണ്‍ഗ്രസ് വെറുപ്പിച്ച അഞ്ച് വര്‍ഷങ്ങളായിരുന്നു ഇത്.

ഭരണപക്ഷം വെറുപ്പിച്ച പല സന്ദര്‍ഭങ്ങളും ജനാധിപത്യത്തിന്‍ കീഴില്‍ ഓര്‍ത്തെടുക്കാനുണ്ടാകും. പക്ഷേ പ്രതിപക്ഷത്തോട് ഇത്രയേറെ അകല്‍ച്ച തോന്നിയ വര്‍ഷങ്ങള്‍ ചരിത്രത്തിലുണ്ടായിട്ടില്ല. കേരളത്തിലെ ദുര്‍ബല മൂന്നാം സ്ഥാനക്കാരായ ബി.ജെ.പി എന്ന ഫാഷിസ്റ്റ് ശക്തികള്‍ക്ക് അജണ്ട നിശ്ചയിക്കാനായി പ്രതിപക്ഷ സ്ഥാനം പണയം വയ്ക്കുകയും ചെയ്തു കോണ്‍ഗ്രസ്. വര്‍ഗ്ഗീയത, ജാതി സംഘങ്ങള്‍, നുണപ്രചരണം നടത്തുന്ന മീഡിയ, ഉദ്യോഗസ്ഥ വൃന്ദം, ഉപദ്രവം മാത്രം നല്‍കുന്ന കേന്ദ്രം, അരാഷ്ട്രീയ സമൂഹങ്ങള്‍, മൂലധനശക്തികള്‍ എന്നിങ്ങനെ സര്‍വ്വ സാമൂഹ്യവിരുദ്ധവരും സ്വഭാവികമായും സര്‍ക്കാരിനെതിരായിരുന്നു. പലപ്പോഴും പ്രധാന പ്രതിപക്ഷമായ യു.ഡി.എഫിനെ പിന്‍തള്ളി, ഈ വര്‍ഗ്ഗീയ ഫാഷിസ്റ്റ് ശക്തികളെ മുന്നോട്ട് കൊണ്ടുവരാന്‍ ശ്രമിച്ച ഹിന്ദുത്വ മീഡിയയുടെ തന്ത്രങ്ങള്‍ പോലും മനസിലാക്കാതെ അവരുടെ അജണ്ടകള്‍ക്കനുസരിച്ച് തുള്ളുന്ന പാവകളായിരുന്നു ഇവര്‍.
അവര്‍ക്ക് വോട്ട് ചെയ്യില്ല.

ഭരണപക്ഷം പെര്‍ഫെക്ട് ഒന്നുമായിരുന്നില്ല. സവര്‍ണ സംവരണം പോലെ ചരിത്രത്തിലെ ഏറ്റവും വലിയ അനീതികളിലൊന്ന് നടന്ന ഭരണകാലമാണ്. പോലീസ് നീതിപൂര്‍വ്വമായി പ്രവര്‍ത്തിക്കാത്ത സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ടായിരുന്നു. സൂക്ഷ്മമായി എടുത്താല്‍ ഒരോ മേഖലയിലും വലിയ പ്രശ്‌നങ്ങളുണ്ട.് സമ്പൂര്‍ണ്ണമായും വിജയിക്കുന്ന, എല്ലാം ശരിയാകുന്ന ഭരണം പരസ്യവാചകത്തിലേ ഉള്ളൂ. അങ്ങനെയൊന്നൊന്നില്ല. പ്രത്യേകിച്ചും നമ്മളെ പോലെ അപാരമായ വിവേചനങ്ങള്‍ നിറഞ്ഞ, അസന്തുലിതാവസ്ഥ ഏറ്റവും കഠിനമായ ഒരു രാജ്യത്ത്.

