ഇന്ദിരാഗാന്ധിയെ കൊന്നത് സിഖ് ഭീകരർ, രാജീവ് ഗാന്ധിയെ കൊന്നത് തമിഴ് ഭീകരർ, മഹാത്മാഗാന്ധിയെ കൊന്നത് ഗോഡ്‌സെ, ഈ തത്വം എങ്ങനെ ശരിയാകും ?

0
434


എഴുതിയത്
Sreejith Divakaran

ബീയാന്ത് സിങ്ങ്, സത്‌വന്ത് സിങ്ങ് എന്നിവരെ ഓര്‍മ്മയുണ്ടോ? പലര്‍ക്കും അറിയില്ല. കാരണം ഇന്ദിരാഗാന്ധിയെ കൊന്നത് സിഖ് ഭീകരർ എന്നാണ് നമ്മള്‍ പഠിച്ചിരിക്കുന്നത്. തേന്‍മൊഴി രാജരത്‌നം, തനു എന്നുള്ള പേരുകള്‍ തൊണ്ണൂറുകളിലും മറ്റും ജനിച്ചവരില്‍ പലരും കുപ്രസിദ്ധിയോടെ കേട്ടിട്ടേ ഉണ്ടാകില്ല. കാരണം രാജീവ് ഗാന്ധിയെ കൊന്നത് തമിഴ് ഭീകരാണ് എന്നാണ് നമ്മള്‍ പഠിച്ചിരിക്കുന്നത്.

അതിനുമെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ രാജ്യത്തിന്റെ രാഷ്ട്രപിതാവ് എന്ന പദവി നല്‍കി ആദരിക്കുന്ന ആളെ പട്ടാപ്പകല്‍ വധിച്ചത് നാഥുറാം വിനായക് ഗോഡ്‌സെ ആണെന്നാണ് അതേ പഠനം നമ്മളെ പഠിപ്പിച്ചത്. ഹൈന്ദവ ഭീകരാണ്/ സംഘപരിവാരമാണ് മഹാത്മാ എന്ന ആദരപൂര്‍വ്വം വിളിക്കപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ വധിച്ചത് എന്ന് നമ്മള്‍ പഠിച്ചിട്ടില്ല. ഒരു ഗാന്ധിയനും അത് പറയാറില്ല. ഗാന്ധിയുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന പാര്‍ട്ടി പറയാറില്ല.

അതുകൊണ്ടാണ് ഗാന്ധിയുടെ പാദസ്പര്‍ശം പതിഞ്ഞ മണ്ണ് സൂക്ഷിക്കുന്നു എന്നവകാശപ്പെടുന്ന പത്രം ആ കൊലപാതകത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയുടെ അധ്യക്ഷനെ കൊണ്ട് മഹാത്മഗാന്ധി അനുസ്മരണം എഴുതിക്കുന്നത്. ചാനലുകളില്‍ കയറിയിരുന്ന് ആര്‍.എസ്.എസിനോട് അടുപ്പമുള്ളയാളായിരുന്നു ഗാന്ധി, ഗാന്ധിയെ ബഹുമാനിക്കുകയും ആദരിക്കുകയുമാണ് ആര്‍.എസ്.എസ് ചെയ്തിരുന്നതെന്ന് അതിന്റെ നേതാക്കള്‍ ഉളുപ്പില്ലാതെ പറയുന്നത്.

സവര്‍ക്കര്‍ക്ക് മാലയിട്ടിട്ട് നാഥുറാമിന് മനസില്‍ ജയ്‌വിളിച്ചിട്ട് ആര്‍.എസ്.എസ് പ്രചാരകനായ മോഡി ഗാന്ധിയെ കുറിച്ച് സംസാരിക്കാന്‍ ആരംഭിക്കുന്നത്. സബര്‍മതി യാത്ര അമിത് ഷാ ഉദ്ഘാടനം ചെയ്യുന്നത്.

ഗോഡ്‌സെയല്ല, ഹൈന്ദവ തീവ്രവാദമാണ്, സംഘപരിവാറാണ് ഗാന്ധിയെ കൊന്നത്. ഗോഡ്‌സെയല്ല, ഹൈന്ദവ തീവ്രവാദമാണ്, സംഘപരിവാറാണ് ഗാന്ധിയെ കൊന്നത്. അത് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് നമ്മള്‍ പറയാത്തിടത്തോളം ഇവര്‍ വീണ്ടും വീണ്ടും ഗാന്ധിയെ കൊല്ലും.