സി.എ.എയ്ക്കും എൻ.ആർ.സിക്കും എൻ.പി.ആറിനുമെതിരെയുള്ള ലഘുലേഖ വിതരണം ചെയ്ത ശേഷം അംബേദ്കർ പ്രതിമക്ക് മുന്നിൽ നിന്ന് സ്വയം തീകൊളുത്തി മരിച്ച രമേഷ് പ്രജാപതി

413
 Sreejith Divakaran
രമേഷ് പ്രജാപതി, 75 വയസ്. മധ്യ പ്രദേശിലെ ഇൻഡോർ സ്വദേശി. സർക്കാർ ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം തയ്യൽത്തൊഴിൽ കൂടി ചെയ്ത് ജീവിച്ച് വരികയായിരുന്നു. സി.പി.ഐ.എമ്മിന്റെ പ്രാദേശിക നേതാവ്, ദളിത് ശോഷൺ മുക്തി മഞ്ചിന്റെ പ്രവർത്തകൻ.
രണ്ട് ദിവസം മുമ്പ് ഇൻഡോറിലെ ഗീതാ ഭവൻ ചൗരാഹയിൽ സി.എ.എയ്ക്കും എൻ.ആർ.സിക്കും എൻ.പി.ആറിനുമെതിരെയുള്ള ലഘുലേഖ വിതരണം ചെയ്ത ശേഷം അംബേദ്കർ പ്രതിമക്ക് മുന്നിൽ നിന്ന് സ്വയം തീകൊളുത്തി. ഇന്ന് മരിച്ചു.
ഡോ.ബാബാ അംബേദ്കറുടേയും ബ്രിട്ടീഷ് രാജ്യം തൂക്കി കൊന്ന ധീര ദേശാഭിമാനികളായിരുന്ന അഷ്റഫുള്ള ഖാന്റെയും ഭഗത് സിങ്ങിന്റേയും ചിത്രങ്ങളടങ്ങിയതായിരുന്നു അവസാനം വിതരണം ചെയ്ത ലഘുലേഖകൾ. ഒരു രാജ്യത്തിന്റെ നിലനിൽപ്പ് അതിന്റെ ഭരണഘടനയുടെ സംരക്ഷണമാണെന്ന് ആ വയോധികനായ കമ്യൂണിസ്റ്റിന് അറിയാമായിരിക്കണം. 27 വയസിൽ ഫൈസാബാദിൽ തൂക്കലേറ്റപ്പെട്ട അഷ്റഫുള്ള ഖാന്റെയും 24 വയസിൽ ലാഹോറിൽ തൂക്കലേറ്റപ്പെട്ട ഭഗത് സിങ്ങിന്റേയും ജീവത്യാഗം ആലോചിച്ചാൽ തന്റെത് എത്ര തുച്ഛമെന്നും അദ്ദേഹം ആലോചിച്ചിരിക്കണം.
മതത്തിന്റെ പേരിൽ ഇന്ത്യൻ ജനതയെ വീണ്ടും വിഭജിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിന് ഒരു തുള്ളി കരുത്ത് വർദ്ധിപ്പിക്കാൻ തന്റെ ജീവത്യാഗത്തിന് സാധിക്കുമെങ്കിൽ ആകട്ടെ എന്നും കരുതി കാണണം.ലാൽസലാം സഖാവേ! രക്ത സാക്ഷിത്വം ഒരിക്കലും വെറുതെയാകില്ല.
എൻ.ആർ.സി – സി.എ.എ -എൻ.പി.ആർ തുലയട്ടെ. ഈ സവർണ ഫാഷിസ്റ്റ് ഭരണകൂടം നിലം പൊത്തട്ടെ!
ഭരണഘടന സിന്ദാബാദ്!