സ്വതന്ത്ര ഇന്ത്യയെ മതപരമായി വിഭജിച്ച ആദ്യസന്ദര്‍ഭമാണ് ബാബ്‌രി പള്ളി പൊളിക്കല്‍

0
423

Sreejith Divakaran

സ്വതന്ത്ര ഇന്ത്യയെ മതപരമായി വിഭജിച്ച ആദ്യസന്ദര്‍ഭമാണ് ബാബ്‌രി പള്ളി പൊളിക്കല്‍. തൊള്ളായിരത്തി നാല്‍പതുകള്‍ മുതല്‍ സംഘപരിവാര്‍ ശ്രമിച്ചിരുന്ന കാര്യം. അക്കാലത്തെല്ലാം അത് നേടിയെടുക്കല്‍ അവരുടെ വിദൂര സ്വപ്‌നമായിരുന്നു. എണ്‍പതുകളുടെ അവസാനം ഇളകി മറിഞ്ഞിരുന്ന ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ ഒരു മുതലെടുപ്പ ശ്രമമായാണ് അവരുടെ പഴയ, ഒളിമങ്ങാത്ത അജണ്ട പുറത്ത് വന്നിരുന്നതെങ്കിലും തീ പോലെ പടര്‍ന്നു. ഹിന്ദുവാണെന്നതില്‍ അഭിമാനിക്കൂ എന്ന് ഹിന്ദുമതത്തില്‍ പുറത്ത് നിന്ന് ബ്രിട്ടീഷുകാരുടെ അശ്രദ്ധകൊണ്ട് മാത്രം ഹിന്ദുമതത്തിലെത്തിയ മനുഷ്യരോട് ബ്രാഹ്മണിക്കല്‍ ഹിന്ദുമതം ആവര്‍ത്തിച്ച് പറഞ്ഞു. അവര്‍ പരിഗണിച്ചില്ല. പക്ഷേ മറ്റ് രാഷ്ട്രീയബോധ്യങ്ങളില്‍ നിന്നിരുന്ന സവര്‍ണ്ണ ഹിന്ദുക്കള്‍ക്കൊക്കെ വീണ്ടും ഹിന്ദുവാണെന്നതില്‍ അഭിമാനമുണ്ടായി. ഉദ്ധാരണത്തിന് വില്‍ക്കുന്ന ഒറ്റമൂലി മരുന്ന് പോലെ വില്ലുകുലച്ച് നില്‍ക്കുന്ന ദൈവം ഹിറ്റായി.

