ആറ്റംബോബിട്ടതൊക്കെ കൊള്ളാം, പക്ഷേ ആറ്റിലെ മണല്‍ വാരിയ കേസില്‍ വിധി പറയും, സൂക്ഷിച്ചോ

  0
  107

  Sreejith Divakaran

  നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു പള്ളി പൊളിച്ച് അവിടെ ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് കേവലം രണ്ട് എം.പിമാര്‍ മാത്രമുള്ള ബി.ജെ.പിയെന്ന രാഷ്ട്രീയ പാര്‍ട്ടിയെ മുന്‍നിര്‍ത്തി പതിറ്റാണ്ടുകളായി ഈ നാടിനെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ അഹോരാത്രം പണിയെടുക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘം തീരുമാനിക്കുന്നു. അതിന് കീഴിലുള്ള അസംഖ്യം സംഘടനകളെ മുന്‍നിര്‍ത്തി രാജ്യത്തെ രക്തക്കളമാക്കിക്കൊണ്ട് പ്രക്ഷോഭം ആരംഭിക്കുന്നു. എട്ട് വര്‍ഷം കൊണ്ട് ബി.ജെ.പിയും ആര്‍.എസ്.എസും വളര്‍ന്ന് പടര്‍ന്ന് പന്തലിച്ചു. രാജ്യം വെറുപ്പുകൊണ്ട് ശിഥിലമായി. പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. കലാപങ്ങള്‍ കൊണ്ട് ജനാധിപത്യവും മതേതരത്വവും സാമൂഹിക സുരക്ഷയും സാമ്പത്തികാവസ്ഥയും തകര്‍ന്നു. നുണക്കഥകള്‍ കൊണ്ട് ഈ നാട് ചിന്നഭിന്നമായി. ഈ നാട്ടിലും അവിടെ ജീവിക്കുന്ന മനുഷ്യരുടെ മനസിലും പരസ്പര വിരോധം തീപോലെ കത്തി നിന്നു. അവിശ്വാസമായി അടിസ്ഥാന വികാരം. അയല്‍ക്കാരില്ലാതായി. മുസ്ലീങ്ങളെ കോളനികളിലേയ്ക്ക് തള്ളി. എന്നിട്ട് ആ മേഖലയെ പാകിസ്താനെന്ന് പ്രചരിപ്പിച്ചു. ഒടുവില്‍ 1992 ഡിസംബര്‍ ആറിന് പള്ളി പൊളിച്ചു. അതുവരെ കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ സഹായവും മൗനവും കൊണ്ട്, നാടിനെ രണ്ടായി പിളര്‍ന്നൊഴുകുന്ന ചോരപ്പുഴ കണ്ടു നിന്നു.

  പള്ളി പൊളിച്ചിട്ട്, ആ ഇടത്ത് ക്ഷേത്രം പണിയാന്‍ ഉത്തരവ് കൊടുത്ത പരമോന്നത നീതിപീഠമുള്ള നാട്ടില്‍ ഇന്ന് പള്ളി പൊളിച്ച കേസിലെ പ്രതികളുടെ വിധി പ്രഖ്യാപിക്കുന്നുണ്ടത്രേ! ഭവനഭേദനവും കൊള്ളയുമൊക്കെ വലിയ വകുപ്പായി ഉണ്ടത്രേ! ആറ്റംബോബിട്ടതൊക്കെ കൊള്ളാം, പക്ഷേ ആറ്റിലെ മണല്‍ വാരിയ കേസില്‍ വിധി പറയും, സൂക്ഷിച്ചോ.
  **
  പൊളിച്ചത് ബാബ്‌രി പള്ളിയാണ്. പൊളിച്ചതിന് പിന്നില്‍ സംഘപരിവാറാണ്. മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായ ലാല്‍കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തിലായിരുന്നു പതിറ്റാണ്ടുകള്‍ നീണ്ട കലാപം നടത്തിയത്. അന്ന് അതിന്റെ മുഖ്യ സംഘാടനകനായിരുന്നു ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബാല്‍താക്കറെ മുതല്‍ കല്യാണ്‍ സിങ്ങ് വരെ, യോഗി ആദിത്യന്റെ ഗുരുക്കള്‍ മുതല്‍ ഇന്നാട്ടിലെ ഒട്ടേറെ രക്തദാഹികളായ ഹൈന്ദവ സന്യാസിമാര്‍ ആസൂത്രണത്തില്‍ പങ്കാളികളാണ്. അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവും പള്ളി സംഘപരിവാറിന്-ഹിന്ദുക്കള്‍ക്ക് പോലുമല്ല-ആരാധനയ്ക്ക് വിട്ടു നല്‍കിയ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും അടക്കം ഒട്ടേറെ ഭരണകര്‍ത്താക്കള്‍ക്ക് അതിന്റെ ഉത്തരവാദിത്തമുണ്ട്.  നിങ്ങള്‍ ഭവനഭേദനത്തിനും കവര്‍ച്ചയ്്ക്കും ഗൂഢാലോചനയ്ക്കും പ്രതികളെ ശിക്ഷിക്കുകയോ വെറുതെ വിടുകയോ എന്തെങ്കിലും ചെയ്യ്. ഹൂ ദ ഫക്ക് കെയേഴ്‌സ്?!