യുപിയിലെ അവസ്ഥ കൊറോണയെക്കാൾ ഭീകരം

0
118

Sreejith divakaran

ഇന്നലെ രാത്രി ജന്ദര്‍ മന്തറിലെത്തി ചേര്‍ന്ന യുവജനങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞത് കൊറോണയേക്കാള്‍ ഭീകരമാണ് യു.പിയിലെ ഭരണവാഴ്ച എന്നാണ്. തീര്‍ച്ചയായും അത് തന്നെയാണ്. കൊറോണയോടല്ല, ഒരു മഹാമാരിയേയും ഫാഷിസവുമായി താരതമ്യപ്പെടുത്താനാവില്ല. പക്ഷേ അസംഘടിതരും അസഹായരുമായ മനുഷ്യര്‍ മനുഷ്യത്വ വിരുദ്ധമായ ഒരു ഭരണകൂടത്തിനെതിരെ ഒരുമിച്ച് എത്തുമ്പോള്‍ പോലും, സെന്‍സേഷണല്‍ ന്യൂസിന്റെ അപോസ്തലരായ എ.ബി.പി ന്യൂസിലെ റിപ്പോര്‍ട്ടര്‍ ജേണലിസം എന്ന തൊഴിലിന്റെ തീനാളമായി കാണുമ്പോഴും പ്രതീക്ഷയുടെ വെളിച്ചം ഒരിടത്തും കാണുന്നില്ല.

ആഗസ്ത് 18ന് കാരവന്‍ മാഗസിന്റെ ഓണ്‍ലൈനില്‍ സുനില്‍ കശ്യപിന്റെ റിപ്പോര്‍ട്ടുണ്ട്. ലോക്ഡൗണിന്റെ മറവില്‍ യുപിയില്‍ താക്കൂര്‍ സമുദായക്കാന്‍ ദളിതര്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ച് വിടുന്നു, പോലീസ് പക്ഷവാദപരമായി നിലപാടെടുക്കുന്നു എന്നതാണ് വാര്‍ത്ത. ഒന്നരമാസം മുന്നേയാണ് എന്നോര്‍ക്കണം. അതിനും രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ഉള്ളിലാരംഭിച്ച് തുടര്‍ച്ചായി നടക്കുന്ന കാര്യങ്ങളാണ്. ഹത്രാസില്‍ നിന്ന് ഒരു വാര്‍ത്ത വന്ന ശേഷം തുടര്‍ച്ചയായ വാര്‍ത്തകള്‍ യു.പി.യുടെ പല പ്രദേശങ്ങളില്‍ നിന്ന് വരുന്നുണ്ട്, എല്ലാം ദളിത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാക്രമങ്ങളാണ്. കൊലപാതകങ്ങള്‍, കൊടുംപീഡകള്‍.

സുനില്‍ കശ്യപിന്റെ ന്യൂസ് സ്റ്റോറി ആരംഭിക്കുന്നത് ഗൊരഖ്പൂര്‍ ജില്ലയിലെ പൊഖാരി ഗ്രാമത്തിലെ ആക്രമണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ്. രണ്ട് കാരണങ്ങളുണ്ട് അതിന്. ഗൊരഖ്പൂര്‍ നിലവിലുള്ള മുഖ്യമന്ത്രി അജയ്‌സിങ്ങ്ബിഷ്ട് എന്ന യോഗി ആദിത്യനാഥ് അഞ്ച് വട്ടം ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ഥലമാണ്. അവിടെയാണ് അയാളുടെ ആസ്ഥാനം. രണ്ട്, അയാള്‍ ഉള്‍പ്പെടുന്ന ബിഷ്്ട്-താക്കൂര്‍ സമുദായത്തില്‍ പെടുന്നവരാണ് ദളിതര്‍ക്ക് നേരെ അക്രമണങ്ങള്‍ നടത്തിയിരുന്നത്. മിക്കവാറും അക്രമങ്ങള്‍ക്ക് ഒരു കാരണവുമില്ല- സമ്പൂര്‍ണ്ണ അയിത്ത ബോധമല്ലാതെ. സവര്‍ണ്ണര്‍ക്കൊപ്പം കാളി പൂജയില്‍ പങ്കെടുത്തു എന്നതാണ് പൊഖാരി ഗ്രാമത്തിലെ പ്രശ്‌നം. അയോധ്യ ജില്ലയിലെ സമര്‍ധീര്‍ ഗ്രാമത്തില്‍ ദളിത് കോളനി തന്നെ താക്കൂര്‍മാര്‍ ആക്രമിക്കാനുള്ള കാരണം പത്തുവയസുള്ള ഒരു ദളിത് കുട്ടി സമീപത്തെ തടാകങ്ങളിലൊന്നില്‍ മീന്‍പിടിക്കാന്‍ പോയതാണ്. താക്കൂര്‍ ചെറുപ്പക്കാര്‍ അവിടെ കൂടിയിരുന്നത് മദ്യപിക്കുന്നുണ്ടായിരുന്നു. അവര്‍ ആ ദളിത് പയ്യന്റെ വല പൊട്ടിച്ച് കളയാന്‍ പോയപ്പോള്‍ അവന്‍ അവരെ ചീത്തവിളിച്ചു. അവനെ തല്ലി കുളത്തിലെറിഞ്ഞ താക്കൂര്‍മാര്‍. തടയാന്‍ വന്ന ദളിത് കുട്ടികളെ മുഴുവന്‍ അടിച്ചും ഇടിച്ചും അവശരാക്കി.

