വാരണാസിയുടെ സങ്കട രാഗം

Sreejith Mullasseri

വാരണാസിയിൽ ബസ് ഇറങ്ങി ഞാൻ ,ഒരു സൈക്കിൾ റിക്ഷ വിളിച്ചു അഞ്ചു കിലോമീറ്റർ അകലെയുള്ള കാശി വിശ്വനാഥ ക്ഷേത്രം ലക്ഷ്യമാക്കി യാത്ര തുടങ്ങി . യാത്രയിലുടനീളം ഞാൻ റിക്ഷക്കാരനോട് സംസാരിച്ചു കൊണ്ടേയിരുന്നു . കൂട്ടത്തിൽ ബുനിയബാഗ് എന്ന സ്ഥലം എവിടെയാണെന്ന് ചോദിച്ചപ്പോൾ ഇപ്പോൾ ഇടത് വശത്തു കഴിഞ്ഞ പോയ റോഡിലൂടെ യാണ് പോകേണ്ടതെന്ന് പറഞ്ഞു . അപ്പോൾ യാത്ര അങ്ങോട്ട് തിരിക്കാൻ ഞാൻ പറഞ്ഞു . അയാളെന്നോട് ആശ്ചര്യത്തോടെ നോക്കിയപ്പോൾ, എന്റെ യാത്രകൾ അങ്ങനെയാണെന്ന മറുപടി കേട്ടയാൾ ചിരിച്ചു.ഷഹനായി യുടെ മാസ്മരിക സംഗീതം ഈ ലോകത്തിനു കാണിച്ചു തന്ന ഉസ്താത് ബിസ്മില്ലാ ഖാന്റെ വീട് കാണാണമെന്നു കൂടി ആഗ്രഹിച്ചായിരുന്നു ഈ വാരാണസി യാത്ര . അത് ഞാൻ ആദ്യമേ തീരുമാനിച്ചതായിരുന്നു.

ഉസ്താദ് ബിസ്മില്ല ഖാൻ (ഗൂഗിൾ ഫോട്ടോസ് )
ഉസ്താദ് ബിസ്മില്ല ഖാൻ (ഗൂഗിൾ ഫോട്ടോസ് )

റിക്ഷക്കാരനോട് എന്നെ ബുനിയ ബാഗിലുള്ള ഖാന്റെ വീട്ടിലെത്തിക്കാമോ എന്ന് ചോദിച്ചു . അയാൾ പോലും മറന്ന് പോയിരുന്നു ആ പേര് .. ഒരിക്കൽ ഒരുനാട് മുഴുവൻ അഭിമാനത്തോടെ അഹങ്കരിച്ചിരുന്ന ആ പേര് അയാൾ ഓർത്തെടുത്തു . ഒരു ഗല്ലിയിൽ സൈക്കിൾ നിർത്തി , അയാൾ അവിടെയുള്ള കടക്കാരനോട് ചോദിച്ചു വഴിയെനിക്ക് പറഞ്ഞു തന്നു . കുപ്പിവളകളുടെ മാർക്കറ്റിലൂടെ ,കെട്ടിടങ്ങൾ തമ്മിൽ വളരെ അടുത്തടുത്തു നിൽക്കുന്ന ഒരു ചെറിയ ഇടവഴികളിലൂടെ മൂന്ന് നാല് വളവു കഴിഞ്ഞു ,പലരോടും ചോദിച്ചറിഞ്ഞു ഞാനാ വീട്ടിലെത്തി.

