വരവര റാവു, ഭരണകൂട ഭീകരതയ്ക്ക് മറ്റൊരു ഇര

81

Sreejith Divakaran

അറിയപ്പെടുന്ന കവി. സാഹിത്യ നിരൂപകന്‍. പ്രാസംഗികന്‍. തെലുങ്കാനയില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന വ്യക്തിത്വം. ആദരണീയനായ പൊതു പ്രവര്‍ത്തകന്‍.80 വയസുള്ള വരവര റാവുവിനെ കുറിച്ചുള്ള വിശേഷങ്ങള്‍ എത്ര വേണമെങ്കിലും നീട്ടാം. ഒരടിസ്ഥാനമില്ലാത്ത, വെറും ഭരണകൂട ക്രൂരതയുടെ പേരില്‍, അദ്ദേഹം ജയിലിലാണ്. എഴുപത് വയസിന് മുകളിലുള്ള അദ്ദേഹത്തിന്റെ ഭാര്യ ഫോണ്‍ ചെയ്യുമ്പോള്‍ അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യങ്ങളാണത്രേ സംസാരിക്കുന്നത്. ഓര്‍മ്മ കൂടിക്കുഴഞ്ഞ് പോയ അദ്ദേഹത്തിന് സ്വന്തമായി പല്ല് തേക്കാനോ നടക്കാനോ പോലും പറ്റുന്നില്ല എന്നാണ് ജയിലുള്ളവര്‍ പറയുന്നത്.  17 വയസ് മുതല്‍ കവിതകളെഴുതുന്ന, മെച്ചപ്പെട്ട ലോകം സ്വപ്‌നം കണ്ടിരുന്ന, പരിചയമുള്ള ലോകത്തിന് ആദരവ് മാത്രമുള്ള പ്രഗത്ഭനായ ഒരു മനുഷ്യന്റെ ജീവിതാവസാനത്തിലെ ദിവസങ്ങളാണ്. എന്തൊരു ക്രൂരമായ നിശബ്ദതയാണ് ലോകത്തിന്റേത്. എന്തൊരു വിനാശകരമായ മൗനത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.