പിറ്റേ ദിവസം പോലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ പോയ ദളിത് കോളനി നിവാസികളെ പോലീസ് വിരട്ടുകയും മാസ്‌ക് ഇല്ല എന്ന് പറഞ്ഞ് ഒരോരുത്തരുടെ കയ്യില്‍ നിന്ന് 500 രൂപ വീതം വാങ്ങുകയും ചെയ്തു. കുട്ടികളെ ആക്രമിച്ച പരാതി പോലും വാങ്ങിയില്ല. പോരാത്തതിനാണ് പിറ്റേന്ന് ആ ദളിത് കോളനി വളഞ്ഞ് താക്കൂര്‍മാര്‍ ആക്രമണം നടത്തിയത്. നിരവധി പേര്‍ ആസ്പത്രിയിലായി.
ഇതെല്ലാം ഈ നാലഞ്ച് മാസങ്ങളിലെ വിവിധ കേസുകളുടെ ചെറിയ ഉദാഹരണങ്ങള്‍ മാത്രം. ഉത്തര്‍പ്രദേശില്‍ ഉടനീളം നടക്കുന്നതാണ് ഇത്. ഒന്നിലും കേസില്ല. അറസ്റ്റില്ല. ഇതുപോലെയായിരുന്നു പണ്ടും. ഏതാണ്ട് തൊണ്ണൂറുകളുടെ പകുതി വരെ. പടിഞ്ഞാറന്‍ യു.പി.യില്‍ ദളിത് വിവാഹങ്ങള്‍ നടന്നാല്‍ സവര്‍ണജന്മിയുടെ വീട്ടിലാ പെണ്‍കുട്ടിയുടെ ആദ്യ രാത്രിയെന്നത് അലിഖിത നിയമമായിരുന്നു. പഠിക്കാനോ, വിദ്യാഭ്യാസം നേടാനോ അവരെ അനുവദിക്കാത്ത ധാരാളം സ്ഥലങ്ങളുണ്ടായിരുന്നു. കന്‍ഷിറാമിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവത്തിന്റെ തുടര്‍ച്ചയായി മായാവതി അധികാരത്തിലെത്തിയപ്പോള്‍- ആദ്യം മായാവതി-മുലായം സഖ്യം, പിന്നീട് മായാവതി ഒറ്റയ്ക്ക് -മാറി മറഞ്ഞതാണ് യു.പി.യിലെ ദളിത് ജീവിതം.