ഉസ്താദിന്റെ വീടിന്റെ മുൻവശം
ഉസ്താദിന്റെ വീടിന്റെ മുൻവശം

അതിനു പുറത്തുള്ള ലെറ്റർബോക്സിൽ ഉസ്താദ് നെയ്യാർ ഹുസൈൻ ഖാൻ ,s/o ഭാരത് രത്ന ഉസ്താദ് ബിസ്മില്ലാ ഖാൻ എഴുതിയിരുന്നു . ആ വീട് കണ്ടപ്പോൾ ഞാൻ പകച്ചില്ല ..കാരണം മരണ നാളുകളിൽ പരമ ദാരിദ്ര്യത്തിലായിരുന്നു ആ മഹാൻ എന്ന് ഞാൻ വായിച്ചിരുന്നു . ആ വായനകളാണെന്നെ അവിടെ എത്തിച്ചത് .
ഞാൻ മുട്ടിയ വാതിൽ തുറന്നത് ഖാന്റെ മകളുടെ മകൻ ഹാദി ഹസ്സൻ ആയിരുന്നു . ഖാനെ കുറിച്ചുള്ള എന്റെ ചോദ്യങ്ങൾക്ക് ഒരപരിചിതൻറെ പേര് ഓർത്തെടുക്കുന്ന ലാഘവത്തോടെ കേട്ടു . അകത്തേക്ക് കയറട്ടെ എന്ന എന്റെ ചോദ്യത്തിന് ആദ്യം പകച്ചാണെങ്കിലും അനുവാദം കിട്ടി . അകത്തു കയറിയ ഞാൻ ഇരുണ്ട വെളിച്ചത്തിൽ പൊട്ടി പൊളിഞ്ഞ കാവിയിട്ട തറകളും വർഷങ്ങളായി അടർന്ന് വീണ സിമന്റ് തേപ്പുകളും എന്നെ വല്ലാത്ത ഒരവസ്ഥയിലെത്തിച്ചു . ഉസ്താദിനെ കുറിച്ചുള്ള എന്റെ പല ചോദ്യങ്ങൾക്കും അയാളിൽ ഉത്തരം ഉണ്ടായിരുന്നില്ല . അവസാനം ഒരാൾ കൂടി വരും അത് വരെ ഇരിക്കാൻ അയാളെന്നോട് ആവശ്യപ്പെട്ടു .

അകം
അകം

അൽപ സമയത്തിനുള്ളിൽ ഉസ്താദിന്റെ മകൻ നെയ്യർ ഹുസ്സൈന്റെ മകൻ നാസിർ അബ്ബാസ് നല്ല നീളൻ ജുബ്ബയും ധരിച്ചു വന്നു .സംസാരത്തിനിടയിൽ ബന്ധുക്കൾ തമ്മിൽ തന്നെ ചേർച്ച കുറവ് ഉണ്ടെന്നത് എനിക്ക് മനസ്സിലായി . അത് പലപ്പോഴും അവരുടെ ശരീര ഭാഷയിൽ പ്രകടമായിരുന്നു .
ഗംഗയുടെ തീരങ്ങളിൽ ഉസ്താദ് ബിസ്മില്ലാ ഖാൻ സംഗീതത്തെ ഒരു സാധന പോലെ അവസാനം വരെ കൊണ്ട് നടന്നിരുന്നു .അയാൾക് മതമുണ്ടായിരുന്നില്ല. സംഗീതമായിരുന്നു മതം .ബനാറസിന്റെ തെരുവുകളിലും കാശി നാഥന്റെ മുന്നിലും മുഴങ്ങിയ സംഗീതം നിലച്ചത് ആരും ഇപ്പോൾ ഓർക്കാറില്ല . ബീഹാറിലെ ദരിദ്ര ദളിത് മുസ്ലിം കുടുംബത്തിൽ നിന്നും ഈ വാരണാസിയിൽ വന്ന് അയാൾ ഷഹനായി എന്ന ഉപകരണത്തിൽ മാന്ത്രികത തീർത്തു . ആ സംഗീതത്തിൽ വാരണാസിയിലെ നിരവധി ക്ഷേത്രങ്ങൾ ദീപാരാധനകൾ തീർത്തിരുന്നു .

