മലപ്പുറത്തോടുള്ള അവരുടെ അവരുടെ പ്രശ്‌നം 2014-ല്‍ ആരംഭിച്ചതല്ല, 2019-ല്‍ തുടരുന്നതുമല്ല

27

Sreejith Divakaran

മലപ്പുറത്തോടുള്ള അവരുടെ അവരുടെ പ്രശ്‌നം 2014-ല്‍ ആരംഭിച്ചതല്ല. 2019-ല്‍ തുടരുന്നതുമല്ല. അത് അടിയന്തിരാവസ്ഥ കാലത്തെ ക്രൂരകൃത്യങ്ങളുടെ നെടുനായകത്വം വഹിച്ച, ആധുനിക ഇന്ത്യ കണ്ട ഏറ്റവും ക്രൂരനായ രാഷ്ട്രീയക്കാരിലൊരാളുടെ പേര് അഭിമാനപുരസരം സ്വന്തം പേരിന്നൊപ്പം ചേര്‍ത്ത് പ്രദര്‍ശിപ്പിക്കുന്ന സംഘിണിയില്‍ ആരംഭിച്ചതുമല്ല. അതിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്.

അത് 1921-ല്‍ തുടങ്ങിയതാണ്. ഏറനാട് താലൂക്കിനോട് ആരംഭിച്ച വിരോധം. വീരനായ വാരിയംകുന്നത്തിനോടും മഹാനായ അലി മുസലിയാരോടും തുടങ്ങി വച്ച പക. മലബാര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം നുണകളിലും വിദ്വേഷത്തിനും നിറക്കാന്‍ സംഘപരിവാര്‍ ശ്രമിക്കും. മലപ്പുറം എന്ന വാക്ക് അവര്‍ക്ക് ചാട്ടവറടി പോലെ വേദനയുണ്ടാക്കും. വീരന്മാര്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ വിപ്ലവം നയിക്കുന്ന അതേ വര്‍ഷം, 1921-ല്‍, സ്വന്തം ജീവചരിത്രം കള്ളപ്പേരിലെഴുതി സ്വയം വീരനെന്ന് വിളിച്ച -സംഘികളുടെ രാഷ്ട്രപിതാവ്, ദാമോദര സവര്‍കര്‍- ബ്രിട്ടീഷ് സര്‍്ക്കാരിനോടാവര്‍ത്തിച്ച് മാപ്പു പറഞ്ഞ് ആന്‍ഡമാനില്‍ നിന്ന് രത്‌നഗിരിയിലെത്തിപ്പെട്ടു. ചരിത്രം അവരുടെ മാപ്പും ഏറനാടിന്റെ മഹാനായകരുടെ പോരാട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്.

അഥവാ സംഘികള്‍ സ്വാതന്ത്ര്യസമരത്തിനെ ഒറ്റുകൊടുത്ത്, മുസ്ലീം വിരോധത്തിന്റെ പുതുരാഷ്ട്രീയം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്ന കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ വിപ്ലവം നയിച്ചവരാണ് ഏറനാട്ടുകാരും വള്ളുവനാട്ടുകാരും ഉള്‍പ്പെടുന്ന തെക്കന്‍ മലബാറുകാര്‍. സംഘികള്‍ ചരിത്രത്തില്‍ നിന്ന് ആ വിപ്ലവത്തെ മായിച്ച് കളയാന്‍ ശ്രമിക്കും. അതിനെ ഹിന്ദു-മുസ്ലീം കലാപമാക്കും. വ്യാജം കൊണ്ട് ചരിത്രം തിരുത്തുകയാണ് അഭിനവ നാസികളുടെ ശ്രമം. മലപ്പുറം ജില്ലാ രൂപവത്‌രിക്കണം കാലത്തെ ചര്‍ച്ചകളുടെ ചരിത്രം പഠിച്ചാലറിയാം കേരള സംഘികളും ഈ ഏറനാട് ലെഗസിയേ എത്രമാത്രം ഭയന്നിരുന്നുവെന്ന്
നമുക്ക് ഫാക്റ്റ്‌സ് വച്ച് സംഘികളെ നേരിടാന്‍ പറ്റില്ല. അത് നമ്മുടെ വസ്തുതകളും കണക്കുകളും ശരിയല്ലാത്തത് കൊണ്ടല്ല. അവര്‍ അതില്‍ വിശ്വസിക്കുന്നില്ല. അതിലെന്നല്ല, ന്യായമായ ഒന്നിലും അവര്‍ വിശ്വസിക്കുന്നില്ല. തെറ്റിദ്ധരിച്ചവരെ മാത്രമേ നമുക്ക് തിരുത്താനാവൂ. അല്ലാതെ മനപൂര്‍വ്വം നുണപറയുന്നവരെ, വസ്തുകള്‍ മറച്ച് വച്ച് കള്ളം പ്രചരിപ്പിക്കുന്നവരെ നമുക്ക് തിരുത്താനാവില്ല. അതുകൊണ്ട് അവര്‍ക്കെതിരെ സാധ്യമാകുന്നത് രാഷ്ട്രീയപോരാട്ടം മാത്രമാണ്.


ഒരു സംശയവുമില്ല, മാപ്പിളമാരുടെ, മുസ്ലീങ്ങളുടെ നാടു തന്നെയാണ് മലപ്പുറം. അമ്പലങ്ങളുടെ കണക്കും സാഹിത്യകാരന്മാരുടെ എണ്ണവും സാംസ്‌കാരിക ചരിത്രവും പറയാന്‍, മറ്റൊന്നും പറയാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല. ഞങ്ങള്‍ക്ക് പറയാന്‍ വിപ്ലവ ചരിത്രമുണ്ട്.