ഈ കോവിഡ് കാലത്തും സംഘപരിവാറിന്റെ പക അടങ്ങുന്നില്ല

0
63

Sreejith Divakaran

പോലീസിന്റെ വേഷം കെട്ടിയെത്തിയ സംഘപരിവാര്‍ ഗുണ്ടകളും വേഷമൊന്നും കെട്ടാത്ത നിത്യജീവിതത്തില്‍ തെമ്മാടികളായ സംഘികളും ചേര്‍ന്ന് ഡല്‍ഹിയില്‍ അഴിച്ച് വിട്ട വംശീയാക്രമണത്തിന്റെ പേരില്‍ പ്രിയപ്പെട്ട ഉമര്‍ ഖാലിദിനും മീരാന്‍ ഹൈദറിനും സഫൂറ സര്‍ഗാറിനും എതിരെ യു.എ.പി.എ കേസുകള്‍ ഡല്‍ഹി പോലീസ് ചാര്‍ത്തി കൊടുത്തിട്ടുണ്ട്. സര്‍ഗാറും ഹൈദറും ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളാണ്. സര്‍ഗാര്‍ ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കോര്‍ഡിനേറ്ററാണ്. ഹൈദറാകട്ടെ ആര്‍.ജെ.ഡിയുടെ യുവ വിഭാഗത്തിന്റെ ഡല്‍ഹി അധ്യക്ഷന്‍. ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു ആര്‍.ജെ.ഡി യുവ നേതാവിന് കൂടെ യു.എ.പി.എ ഇരിക്കട്ടെ എന്ന് കരുതിക്കാണും.

രാജ്യദ്രോഹക്കുറ്റം, കൊലപാതകം, കൊലപാതക ശ്രമം, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചന, കലാപത്തില്‍ പങ്കെടുക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റങ്ങള്‍ക്ക് പുറമെയാണ് യു.എ.പി.എ ഇവര്‍ക്ക് മൂന്ന് പേര്‍ക്കും എതിരെ ഡല്‍ഹി സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. നേരത്തേ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകാലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പേരില്‍ ഉമര്‍ ഖാലിദിനെ ജയിലിലടച്ച കേന്ദ്രസര്‍ക്കാര്‍ ഉമറിന്റെ വിദ്യാഭ്യാസം അവസാനിപ്പിക്കാനും കള്ളക്കേസുകളില്‍ കുടുക്കാനും ശ്രമിച്ചിരുന്നതാണ്.

ഇന്ത്യന്‍ മുസ്ലീങ്ങളെ പൗരത്വത്തിന്റെ പേരില്‍ പുറംതള്ളാനുള്ള സംഘപരിവാര്‍ പദ്ധതിയായ സി.എ.എക്കും എന്‍.പി.ആറിനും എന്‍.ആര്‍.സിക്കും എതിരെ പൊരുതുന്ന മനുഷ്യരെ കോവിഡ് കാലത്ത് അറസ്റ്റ് ചെയ്ത് പ്രക്ഷോഭത്തെ ഒതുക്കാനും സംഘപരിവാറിന് അപ്രിയരായവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും വ്യാപകമായ നീക്കങ്ങളാണ് നടക്കുന്നത്. അംബേദ്കര്‍ ജയന്തിയുടെ അന്നാണ് ഇന്ത്യയിലെ പബ്ലിക് ഇന്റലക്ച്വലുകളില്‍ ഏറ്റവും പ്രമുഖരിലൊരാളും ഡോ.അംബേദ്കറുടെ കൊച്ചുമകളുടെ ഭര്‍ത്താവുമായ ഡോ.ആനന്ദ തെല്‍തുംബ്‌ഡെ അറസ്റ്റ് ചെയ്യപ്പെട്ടത്.

പതിനെട്ട് തികയാത്ത ചെറുപ്പക്കാരെ പോലും യു.എ.പി.എയുടെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരിക്കുന്ന കേരളത്തിലിരുന്ന് മനുഷ്യാവകാശത്തെ കുറിച്ചും യു.എ.പി.എയെ കുറിച്ചും സംസാരിക്കുമ്പോള്‍ നാണം തോന്നും. പക്ഷേ, ഇത് യു.എ.പി.എ എന്നതിനപ്പുറത്തേയ്ക്ക് സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നായ പൗരത്വപ്രക്ഷോഭത്തെ തല്ലിക്കെടുത്താനും ഡല്‍ഹി വംശീയാക്രമണത്തിന്റെ കാരണക്കാരെ സംരക്ഷിച്ച് മുസ്ലീം നാമധാരികള്‍ക്ക് നേരെ എല്ലാ കുറ്റവും ചാര്‍ത്താനുമുള്ള സംഘപരിവാര്‍ ശ്രമത്തിന്റെ അടുത്ത ഘട്ടമാണ്. പതിന്മടങ്ങ് ശക്തിയോടെ പ്രതിഷേധിക്കണം.