ജീവിക്കാൻ വേണ്ടി തെരുവുകളിലും ദർബാറുകളിലും ക്ഷേത്രങ്ങളിലും ഷഹനായി വായിച്ചു അലഞ്ഞിരുന്ന ഖാനെ കണ്ടെത്തിയത് പണ്ഡിറ്റ് രവിശങ്കരായിരുന്നു . അത് കൊണ്ടുതന്നെയാണ് ബനാറസിന് എന്നും ഷഹനായി യുടെ ഒരു ശബ്ദം ഓർത്തെടുക്കാനുണ്ടായിരുന്നത് . വിഷാദ രാഗമായിരുന്നു എന്നും ഖാന്റെ ഷഹനായിയിൽ നിന്നും ഉയർന്നിരുന്നത് . അതിന് കാരണം ഒരുപക്ഷെ താൻ കടന്നു വന്ന ജീവിത സാഹചര്യം ആയിരിക്കും .

ഉസ്താദിന്റെ മുറിയിൽ നാസിർ ഹുസൈൻ.. ആ ചൂടി കട്ടിലിൽ ആയിരുന്നു ഉസ്താദ് അവസാനം വരെ കിടന്നിരുന്നത്.
ഉസ്താദിന്റെ മുറിയിൽ നാസിർ ഹുസൈൻ.. ആ ചൂടി കട്ടിലിൽ ആയിരുന്നു ഉസ്താദ് അവസാനം വരെ കിടന്നിരുന്നത്.

മരണത്തിനു മുൻപ് നിരവധി രാജ്യങ്ങളിൽ കച്ചേരികൾ നടത്തിയിരുന്ന ബിസ്മില്ലാഖാന്റെ അവസാന നാളുകളിൽ അദ്ദേഹം ജീവിച്ചിരുന്നത് പരമ ദരിദ്രനായിട്ടായിരുന്നു . ഇഷ്ടപെട്ട ഭക്ഷണം കൂടി അദ്ദേഹത്തിന് കിട്ടിയിരുന്നില്ല . അദ്ദേഹത്തെ പോലെ ലോകം അറിയപ്പെട്ടിരുന്ന പലരും മികച്ച ജീവിതം നയിച്ചപ്പോൾ, വരാണസിയുടെ ചൂടേറ്റ് വളർന്ന ഖാൻ അപ്പോഴും ആർഭാടം ആഗ്രഹിച്ചിരുന്നില്ല . അയാൾക്ക് സംഗീതവും മുന്നിലുള്ള കേൾവിക്കാരും മാത്രമായിരുന്നു ലഹരി .

2001 ൽ രാജ്യം ഭാരത് രത്ന നൽകി കൊണ്ട് അദ്ദേഹത്തെ ആദരിച്ചിരുന്നു . അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുമായി അദ്ദേഹം വ്യക്തിപരമായ ബന്ധം സൂക്ഷിച്ചിരുന്നു . പണം ഇല്ലാത്തത് കൊണ്ട് ജീവിതം ദുസ്സഹമാണെന്ന് കാണിച്ചു ഖാൻ പ്രധാനമന്ത്രിക്ക് കത്തുകൾ അയച്ചിരുന്നു എന്ന് പലരും പറഞ്ഞിരുന്നു . കാസറ്റുകളും സി ഡികളും ആയി തന്റെ സംഗീതത്തെ വിറ്റു കാശാക്കാൻ അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല . എങ്കിലും മരണപ്പെടുമ്പോൾ ബിസ്മില്ലാഖാന്റെ പേരിലുള്ള ഒന്നര കോടിയിലധികം വരുന്ന തുക സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള വ്യഗ്രതയിലായിരുന്നു അദ്ദേഹത്തിന്റെ മകനും സിക്രട്ടറിയും എന്ന് പല ലേഖനങ്ങളിലും എടുത്തു കാണിച്ചിരുന്നു. സംഗീത വിപണിയിൽ ഇന്നും അദ്ദേഹത്തിന്റെ കച്ചേരികൾ വില പിടിപ്പുള്ളതാണെകിലും അതിന്റെ ഒരംശം പോലും ഖാന് ലഭിച്ചില്ല എന്നതാണ് സത്യം .
Monograph on Shehnai Maestro Bismilla Khan എന്ന ഗ്രന്ഥത്തിൽ ഖാന്റെ ഈ അവസാന കാലത്തെ കുറിച് എഴുതിയിട്ടുണ്ട് .