ഇത്രയൊക്കെയാണെങ്കിലും മതേതര ഇന്ത്യയുടെ ഏറ്റവും ആഴമേറിയ മുറിവാണ് ബാബ്‌രി പള്ളിയുടെ പൊളിക്കല്‍. ബി.ജെ.പിയോട് മാത്രമല്ല, രാജീവ് ഗാന്ധിയോടും നരസിംഹറാവുവിനോടും ഇന്ത്യന്‍ ജനാധിപത്യവും മതേതര മനസും അതിന്റെ പേരില്‍ കലഹിച്ചു. തുടര്‍ന്നുള്ള മതസംഘര്‍ഷങ്ങള്‍, ഏറ്റുമുട്ടലുകള്‍ ഇന്ത്യന്‍ സമൂഹത്തെ സാമൂഹികമായും അക്കാലത്തുണ്ടാക്കിയ സാമ്പത്തിക നയങ്ങള്‍ ഇന്ത്യന്‍ സമൂഹത്തെ സാമ്പത്തികമായും രണ്ടായി വിഭജിച്ചു. അപരത്വം കുറച്ച് കൂടി വ്യക്തമായി. കേരളത്തിലുമുണ്ടായി അനുരണനങ്ങള്‍. ഏതു സമൂഹവും സ്വത്വപ്രഖ്യാപനങ്ങള്‍ സ്ത്രീകളുടെ മേലാണ് നടത്തുന്നത് എന്നതിനാല്‍ ഫാഷന്‍ പോലെ ഹിന്ദുക്കളാണെന്ന് അഭിമാനിക്കുന്ന സ്ത്രീകളുടെ നെറ്റികളില്‍ സിന്ദൂരം പ്രത്യക്ഷപ്പെട്ടു. ബിജുവും നിഖിലും നികേഷും ബൈജുവും ബീനയും സിന്ധുവും ബിന്ദുവും പോയി മാധവനും ഗോവിന്ദനും മഹാദേവനും ഗായത്രിയും ഗാര്‍ഗിയും ജാനകിയും തിരികെ വന്നു. ലോകം മാറിയത് റാപ്പിഡായാണ്. വാജ്‌പേയി സര്‍ക്കാരിന് കാര്‍ഗില്‍ യുദ്ധത്തിന് ശേഷവും, ഇന്ത്യ തിളങ്ങുന്നു എന്ന ആക്രോശങ്ങള്‍ക്ക് ശേഷവും തിരികെ വരാന്‍ പറ്റാതായതോടെ കോണ്‍ഗ്രസ് വീണ്ടും പുനര്‍ജനിച്ചു. ഇടത്പക്ഷം മുതന്‍ ആ.ജെ.ഡിയും എസ്.പിയും ബി.എസ്.പിയും അടക്കമുള്ള പ്രദേശിക കരുത്തുകളുടെ ഔദാര്യത്തിന്റെ പുറത്തായിരുന്നു ഒന്നാം യു.പി.എ എങ്കില്‍, ബാബ്‌രിപള്ളി പൊളിക്കലിന് ശേഷം ഗുജറാത്ത് വംശഹത്യ കൂടി നടപ്പാക്കിയ വെറുപ്പിനെ എതിര്‍ക്കാനുള്ള ഏക വലിയ ഫോഴ്‌സ് എന്ന ആനുകൂല്യവുമായിരുന്നു രണ്ടാം യു.പി.എയുടെ വിജയരഹസ്യം. വലിയ സഹായങ്ങളില്ലാതെ അവര്‍ ഭരിച്ചു. നശിപ്പിച്ചു. അഴിമതി കൊണ്ട്, കെടുകാര്യസ്ഥത കൊണ്ട് വഷളായ, മനുഷ്യവിരുദ്ധ നിലപാടുകള്‍ കൊണ്ട് തകര്‍ന്ന സര്‍ക്കാരുകളായിരുന്നു. പ്രത്യേകിച്ചും രണ്ടാം യു.പി.എ. ബാബ്‌രി പള്ളി മുതല്‍ ഗുജറാത്ത് വംശഹത്യ വരെ അനുഭവിച്ച് അപരപക്ഷത്തേയ്ക്ക്, ഗെറ്റോവൈസേഷനിലേയ്ക്ക് തള്ളിവിടപ്പെട്ട മുസ്ലിം സമൂഹത്തെ തീവ്രവാദികളെന്ന് മുദ്രകുത്തുന്ന നിയമങ്ങള്‍ കൊണ്ട് വേട്ടയാടിയ കാലമായിരുന്നു അത്. എത്രയേറെ പേര്‍, എത്രയേറെ കാലം ആ ദുര്‍നിയമങ്ങളുടെ, ആ ക്രൂരനിയമങ്ങളുടെ ഇരയായി എന്നതിന്റെ കണക്ക് നാമോര്‍ക്കുന്നതിനേക്കാളെല്ലാം വലുതാണ്. ആ സര്‍ക്കാരുകളാണ് സംഘപരിവാറിന്റെ വിജയിക്കാത്ത ശ്രമങ്ങളല്ല ഒന്നാം എന്‍.ഡി.എ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നത്. ശേഷം ചരിത്രമാണ്.

