ഇന്റര്‍നെറ്റ് ഉപയോഗം പുതിയകാലത്ത് ജനതയുടെ മൗലികാവകാശങ്ങളിലൊന്നാണെന്നുള്ള ഹൈക്കോടതിവിധി പ്രാധാന്യമര്‍ഹിക്കുന്നതാണ്

0
307

എഴുതിയത്  : Sreejith Divakaran

ഇന്റര്‍ നെറ്റ് ഉപയോഗമെന്നത് പുതിയ കാലത്ത് ജനതയുടെ മൗലികാവകാശങ്ങളിലൊന്നാണ് എന്നുള്ള ഹൈക്കോടതിയുടെ വിധി അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സ്വകാര്യതയ്ക്കുള്ള അവകാശം, അറിയാനുള്ള അവകാശം എന്നിവ തടയുന്നത് തെറ്റാണ് എന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചരിത്ര പ്രധാനമായ വിധിയാണ്. ജസ്റ്റിസ് പി.വി.ആശയുടേത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് വൈകീട്ട് ആറുമണി മുതല്‍ 10 മണിവരെയുള്ള സമയം ഹോസ്റ്റല്‍ അധികൃതര്‍ക്ക് നല്‍കണമെന്നും അല്ലാത്ത പക്ഷം ഹോസ്റ്റലില്‍ നിന്ന് ഒഴിയണമെന്നുമുള്ള ചേളന്നൂര്‍ എസ്.എന്‍ കോളേജ് ഗേള്‍സ് ഹൈസ്‌ക്കൂള്‍ ഹോസ്റ്റല്‍ അധികൃതരുടെ തീരുമാനത്തിനെതിരെ കോടതിയില്‍ പോയ ഫഹീമ ഷെറിന് അഭിവാദ്യങ്ങള്‍.

ഇത് പക്ഷേ ശരിക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പ്രശ്‌നമല്ല, ലിംഗവിവേചനമാണ്. പാട്രിയാര്‍ഖിയാണ്. പൊതുവേ പെണ്‍കുട്ടികളെ ചട്ടം പഠിപ്പിക്കുന്നതിനായാണ് ഇതെല്ലാം സ്‌ക്കൂള്‍ കോളേജ് അധികൃതര്‍ ഉപയോഗിക്കുന്നത്. ഈ കോടതി വിധി തെറ്റാണെന്നും ഇത് പ്രശ്‌നമുമാണെന്നും ഇപ്പോള്‍ കുടുംബ ഗ്രൂപ്പുകളില്‍ ലോകല്‍ ഗ്രൂപ്പുകളില്‍ റ്റീച്ചേര്‍ഴ്‌സ് ഗ്രൂപ്പുകളില്‍ എല്ലാം ചര്‍ച്ചകള്‍ ആരംഭിക്കും. പെണ്‍കുട്ടികള്‍ക്ക് ഫോണ്‍ നിഷേധിക്കാന്‍ സ്‌ക്കൂള്‍ അധ്യാപക സമിതി വഴി എന്തെങ്കിലും സാധിക്കുമോ എന്ന് നോക്കും. രക്ഷിതാക്കളെ ഭീഷണിപ്പെടുത്താന്‍ നോക്കും. ഇന്റേണണ്‍ മാര്‍ക്ക് കുറച്ചാണെങ്കിലും അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും യുദ്ധം പ്രഖ്യാപിക്കും.

ഹക്‌സറിനേപ്പോലുള്ള രക്ഷിതാക്കള്‍ ഇതിനെതിരെ നിയമപരമായി പോരാടുന്നതാണ് പ്രതീക്ഷ. ഇതാണ് രക്ഷ. ലിംഗനീതി നിഷേധിച്ച് ആണ്‍ കുട്ടികളുടെ ഹോസ്റ്റലിനും പെണ്‍കുട്ടികളുടെ ഹോസ്റ്റലിനും പ്രത്യേക നിയമങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകുമെന്ന് കൂടി വിധിയിലുണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹം. കുട്ടികളുടേയും സ്ത്രീകളുടെതും അവകാശങ്ങള്‍ ചെറുപ്പത്തിലേ നിഷേധിക്കപ്പെടുന്നതും വിവേചനങ്ങള്‍ സ്ഥാപിക്കുന്നതിനും അധ്യാപകരും സ്‌ക്കൂള്‍ കോളേജ് അധികൃതരും സമൂഹത്തില്‍ വഹിക്കുന്ന പങ്കുപോലെ മറ്റാരും വഹിക്കുന്നില്ല.

കുട്ടികളുടെ മുടി അവര്‍ വളര്‍ത്തണോ വെട്ടണോ എന്ന കാര്യം തീരുമാനിക്കുന്ന സ്‌ക്കൂള്‍ കോളേജ് അധികൃതര്‍ക്കെതിരെ കൂടി ആരെങ്കിലും കോടതിയില്‍ പോകേണ്ടതാണ്. ഒരു പോലെ മുടി മുറിച്ചെത്താന്‍ പട്ടാള ക്യാമ്പല്ല സ്‌ക്കൂളുകള്‍. സക്കൂളില്‍ നിന്ന് ബലമായി കുട്ടികളെ പിടിച്ച് കൊണ്ടുപോയി മുടിവെട്ടിക്കുന്ന അധ്യാപകരെ ഒക്കെ പിടിച്ച് ജയിലിടേണ്ടതാണ്. കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നല്‍കാതെ അച്ചടക്കം അടിച്ചേല്‍പ്പിക്കുന്നതാണ് ഭാവി തലമുറയ്ക്ക് കരുതുന്നവര്‍ ജനാധിപത്യവിരുദ്ധരും വിവരക്കേടുകളുമാണ്.