ഉസ്താദിന്റെ വീടിന്റെ മുകളിൽ നിന്നുള്ള ഗല്ലിയുടെ കാഴ്ച..
ഉസ്താദിന്റെ വീടിന്റെ മുകളിൽ നിന്നുള്ള ഗല്ലിയുടെ കാഴ്ച..

ഇതെല്ലാം അറിഞ്ഞു കൊണ്ടായിരുന്നു എന്റെ ഈ യാത്ര . അത് കൊണ്ടാണ് എന്റെ പല ചോദ്യങ്ങളേയും ആ വീട്ടുകാർ ആശ്ചര്യത്തോടെ നേരിട്ടത് . ഉസ്താദിന്റെ മുറി കാണണമെന്ന് ഞാൻ നിർബന്ധിച്ചപ്പോൾ ,ഈ രണ്ടുപേരും പരസ്പരം മുഖത്തോട് നോക്കി . അവർ രണ്ടു പേരും മാറി നിന്ന് അടക്കം പറഞ്ഞു .പിന്നെ എന്നെയും കൂട്ടി ആ വീടിന്റെ രണ്ടാം നിലയിലെ ഉസ്താദിന്റെ മുറിയിലേക്ക് കൊണ്ട് പോയി . ഗല്ലിയിലെ വീടിന്റെ ഉള്ളിലെ അലക്കുകല്ലുകളും മലിന ജല ചാലുകളും കടന്നു ,ഏറ്റവും മുകളിലെ ഒറ്റ മുറിയുടെ വാതിൽ തുറന്നു . ഏറ്റവും ചുരുങ്ങിയത് ഈ മുറി തുറന്നിട്ട് രണ്ടു വർഷമായി എന്ന് നാസിർ അബ്ബാസ് പറഞ്ഞു . പദ്മശ്രീ പുരസ്കാരം എവിടെന്ന ചോദ്യത്തിന് അത് ചിതൽ പിടിച്ചു പോയെന്ന ലാഘവ മറുപടി ,അവരുടെ അവജ്ഞ യുടെ പ്രതീകമായി . മുറിയിൽ ചാരി വെച്ചിരുന്ന ഭാരത് രത്ന പുരസ്കാരം എന്റെ ഫോട്ടോക്ക് വേണ്ടി ഞാൻ പൊടിതട്ടിയെടുത്തു . ധാബകളിൽ നമ്മൾ കണ്ട ചൂടി കട്ടിലിൽ ഒരു പഴയ ആൽബം .. ഫോട്ടോ ഉള്ളിൽ ഇടുന്ന തരത്തിലുള്ള പഴയ ആൽബത്തിൽ ഉസ്താദിന്റെ പല കച്ചേരികളും ,അമിതാബ് ബച്ചൻ, വിശിഷ്ട വ്യക്തികൾ അടക്കം ഉള്ളവരുടെ കൂടെ ഉസ്താദും ഉള്ള ഫോട്ടോസ് ഉണ്ടായിരുന്നു . അതിൽ ഒന്ന് രണ്ടു ഫോട്ടോകളിൽ നാസിർ അബ്ബാസ് ഉള്ളത് കാണിച്ചു തരാൻ അയാൾക്ക് വ്യഗ്രത യായിരുന്നു . അതിലും എന്നെ അത്ഭുത പെടുത്തിയത് , കൂടെയുണ്ടായിരുന്ന ഹാദി ഹസ്സൻ ഈ ആൽബമടക്കം പലതും അന്നാണത്രെ കാണുന്നത് . ഒരു കുടുംബത്തിന്റെ അവഗണന എത്രമാത്രമായിരുന്നു എന്നതിന് മറ്റൊരു തെളിവും വേണ്ടല്ലോ . വില പിടിച്ച പല പുരസ്കാരങ്ങളും ആരെക്കെയോ വിറ്റു പോയിരുന്നു . ഒന്ന് രണ്ട് ഫോട്ടോയുമെടുത്ത് ഞാനിറങ്ങി ..