ആദ്യമതുകൊണ്ട് തന്നെ ബി.ജെ.പി തകര്‍ത്തത് ദളിത്-പിന്നാക്ക-മുസ്ലീം സഖ്യങ്ങളെയാണ്. നേതാക്കള്‍ക്ക് ഒറ്റപ്പെട്ട അവസരങ്ങള്‍ നല്‍കി അവര്‍ ഒരുമിച്ച് നില്‍ക്കേണ്ട മനുഷ്യരെ തമ്മില്‍ അകറ്റി. അംബേദ്കര്‍ മുതല്‍ കന്‍ഷിറാം വരെയുള്ള എല്ലാ നേതാക്കളും ആവര്‍ത്തിച്ച് പറഞ്ഞത് ദളിതര്‍ക്ക് അധികാരം ലഭിക്കണമെന്നായിരുന്നു. മറ്റെല്ലാം തരാമെന്ന് ഭരണവര്‍ഗ്ഗം പറയും. അധികാരം മാത്രം നല്‍കില്ല. അധികാരം നേടിയ ദളിതരാണ് ഉത്തര്‍പ്രദേശിന്റെ ചരിത്രം മാറ്റിയത്. അധികാരത്തില്‍ നിന്ന് അവരെ ഏതാണ്ട് പൂര്‍ണ്ണമായി അകറ്റി എന്ന് ഉറപ്പ് വന്നപ്പോഴാണ് കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി സവര്‍ണര്‍ ദളിതര്‍ക്കെതിരെ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് അടക്കി വച്ചിരുന്ന വെറുപ്പടക്കം പുറത്തെടുത്ത് വരുന്നത്.
**
ഇരയുടെ ബന്ധുക്കളെ കാണുന്നതില്‍ നിന്ന്, ആ ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പോലും മാധ്യമങ്ങളെ വിലക്കുന്നതില്‍ യു.പി സര്‍ക്കാരിന് ഒരു പ്രശ്‌നവുമില്ല. മാധ്യമപ്രവര്‍ത്തരുടെ, ആ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എല്ലാം ഫോണുകള്‍ പോലീസ് ഒരു മര്യാദയുമില്ലാതെ ടാപ്പ് ചെയ്യുകയാണ്. ഒരോന്നും അവര്‍ അടിച്ചമര്‍ത്തും. യുപിയിലെ ഏറ്റവും വലിയ ക്രിമിനലുകള്‍ ഗുണ്ടകളല്ല, പോലീസ് ആണെന്നുള്ളത് പതിറ്റാണ്ടുകളായുള്ള സത്യമാണ്. വന്‍ പി.ആര്‍.ഏജന്‍സികളെയാണ് ഹത്രാസില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന മട്ടിലുള്ള കഥകള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. പി.ആര്‍.കമ്പിനിയുടെ ഡോക്യുമെന്റും കഥകളും മെയ്‌ലുകളിലും വാട്‌സ്അപ്പുകളിലും പറന്ന് നടക്കുന്നുണ്ട്.

താക്കൂര്‍മാരുടെ/സവര്‍ണരുടെ താത്പര്യം സംരക്ഷിക്കാന്‍ സംഘപരിവാരവും അജയ്ബിഷ്ട് എന്ന ക്രിമിനലും എന്തും ചെയ്യും. വെറുപ്പാണ് അയാളുടെ ആയുധം. ഭീതിയാണ് അയാള്‍ സൃഷ്ടിക്കുന്ന ഒരേയൊരു വികാരം. അയാളുടെ പരിസരങ്ങളില്‍ പൂക്കള്‍ വാടും. കുഞ്ഞുങ്ങള്‍ നിലവിളിക്കും. പ്രതീക്ഷകള്‍ അസ്തമിക്കുന്നത് പോലെ, ഇനി ജീവിച്ചിരിക്കുന്നതില്‍ ഒരര്‍ത്ഥം പോലുമില്ലെന്ന് നിരാശാബോധം നിറയും. കഥകളിലെ ഡിമന്റര്‍ സാന്നിധ്യമാണ്. മനുഷ്യ പ്രതീക്ഷയെ ഇന്നന്നേയ്ക്കുമായി ഇല്ലാതാക്കുക എന്നതാണ് ഫാഷിസ്റ്റുകളുടെ സ്വഭാവിക ധര്‍മ്മം.

ഇപ്പോഴും ഇന്ത്യന്‍ മിഡില്‍ ക്ലാസിന് സ്വന്തം തൊലിയില്‍ തട്ടിയിട്ടില്ല. സംഘടനകളുടെ, രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഡല്‍ഹിയല്ല, മിഡില്‍ ക്ലാസ്/ അപര്‍ കാസ്റ്റ് പെണ്‍കുട്ടിയല്ല. ഇത്രയെങ്കിലും രോഷമുയരാന്‍ കാരണം സോഷ്യല്‍ മീഡിയ മാത്രമാണ്. പക്ഷേ മനുഷ്യര്‍ സ്വേച്ഛയാല്‍ തലസ്ഥാനങ്ങള്‍ വളയുന്ന അവസ്ഥയുണ്ടാകുമെന്ന പ്രതീക്ഷയാണ് ബാക്കി. ഒരു താരക കണ്ടാല്‍ രാവ് മറക്കുന്ന പാവം മാനവഹൃദയങ്ങളാണ്. പ്രതീക്ഷകളിലാണ് ജനാധിപത്യം പുലരുന്നത്. അപ്പോഴും ചരിത്രം നമ്മളെ നോക്കി അര്‍ത്ഥശൂന്യമായി ചിരിക്കും.