പക്ഷേ, ഓര്‍മ്മയിലെ ഏറ്റവും മികച്ച ഭരണകാലമാണ്. 10-12 വയസുമുതല്‍ രാഷ്ട്രീയം പിന്തുടരുന്നുണ്ട്. ആദ്യമൊന്നും അത്രയ്‌ക്കൊന്നും മനസിലായിട്ടില്ല. വലത്പക്ഷ രാഷ്ട്രീയം നിറഞ്ഞ കുടുംബത്തിലും നാട്ടിലും അന്തരീക്ഷത്തിലുമാണ് വളര്‍ന്നത്. പക്ഷേ പ്രീഡിഗ്രി ബോര്‍ഡ് സമരവും തങ്കമണി-കീഴ്മാട് സംഭവങ്ങളും തിരഞ്ഞെടുപ്പില്‍ നിറഞ്ഞ നിന്ന 1987 -ലെ തിരഞ്ഞെടുപ്പ് മുതല്‍ ഈ പ്രക്രിയയെ സൂക്ഷ്മായി നോക്കുന്നുണ്ട്. അക്കാലവും അതിന് മുമ്പുള്ള കാലവും രാഷ്ട്രീയ-ജേണലിസ്റ്റ് വിദ്യാര്‍ത്ഥി എന്ന നിലയില്‍ പഠിക്കാനായി നോക്കിയിട്ടുണ്ട്. പക്ഷേ ഇത്രയേറെ പ്രതിസന്ധികള്‍ ബാധിച്ച അഞ്ച് വര്‍ഷം കേരളത്തിന്റെ ചരിത്രത്തിലുണ്ടായി കാണില്ല. ഇത്രയേറെ നിഷേധാത്മകവും പ്രതികാരത്മകവുമായി ഒരു സംസ്ഥാനത്തോട് പ്രതികരിച്ചിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും ഉണ്ടായിട്ടില്ല. വൈരാഗ്യബുദ്ധിയോടെ നുണകള്‍ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ ഇത്രയേറെ ഉഷ്ണിച്ച കാലമുണ്ടായിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ക്ക് ഇത്രയേറെ പ്രചാരം ലഭിച്ച കാലമുണ്ടായിട്ടില്ല. ഇക്കാലത്ത് ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയും മികവോടെ കേരളം കാത്തു. വ്യവസായ ലോകത്തിന് പുരോഗതി ഉണ്ടായി. തീരദേശമേഖലയിലടക്കം വലിയ മാറ്റങ്ങളുണ്ടായി. ഇന്‍ഫ്രാസ്ട്രചക്ചര്‍ വികസിച്ചു. കൃഷിയും പൊതുവിതരണവും മെച്ചപ്പെട്ടതായി. അതിലെല്ലാം ഉപരി കൈവിട്ട്, ലോകം അവസാനിച്ച് പോകുന്നു എന്ന് തോന്നുന്ന കാലത്ത് ഒരു ഭരണകൂടം ജനതയ്ക്ക് കൂട്ടിനുണ്ട് എന്ന് തോന്നലുണ്ടാക്കി. ഞാന്‍ വോട്ട് ചെയ്യുന്നത് ആ ഉറപ്പിനാണ്.

35-40 സീറ്റ് ലഭിച്ചാല്‍ ഭരണം പിടിക്കും എന്ന് ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന് ഗര്‍വ്വോടെ പറഞ്ഞ് പോകാവുന്ന ജനാധിപത്യസാഹചര്യം ഉണ്ടായി തീര്‍ന്നിട്ടുള്ള കാലമാണ്. കേട്ടിരിക്കുന്ന ഒരാളും കുലുങ്ങി ചിരിക്കുകയല്ലാതെ മുഖത്താട്ടില്ല. ജനാധിപത്യം പിഴുതെറിയുമെന്ന് ഒരുത്തന്‍ ആക്രോശിക്കുകയാണ്. അതവരുടെ മിടുക്കല്ലേ എന്ന് ചോദിക്കുന്ന അരാഷ്ട്രീയത ഉണ്ട് ചുറ്റും. ബലാത്‌സംഗം ചെയ്യുന്നത്, കൊലപാതകം ചെയ്യുന്നത്, മോഷ്ടിക്കുന്നത്, ആക്രമിക്കുന്നത്, മേല്‍ജാതി അവകാശങ്ങള്‍ നടപ്പിലാക്കുന്നത്, തങ്ങള്‍ക്കിഷ്ടമില്ലാത്ത ഭക്ഷണം കഴിക്കുന്നവരെ കൊല്ലുന്നത് എല്ലാം മിടുക്കാണ് എന്ന് വ്യാഖ്യാനിക്കുന്ന ഫാഷിസ്റ്റുകളുടെ ലോജിക്കാണത്. അവര്‍ക്ക് ജനാധിപത്യം കൊണ്ടേ മറുപടിയുള്ളൂ. നിനക്കൊന്നും ഒരു സീറ്റല്ല, നൂറ് വോട്ട് തികച്ച് കിട്ടാതിരിക്കാന്‍ ഞങ്ങള്‍ നിതാന്തജാഗ്രത കൊള്ളും. ഇടത്പക്ഷത്തെ ജയിപ്പിക്കുന്നതിനൊപ്പം ഫാഷിസ്റ്റുകളായ സംഘപരിവാര്‍-ബി.ജെ.പി ക്രിമിനലുകളെന്ന കളപറച്ചെറിഞ്ഞ് നമ്മുടെ ജനാധിപത്യം സംരക്ഷിക്കേണ്ട ബാധ്യത കൂടി ഈ തിരഞ്ഞെടുപ്പിലുണ്ട്.