നാസിർ ഹുസൈനും ഹാദി ഹസ്സനും ഉസ്താദിന്റെ ഒറ്റ മുറി ക്ക് മുന്നിൽ
നാസിർ ഹുസൈനും ഹാദി ഹസ്സനും ഉസ്താദിന്റെ ഒറ്റ മുറി ക്ക് മുന്നിൽ

അപ്പോഴും കാതുകളിൽ ഉസ്താദിന്റെ വിഷാദ രാഗങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു . ദാരിദ്ര്യം വൃതമായിരുന്ന മനുഷ്യന് ലഭിച്ച അവഗണനകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു . എല്ലാം നേടാനുള്ള സംഗീതം ഉണ്ടായിട്ടും സാമ്പത്തിനേക്കാളും സംഗീതത്തെ സ്നേഹിച്ച ആ മനുഷ്യൻ അവസാന ശ്വാസം വരെയും മറ്റുള്ളവരുടെ ദാനങ്ങൾക്ക് വേണ്ടി യാചിക്കേണ്ടി വന്നതെന്ത് കൊണ്ട് ??

ഞാൻ വരണാസിയെ ലക്ഷ്യമാക്കി വീണ്ടും സൈക്കിൾ റിക്ഷയിൽ കയറി.. ഇതെഴുതുമ്പോഴും ഞാൻ ആ സങ്കട കടലിൽ നിന്നും മുക്തനായിട്ടില്ല !! ജീവിതാവസാനം നാം ഒറ്റയാണെന്ന് വാരാണസി വീണ്ടും വീണ്ടും കാണിച്ചു തന്നുകൊണ്ടിരുന്നു . വരാണസിയുടെ ദീപാരാധനകളിൽ ഇന്നും ഉസ്താദിന്റെ വിടവുണ്ട് ..അത് ഈ ബനാറസിന്റെ സങ്കടം തന്നെയാണ്!!

ഞാൻ
ഞാൻ

(Ref : വിക്കിപീഡിയ, മോണോഗ്രാഫ്, ഏകാന്ത യാത്രകൾ, NDTV, Times of now etc )

Leave a Reply
You May Also Like

ഒരു ‘ഓര്‍ഡിനറി’ വെക്കേഷന് പറ്റിയ സ്ഥലം, ഗവി !

മലയാളികള്‍ ഗവിയെ അറിഞ്ഞത് ‘ഓര്‍ഡിനറി’ എന്നാ സൂപ്പര്‍ ഹിറ്റ്‌ മലയാളം ചിത്രത്തിലൂടെയാണ്.

തിരിയുന്ന ഭോജനശാലയിലെ ‘ഡേറ്റിംഗ്’

സി.എന്‍. ടവറിലെ പ്രധാന ഒബ്‌സര്‍വേഷന്‍ ഡെക്കിന്റെ മുകളിലെ നിലയിലാണ് റിവോള്‍വിംഗ് റെസ്‌റ്റോറന്റ്. അതൊരു രസകരമായ സ്ഥലമാണ്. ഒരു വൃത്തവും അതിനുപുറത്തായി

ദൃശ്യവിസ്മയമായി ലോകത്തിലെ ഏറ്റവും വലിയ ഗുഹ !

അനിമേഷന്‍ സിനിമകളെ വെല്ലുന്നതരത്തില്‍ നയന മനോഹരമായ ഒരു ഗുഹ, രണ്ടര മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള മലനിരകള്‍ക്കടിയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന വിയറ്റ്‌നാമിലെ ഹാംഗ് സോന്‍ ദൂംഗ് , ആണിത്.

ഡ്രാക്കുളയെത്തേടി…

ഡ്രാക്കുളയെത്തേടി.. Nisha Dilip നമ്മെയൊക്കെ ഭയപ്പെടുത്തിയ വായനകളിൽ ഒന്നാവും ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. ചെറുപ്പത്തിൽ ഡ്രാക്കുളയുടെ…