ഇപ്പോള്‍ നോക്കൂ, ബാബ്‌രിപള്ളി അന്തിമ വിധി ഉടനെ വരും. കാല്‍നൂറ്റാണ്ടായി ഇന്ത്യന്‍ മതേരത്വത്തിനേറ്റ ഉണങ്ങാത്ത മുറിവ് സുഖപ്പെടുമൊന്നോ, നാം വീണ്ടും ജനാധിപത്യത്തിലേയ്ക്ക് നടക്കുമോ എന്നുള്ള ശുഭചിന്ത പോലും ഇന്ത്യന്‍ മതേതരത്വ സമൂഹത്തിനില്ല. ബാബ്‌രി പള്ളി അവിടെ തന്നെ നൂറ്റാണ്ടുകളായി ഉണ്ടെന്നുള്ള ചരിത്രപരമായ തെളിവല്ല, രാമന്‍ അയോധ്യയില്‍ ജനിച്ചുവെന്നും ആ അയോധ്യ ഇന്ന് കാണുന്ന അയോധ്യ ആണെന്നും ജന്മസ്ഥലം പള്ളിയിരിക്കുന്ന സ്ഥലമാണെന്നും ഇന്ത്യന്‍ ഭൂരിപക്ഷ മത വിശ്വാസികളുടെ ‘വിശ്വാസം’ അംഗീകരിക്കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധിയുടെ സാരംശം. അതില്‍ നിന്ന് ലവലേശം മെച്ചപ്പെട്ട ഒന്നും ഇന്നാരും പ്രതീക്ഷിക്കുന്നില്ല. അലഹബാദ് ഹൈക്കോടതി വിധിയുണ്ടാക്കിയ ഞെട്ടല്‍ ആര്‍ക്കും ഇനി ഉണ്ടാകില്ല. ബി.ജെ.പിക്കും ആര്‍.എസ്.എസിനും പോലും വര്‍ഷങ്ങളായി പൊളിറ്റിക്കല്‍ റ്റൂളു മാത്രമായ, വിശ്വാസവുമായി ഒരു ബന്ധവുമില്ലാത്ത അയോധ്യയിലെ തകര്‍ക്കപ്പെട്ട പള്ളി സ്ഥാനം രാമജന്മഭൂമിയായും ക്ഷേത്രമായും അംഗീകരിക്കപ്പെടും. ഇന്ത്യന്‍ ഭരണഘടന പരാജയപ്പെടും. മതേരത്വം ജനാധിപത്യം എന്ന ആശയങ്ങളൊക്കെ കെട്ടിത്തൂക്കി കൊല്ലപ്പെടും. അതിന്റെ മൃതദേഹങ്ങള്‍ പ്രദര്‍ശനത്തിന് വയ്ക്കും. ആര്‍ക്കെങ്കിലും അതിനെ കുറിച്ച് ബേജാറുന്നുണ്ടോ? ഇല്ല. വിധിയുടെ പേരില്‍ ഉത്തര്‍പ്രദേശില്‍ അവശേഷിക്കുന്ന മുസ്ലീം സമൂഹത്തെ യോഗിയുടെ സര്‍ക്കാര്‍ ഉന്മൂലനം ചെയ്യാനുള്ള കലാപം സൃഷ്ടിക്കരുത് എന്ന കുറഞ്ഞ ആഗ്രഹമൊക്കെയേ മതേതര സമൂഹത്തിന് ഇക്കാലത്തുള്ളൂ.

കേരളത്തിലിന്ന് നമ്മള്‍ കുര്‍ദ്ദുകളുടെ ആശയപോരാട്ടം മതതീവ്രവാദത്തിനെതിരായ ജനാധിപത്യമുന്നേറ്റമാണ്, ഇത് മാവോയിസവുമായി ബന്ധമുള്ള ഒന്നല്ല, എത്‌നിസിറ്റിയുടെ പോരാട്ടമാണ്, അടിസ്ഥാനപരമായി ജനാധിപത്യമാണ് എന്ന് ഉറക്കെ പറയണം. ആരോട്? ഇടത്പക്ഷ ഭരണകൂടത്തോട്. അവര്‍ നിയന്ത്രിക്കുന്ന പോലീസിനോട്. യു.എ.പി.എ ചാര്‍ത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കേരളത്തിലെ ഇടത്പക്ഷ ഭരണകൂടത്തോട് ഭരണത്തെ നയിക്കുന്ന സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ മുതല്‍ ബ്രാഞ്ച് അംഗങ്ങള്‍ വരെയും അനുഭാവി സമൂഹവും ആവര്‍ത്തിച്ച് പറയുന്നു. ഘടകക്ഷികള്‍ പറയുന്നു. അതേ സമയം സി.പി.ഐ.എമ്മിന്റെ വര്‍ഗ്ഗ ശത്രുക്കളായ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം മുതല്‍ സൈബര്‍ ഗുണ്ടകള്‍ വരെ പോലീസിന് പിന്തുണ പ്രഖ്യാപിക്കുന്നു. സംസ്ഥാന ഭരണകൂടം നിയന്ത്രിക്കുന്ന പോലീസാകട്ടെ ഇടത്പക്ഷത്തിന്റെ പ്രതിഷേധമല്ല, ബി.ജെ.പിയുടെ ഹുറേ വിളികളാണ് കേള്‍ക്കുന്നത്. ഭരണ/ഉദ്യോഗസ്ഥ നേതൃത്വവും പോലീസ് നേതൃത്വവും ഭരണ രാഷ്ട്രീയ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്നു. എന്നിട്ടും സുഖമായി സ്ഥാനങ്ങളില്‍ തുടരുന്നു.

ഈ കാലത്തും പോലീസ് നല്‍കുന്ന കാലണ വിലയില്ലാത്ത കള്ളത്തെളിവുകളും നുണകളും എകസ്‌ക്ലൂസീവ് വാര്‍ത്തകളായി മാധ്യമങ്ങള്‍ ആഘോഷിക്കുന്നു.

എന്തൊരു കാലമാണിത്?