ഭീരുവായ അക്രമിയുടെ നേരെ ഷദാബിന്റെ ശാന്തമായ നടത്തത്തിന് എന്തൊരു തീഷ്ണതയാണ്

304

Sreejith Divakaran എഴുതുന്നു 

വീണ്ടും വീണ്ടും ഈ ഫോട്ടോ നോക്കുകയായിരുന്നു. കശ്മീരിൽ നിന്നുള്ള രണ്ടാം വർഷ പി.ജി.സ്റ്റുഡൻറായ ഷദാബ് ഫാറൂഖിനും നോയ്ഡക്കടുത്തുള്ള ജേവാർ സ്വദേശിയായ ഗോപാൽ ശർമ്മയെന്ന സംഘി തീവ്രവാദിക്കും ഏകദേശം ഒരു പ്രായമായിരിക്കും. ഷദാബ് നീതിക്ക് വേണ്ടി സമരത്തിനിറങ്ങുമ്പോൾ നീതി നൽകില്ല എന്ന വാശിയോടെ, സംഘപരിവാർ പ്രസരിപ്പിക്കുന്ന, പഠിപ്പിക്കുന്ന വെറുപ്പ് മാത്രം തലച്ചോറിലുള്ള ഗോപാൽ തോക്കുമായി രംഗത്തിറങ്ങുന്നു.

മറ്റൊരു ജനുവരി 30 ന് തോക്കുമായി രംഗത്തിറങ്ങിയ മറ്റൊരു ഗോപാൽ, ‘ഹിന്ദുത്വ’ത്തെ സംരക്ഷിക്കാനിറങ്ങിയ മറ്റൊരു ബ്രാഹ്മൺ, സവർക്കറും കൂട്ടരും പകർന്ന വിഷവൈറസുകളാൽ മനസും ബുദ്ധിയും ക്രൂരതയുടേത് മാത്രമായ ആ മറ്റൊരാൾ ആയിരുന്നിരിക്കും ഈ ഗോപാലിന്റേയും മാതൃക. നരേന്ദ്ര ഭായ്ക്കും, അമിത് ഭായ്ക്കും ഒരു തോക്ക് സഹായം. യോഗീ ജിയുടെ ആശിർവാദത്തിന് പാത്രമാകാൻ ഒരു പുണ്യ പ്രവർത്തി.

എങ്കിലും ഭീരുവാണയാൾ. കൈയ്യിൽ തോക്കുണ്ടെങ്കിലും മുന്നോട്ട് ഉറപ്പോടെ നടന്ന് വരുന്ന ഷദാബിനെ കാണുമ്പോൾ അയാൾ പതറിപ്പോകും. കാരണം ഗോപാലിനെ പോലെ ജന്മം കൊണ്ടും ജാതി കൊണ്ടുമുള്ള പ്രിവിലേജിന്റെ മുകളിലിരുന്ന് വിദ്വേഷത്തിന്റെ ആറ്റംബോംബുകളുണ്ടാക്കുക യായിരുന്നിരിക്കില്ല ഷദാബ്. കശ്മീരിയാണ്. ജനിക്കുന്ന കാലം തൊട്ട് അനീതികൾ കണ്ട് കണ്ടായിരിക്കും ജീവിച്ചിരിക്കുക. ഇതു പോലെ തോക്ക് ചൂണ്ടി, വെറുപ്പും വിദ്വേഷവും തുപ്പി, പോലീസിന്റേയും പട്ടാളത്തിന്റെയും വേഷമിട്ട ഫാഷിസ്റ്റുകൾ അനീതിക്കെതിരെ രംഗത്തിറങ്ങിയ ആൾക്കൂട്ടത്തിന് നേരെ അട്ടഹസിക്കുന്നതീ ചെറുപ്രായത്തിലയാൾ എത്ര കണ്ടിരിക്കും. ക്രിമിനലിന്റെ കണ്ണിലെ ഭീരുത്വം അയാൾക്ക് എത്ര മാത്രം പരിചിതമായിരിക്കും. എന്തൊരു തീഷ്ണതയാണ് ഷദാബിന്റെ ശാന്തമായ നടത്തത്തിന്.

അപ്പുറത്ത് താൻ ചെയ്യുന്ന പണിമറന്ന് ആകുലതയോടെ ഒരു നിമിഷം പതറി നിൽക്കുന്ന ക്യാമറ പേഴ്സണെ കണ്ടോ? മീഡിയ വണ്ണിലെ നിധീഷ്. പ്രിയ സുഹൃത്താണ്. മലയാളിയാണ്. മനുഷ്യത്വമുള്ള ആരും പതറിപ്പോകുന്ന സാഹചര്യമാണ്. തോക്ക് ചൂണ്ടി അലറുന്ന ക്രിമിനലിന് നേരെ നടന്നടുക്കുന്ന ചെറുപ്പക്കാരനെ ക്യാമറ കണ്ണിലൂടെയല്ലാതെ നോക്കിപ്പോകുന്ന നിമിഷം. അതിനുമപ്പുറം സംഘി ഭരണത്തിന്റെ വേട്ടപ്പട്ടികൾ നിൽപ്പുണ്ട്. അവരുടെ ശാന്തത കണ്ട് തെറ്റിദ്ധരിക്കരുത്. യജമാനന്റെ ഒരു കൈയ്യാഗ്യം മതി. പ്രതിഷേധിക്കുന്നവരെ, പാവപ്പെട്ടവരെ, അരുക്കാകപ്പെട്ടവരെ, കീഴാള മനുഷ്യരെ കടിച്ച് കീറുമവർ – അതിൽ സ്വന്തം നിലയിലുള്ളവരുണ്ടെങ്കിൽ കൂടി. ഗുണ്ടകളെന്നതിനപ്പുറം ഒരസ്തിത്വവും ഇല്ലാത്ത കൂട്ടമാണ്.