പ്രജ്ഞാ സിങ്ങിന്റെ വരവ് സംഘപരിവാര്‍ ചരിത്രത്തിലെ പുതിയ കാല്‍വെപ്പ്

513

Sreejith Divakaran എഴുതുന്നു

പ്രജ്ഞാ ഠാക്കൂര്‍ ബി.ജെ.പിയിലേയ്ക്ക് വരുന്നതും ഭോപ്പാലില്‍ നിന്ന് മത്സരിക്കുന്നതും സംഘപരിവാര്‍ ചരിത്രത്തിലെ പുതിയ കാല്‍വെയ്പാണെന്നാണ് എനിക്ക് തോന്നുന്നത്.

 Sreejith Divakaran
Sreejith Divakaran

ഭീകരപ്രവര്‍ത്തങ്ങള്‍ക്കും നഗ്നമായ വര്‍ഗ്ഗീയ നീക്കങ്ങള്‍ക്കും ഹിന്ദുക്കളല്ലാത്തവരെ-ദളിതരേയും മുസ്ലീങ്ങളേയും പ്രധാനമായി-ആക്രമിക്കുന്നതിനും ഇനി പ്രത്യേക പ്രത്യേക സംഘടനകള്‍ ആര്‍.എസ്.എസിന് ആവശ്യമില്ല, എല്ലാത്തിനും ബി.ജെ.പി തന്നെ മതി എന്നതാണ് ഈ പുതിയ നീക്കം. ഗൊരഖ്പൂര്‍ മേഖലയാക്കി വര്‍ഗ്ഗീയ വിഷം തുപ്പി നടന്നിരുന്ന ആദിത്യ നാഥിനെ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാക്കി, ബി.ജെ.പിയുടെ മൂന്നാമത്തെ പ്രധാനപ്പെട്ട മുഖമാക്കി അവതരിപ്പിച്ച പരീക്ഷണം അവരെ സംബന്ധിച്ച് വിജയിച്ചു എന്നതാണ് അര്‍ത്ഥം. ആര്‍.എസ്.എസിന്റെ പ്രധാന്യം കുറച്ചുകൊണ്ടുവരിക എന്ന നരേന്ദ്രമോഡി-അമിത്ഷാ സംഘത്തിന്റെ ദീര്‍ഘകാല പദ്ധതിയും ഉള്‍പ്പെട്ടതാണ് ഇത്. ആര്‍.എസ്.എസിലുള്ള സ്വാധീനം ഉപയോഗിച്ച് നാളെ ഒരു നിതിന്‍ ഗഡ്കരിക്ക് ബോസിനെതിരെ ചെറുവിരലനക്കാന്‍ ഇനി അവസരം ഉണ്ടാകരുത്.

ബി.ജെ.പിക്കുള്ളില്‍ മോഡിക്കുള്ള മറ്റൊരു വലിയ ശത്രുവാണ് ശിവരാജ്‌സിങ്ങ് ചൗഹാന്‍.

പ്രജ്ഞാ സിങ്ങ് ഭോപ്പാലില്‍ തോല്‍ക്കാന്‍ ഒരു സാധ്യതയുമില്ല. ഭോപ്പാലിലെ മുസ്ലിം ജനസംഖ്യ പ്രധാനമാണെങ്കിലും 1988ന് ശേഷം ബി.ജെ.പിയല്ലാതെ ആരും അവിടെ ജയിച്ചിട്ടില്ല. ദ്വിഗ്‌വിജയ്‌സിങ് പത്തുവര്‍ഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പോലും. ആരോഗ്യകാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിട്ടു നില്‍ക്കുന്ന ഉമാഭാരതിയ്ക്ക് ബദലായി പ്രജ്ഞാസിങ്ങ് വളരും. ഭോപ്പാലിലെ മുസ്ലീം സമൂഹം കുറച്ചു കൂടി ഒതുങ്ങി കൂടും. ശിവരാജ്‌സിങ്ങിനെ മാറ്റി അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പ്രജ്ഞാസിങ് വരും. മധ്യപ്രദേശ് മുഖ്യമന്ത്രിയായി രാജ്യത്തെ ഭയാനകമായ ഭീകരപ്രവര്‍ത്തനത്തിലെ പ്രതി തിരഞ്ഞെടുക്കപ്പെടും. വംശഹത്യ എഞ്ചനീയര്‍ ചെയ്തയാള്‍ പ്രധാനമന്ത്രിയാകുന്നതിനേക്കാള്‍ വലുതല്ല ഒന്നും. പക്ഷേ ഇത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കിട്ടുവെന്നത് ആരോപണവോ വസ്തുതയോ മാത്രമല്ല, അന്വേഷണ ഏജന്‍സികള്‍ ഏതാണ്ടുറപ്പിച്ചതായിരുന്നു.

അഥവാ നരേന്ദ്രമോഡിയില്‍ നിന്ന് അമിത്ഷായിലേയ്ക്ക് അവിടെ നിന്ന് ആദിത്യനാഥിലേയ്ക്ക് അവിടെ നിന്ന് പ്രജ്ഞാ സിങ്ങ് ഠാക്കൂറിലേയ്ക്ക്.

ഇത് ഒരു തിരഞ്ഞെടുപ്പ് കൊണ്ട് അവസാനിക്കില്ല. ഒരുപക്ഷേ അന്തിമയായ വിജയം അവര്‍ക്കുതന്നെയാകും. മരണം പോലെയാണത്. പക്ഷേ നമുക്ക് ജീവിച്ചേ തീരൂ. ജീവശ്വാസമായ ഭരണഘടനയെ സംരക്ഷിച്ചേ തീരൂ.