Sreejith Divakaran എഴുതുന്നു

പ്രധാനമന്ത്രി ജന്മദിനം. രണ്ട് വാര്‍ത്തകള്‍.

1.
പ്രധാനമന്ത്രിയുടെ 69-ാം ജന്മദിനം ആഘോഷിക്കാന്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ അതിനുള്‍ക്കൊള്ളാന്‍ പറ്റാവുന്ന ഏറ്റവുമധികം വെള്ളം -138.68 മീറ്റര്‍- ഉയര്‍ത്തിയപ്പോള്‍ നര്‍മ്മദയുടെ കരയിലുള്ള 192 ഗ്രാമങ്ങളാണ് അതുമൂലം മുങ്ങിയത്. 32,000 കുടുംബങ്ങള്‍. ഗുജറാത്തിലേയും മധ്യപ്രദേശിലേയും മനുഷ്യര്‍. പൂര്‍ണ്ണമായ പുനരധിവാസം പൂര്‍ത്തിയാകാതെ നിലവിലുള്ള 122 മീറ്ററില്‍ നിന്ന് അണക്കെട്ടിലെ വെള്ളത്തിന്റെ നില ഉയര്‍ത്തരുതെന്ന ഉത്തരവുള്ളതാണ്. എന്നാല്‍ മുഴുവന്‍ പുനരധിവാസവും പൂര്‍ത്തിയായെന്ന് കാണിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. അതുമൂലം 32,000 കുടുംബങ്ങളിലെ പതിനായിരങ്ങളാണ് ഇപ്പോള്‍ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെടാപാട് പെടുന്നത്.

എന്തിന് വേണ്ടി? പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 69-ാം ജന്മദിനാഘോഷത്തിന് വേണ്ടി. ഇന്ത്യയിലെ മാധ്യമങ്ങള്‍ കാര്യമായി ഇതൊന്നും റിപ്പോര്‍ട്ട് ചെയ്യില്ല. പ്രധാനമന്ത്രി പിറന്നാള്‍ ദിവസം നര്‍മ്മദയില്‍ ‘ആരതി അര്‍പ്പണം’ ചെയ്ത വാര്‍ത്തയുണ്ട്, കാര്യമായിട്ട്.

2.
ഇതിനിടയില്‍ ഇന്ത്യ റ്റുഡെ വാര്‍ത്ത ശൃംഖലയിലെ ഒരു പ്രമുഖ ഹിന്ദി റ്റി.വി പ്രധാനമന്ത്രിയുടെ പിറന്നാളിന് 15 മിനുട്ട് നീണ്ട് നിന്ന ഒരു പ്രത്യേക പരിപാടി ചെയ്തു. ‘പ്രധാനമന്ത്രി കഴിഞ്ഞ ജന്മത്തില്‍ മതപരിഷ്‌കര്‍ത്താവായ മുസ്ലീം ആയിരുന്നു’ എന്നതാണ് വാര്‍ത്ത. ഓ! ദയവായി അവിശ്വസിക്കരുത്. ചാണകത്തില്‍ നിന്ന് പ്ലൂട്ടോണിയം ഉത്പാദിപ്പിക്കുന്ന ശാസ്ത്രജ്ഞരും ക്ഷേത്രങ്ങളില്‍ ആര്‍ത്തവമുള്ള സ്ത്രീകളെ പ്രതിരോധിക്കുന്ന കാന്തിക വലയം ഉണ്ടെന്നറിയാവുന്ന ഡോക്ടര്‍മാരും നാലായിരം കൊല്ലം മുമ്പ് കടലില്‍ പാലം നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ ഉണ്ടായിരുന്നുവെന്ന് പറയുന്ന എഞ്ചിനീയര്‍മാരും കഥകളും വിശ്വാസവുമാണ്, തെളിവല്ല, പള്ളിയിരുന്നിടത്ത് ക്ഷേത്രമായിരുന്നുവെന്നതിന് തെളിവായി കണക്കാക്കേണ്ടതെന്ന് സമര്‍ത്ഥിക്കുന്ന കോടതിയും ഉള്ള രാജ്യത്ത് പ്രധാനമന്ത്രി കഴിഞ്ഞ ജന്മത്തിലാരായിരുന്നുവെന്ന് കണ്ടെത്തുന്ന ജേര്‍ണിലിസ്റ്റുകളും അത് എയര്‍ ചെയ്യുന്ന വാര്‍ത്ത ചാനലുകളും അത് വിശ്വസിക്കുന്ന മനുഷ്യരും ഉണ്ടാകും.

നിസാരനായിരുന്നില്ല, അലിഗഡ് സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് വഴിയൊരുക്കിയ, വിദ്യാഭ്യാസ-സാമൂഹ്യ പരിഷ്‌കര്‍ത്താവും തത്വചിന്തകനുമായിരുന്ന സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ആയിരുന്നത്രേ നരേന്ദ്രമോഡി കഴിഞ്ഞ ജന്മത്തില്‍! ഒറ്റ സംശയമേയുള്ളൂ, 1898-ല്‍ മരിച്ച ശേഷം 52 കൊല്ലം ചുമ്മാ അടുത്തൊരു ജന്മമെടുത്തൂടായിരുന്നോ മിസ്റ്റര്‍ മോഡി ആകുന്നതിന് മുമ്പ് സര്‍ സയ്യിദ് അഹ്മദ് ഖാന്? ആ ഗ്യാപില്‍ രാജ്യത്തെ നശിപ്പിക്കാനുള്ള പ്രാക്റ്റീസ് ചെയ്യുകയായിരുന്നോ?

ഈ വാര്‍ത്തയൊക്കെ ചെയ്തവരോട് കമ്പിപ്പാരയെടുത്ത് കക്കാന്‍ പൊയ്ക്കൂടെ എന്ന് ചോദിക്കരുത്. അതിനേക്കാളൊക്കെ എന്ത് സുഖമാണ് ഈ ജേര്‍ണലിസം. സരിക്കും പ്രൗഡ് റ്റു ബീ ആന്‍ ഇന്ത്യന്‍! കൂട്ടത്തില്‍ പറയണമല്ലോ, പ്രൗഡ് റ്റു ബീ എ ജേര്‍ണലിസ്റ്റ് റ്റൂ.

കോപ്പ്!

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.