നാമറിയാത്ത ഏതൊക്കെ പോരാട്ടങ്ങള്‍ ചേര്‍ന്നാണ് ഈ ലോകത്തെ കൊള്ളാവുന്ന ഇടമാക്കി മാറ്റുന്നത്, അതിനായി എത്രപേരാണ് രക്തസാക്ഷികളാകുന്നത്

92

ശ്രീജിത്ത് ദിവാകരൻ

കോവിഡ് വാര്‍ത്തകള്‍ക്കിടയില്‍ ഹെലിന്‍ ബോലെകിന്റെ മരണവാര്‍ത്ത അറിഞ്ഞിരുന്നില്ല. ടര്‍ക്കിഷ് ഭരണകൂടത്തെ നിരാഹാര സമരത്തിലൂടെ നേരിടാന്‍ ശ്രമിച്ച ഇടത്പക്ഷ വിപ്ലവ ഗായിക. 288 ദിവസത്തെ നിരാഹാരത്തിന് ശേഷം രക്തസാക്ഷിയായി. പ്രതിഷേധ ഫോക്ഗാനങ്ങളുമായി ടര്‍ക്കിഷ് സര്‍ക്കാരിനെ അസ്വസ്ഥതപ്പെടുത്താന്‍ തുടങ്ങിയ ഗ്രുപ് യോറും എന്ന മ്യൂസിക് ബാന്‍ഡ് 2016-ലാണ് ടര്‍ക്കി നിരോധിച്ചത്. വിവിധ രാജ്യങ്ങള്‍ നിരോധിച്ചിട്ടുള്ള തീവ്രവാദി സംഘടനയായ റവല്യൂഷനറി പീപിള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നിരോധനം.

ഇതേ തുടര്‍ന്നാണ് നിരോധനം പിന്‍വലിക്കണം. ജയിലടച്ച സഹപ്രവര്‍ത്തകരെ വിട്ടയ്ക്കണം എന്നാവശ്യപ്പെട്ട് ഹെലിന്‍ ബോലെക്കും ബാന്‍ഡ് അംഗമായ ഇബ്രാഹിം ഗോക്‌സെക്കും നിരാഹാര സമയം ആരംഭിച്ചത്. കഴിഞ്ഞ നവംബറില്‍ രണ്ടുപേരൊഴികെയുള്ള ബാന്‍ഡ് അംഗങ്ങളെ ജയിലില്‍ നിന്ന് വിട്ടയച്ചുവെങ്കിലും ബാന്‍ഡിന്റെ നിരോധനം പിന്‍വലിക്കുക, കേസുകള്‍ അവസാനിപ്പിക്കുക, മറ്റുള്ളവരെ ജയിലില്‍ നിന്ന് വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹെലിനും ഇബ്രാഹിമും നിരാഹാര സമരം തുടരുകയായിരുന്നു. മൂന്നാഴ്ച മുമ്പ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അവര്‍ ചികിത്സയ്ക്ക് വിസമ്മതിച്ചു.

മരിക്കുമ്പോള്‍ 28 വയസേ ഹെലിന്‍ ബോലെക്കിനുണ്ടായിരുന്നുള്ളൂ. നെല്‍സണ്‍ മണ്ടേല സ്വതന്ത്രനായതിന് ശേഷമായിരിക്കും ഹെലിന്‍ ജനിച്ചത് തന്നെ. അതിനും നാല് പതിറ്റാണ്ടിലേറെ മുമ്പ് ഗാന്ധിജി കൊല്ലപ്പെട്ടിട്ടുണ്ട്. എന്നിട്ടും പാടാനുള്ള സ്വാതന്ത്രത്തിന് വേണ്ടി 288 ദിവസങ്ങളോളം ഒരു ഏകാധിപത്യ സര്‍ക്കാരിനെതിരെ നിരാഹാര സമരത്തിലൂടെ ഹെലിന്‍ യുദ്ധം ചെയ്തു. നാമറിയാത്ത ഏതൊക്കെ പോരാട്ടങ്ങള്‍ ചേര്‍ന്നാണ് ഈ ലോകത്തെ കൊള്ളാവുന്ന ഇടമാക്കി മാറ്റുന്നത്. അതിനായി എത്രപേരാണ് രക്തസാക്ഷികളാകുന്നത്!


M R Anil Kumar

കെമാൽ പാഷയുടെ തുർക്കി ഒരിക്കൽ നെഹ്റുവിൻ്റെ ഇന്ത്യ തന്നെയായിരുന്നു. മതേതര ജനാധിപത്യ പരമാധികാര റിപ്പബ്ലിക്ക്. പാശ്ചാത്യ വിദ്യാഭ്യാസവും ശാസ്ത്ര ചിന്തയും സെക്കുലറിസവും ഒരുപോലെ പ്രബലമായ ഒരു രാജ്യം. അവിടെയാണ് ഇന്ത്യയിലെ ഹിന്ദുത്വ വർഗീയ- ഫാഷിസ്റ്റുകളെ പോലെ തന്നെ പൊളിറ്റിക്കൽ ഇസ്ളാമിസ്റ്റ് തീവ്രവാദികൾ പിടി മുറുക്കിയത്. ഇന്ന് ഇന്ത്യയിൽ നടക്കുന്നതെല്ലാം തുർക്കിയിൽ ഏതാനും വർഷങ്ങൾക്കു മുൻപ് തന്നെ നടന്നതാണ്. അങ്ങനെ പൊളിറ്റിക്കൽ ഇസ്ളാമിസ്റ്റുകൾ ജനാധിപത്യ തുർക്കി പിടിച്ചടക്കി. സോഷ്യലിസത്തെ കെട്ടുകെട്ടിച്ചു. അടാ തുർക്ക് എന്ന കെമാൽ പാഷയുടെ എല്ലാ അടയാളങ്ങളും രാജ്യത്ത് നിന്ന് തുടച്ചു നീക്കി. അയാളുടെ ശാസ്ത്ര ചിന്തകളുടെ സ്ഥാനത്ത് അവർ മത ചിന്തകൾ മാത്രം കുത്തി നിറച്ചു.
കലയും സാഹിത്യവും സംഗീതവും ഹറാമായി.ഫാഷിസവും ഹിംസയും രോഗാതുരമായ മതവും തുർക്കിയെ നശിപ്പിച്ചു. ക്രൂരതയുടെ മഹാ പര്യായമായി മാറി അവിടുത്തെ ഉറുദുഗാൻ ഭരണകൂടം ( നമ്മുടെ രാജ്യം അവിടേക്ക് അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്നു) അവരോട് സഹനസമരത്തിൻ്റെ മാർഗത്തിൽ പോരടിച്ച് ഹെലിൻ ബോലെക്ക് രക്തസാക്ഷിയായി. സ്വന്തം കലയും സംഗീതവും തന്നെയാണ് ജീവിതമെന്നിരിക്കെ കലാകാരികൾക്ക് ചത്തതിനൊത്ത് ജീവിക്കാൻ ആവുകയില്ല. സംഗീതം ഫാഷിസ്റ്റ് മതഭീകരതകൾക്കപ്പുറത്തേക്ക് സ്വന്തം സ്വാതന്ത്ര്യത്തിനു വേണ്ടി പറക്കുന്നു. പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം!
വിട!