നേരിന്റെ സെറ്റിൽ വച്ച് മോഹൻലാലിനെ ആദ്യമായി കണ്ട രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ മോഹൻലാൽ എന്ന നടനവിസ്മയത്തെ വിലയിരുത്തുന്നു, ശ്രീജിത്ത് പണിക്കരുടെ സോഷ്യൽ മീഡിയ പോസ്റ്റ്

ശ്രീജിത്ത് പണിക്കർ
ശ്രീജിത്ത് പണിക്കർ

മൂന്നുമാസം മുൻപ് ‘നേര്’ സിനിമയുടെ സെറ്റിൽ വച്ചാണ് ലാലേട്ടനെ ആദ്യമായി കാണുന്നത്. ആൾ കോസ്റ്റ്യൂമിലാണ്. കോട്ട് ഒഴികെയുള്ള വക്കീൽ വേഷം. ചെന്നമാത്രയിൽ പണ്ടുതൊട്ടേ അറിയാമെന്ന മട്ടിൽ പല വിഷയങ്ങളും തമ്മിൽ സംസാരിക്കുകയാണ്. അല്ലെങ്കിലും നമുക്ക് ആളെ പണ്ടുതൊട്ട് അറിയാമല്ലോ.

എന്തുമേതും ലാലേട്ടന് വിസ്മയമാണ്. കൂടുതൽ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. കുടുംബ വിശേഷങ്ങളിൽ നിന്ന് നേതാജിയെക്കുറിച്ചുള്ള ഗവേഷണത്തിലേക്ക്, അവിടെനിന്ന് ചർച്ചകളിലേക്ക്, ട്രോളുകളിലേക്ക്, സിനിമകളിലേക്ക്, ജോലിയെക്കുറിച്ച്, ലാലേട്ടന്റെ അമ്മയെക്കുറിച്ച്, ഭക്ഷണത്തെ കുറിച്ച്, ഗാജറ്റുകളെക്കുറിച്ച്, അങ്ങനെയങ്ങനെയങ്ങനെ. ഫോണിൽ വരുന്ന ട്രോളുകളൊക്കെ കൗതുകത്തോടെ കാണിച്ചുതരുന്നു. ഇടക്കിടെ ‘കഴിക്കാനെന്താ വേണ്ടത്, കുടിക്കാനെന്താ വേണ്ടത്’ എന്നൊക്കെ ചോദിക്കുന്നുണ്ട്. എന്തെങ്കിലും വേണ്ടെന്നു പറഞ്ഞാൽ ഉടൻ: “അതെന്താ വേണ്ടാത്തത്? മധുരം നല്ലതല്ലേ? അത് കുടിച്ചുകൂടേ?”

ലാലേട്ടന്റെ സ്വന്തം സജീവും ഒപ്പമുണ്ട്. അല്പസമയം കഴിഞ്ഞപ്പോൾ രവിയേട്ടനും (മേജർ) ഒപ്പം ചേർന്നു. ഇതിനിടെ ഷോട്ട് റെഡിയെന്ന് അറിയിപ്പ് വരുന്നു. കാരവാനിൽ നിന്ന് നേരെ ഷൂട്ടിലേക്ക്. ഒരു വക്കീൽ കോട്ട് ധരിച്ച്, കറുത്ത കണ്ണട വച്ചപ്പോഴേക്കും തമാശകൾ പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്ന ആ മനുഷ്യൻ ഞൊടിയിടയിൽ അഡ്വക്കേറ്റ് വിജയമോഹൻ ആയി മുന്നിൽ നിൽക്കുന്നു. സജീവും രവിയേട്ടനും ഞാനും ഷൂട്ടിങ് കാണാൻ നിൽക്കുകയാണ്.

അതിനിടെ ലാലേട്ടൻ അടുത്തേക്ക് വന്ന് ‘കിരീടം’ സിനിമയുടെ ക്ലൈമാക്സിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന ‘കലിപ്പൻ’ സാലുവിനെ പരിചയപ്പെടുത്തി. ആ സീൻ ഓർമ്മയില്ലേ എന്നു ചോദിച്ചു. കലിപ്പൻ ആവേശത്തിലാണ്. പക്ഷെ കലിപ്പനെക്കാൾ ആവേശം ലാലേട്ടന്. വീണ്ടും തിരികെ. ലാലേട്ടൻ റെഡിയാണ്. ‘റിഹേഴ്സൽ നോക്കണോ’ എന്നൊരു ചോദ്യം ഉയർന്നു കേട്ടു. കൈകൊണ്ട് വേണ്ടായെന്ന് കാട്ടി, “ടേക്ക് പോകാം, ടേക്ക് പോകാം” എന്ന് ലാലേട്ടൻ പതുക്കെ. അതിനുശേഷം ഞാൻ കണ്ടത് മാജിക്.

അല്പം മുൻപുവരെ തമാശയും പറഞ്ഞ് ചിരിച്ചുകളിച്ചിരുന്ന ആ മനുഷ്യൻ ആളാകെ മാറി. മുഖത്ത് കുട്ടിത്തം തീരെയില്ല. നിർവികാരം. എന്റെ കണ്മുന്നിൽ നിൽക്കുകയാണ് ‘ആക്ഷൻ’ വിളിക്ക് കാതോർത്ത് ലാലേട്ടൻ. എന്റെ വലതുവശത്ത് ഷൂട്ട് ചെയ്ത രംഗങ്ങൾ തത്സമയം കാണാവുന്ന മോണിറ്റർ. “ആക്ഷൻ!” — ഉയർന്നുകേട്ട പ്രോംപ്റ്റുകളുടെ താളത്തിൽ വിവിധ ഭാവങ്ങൾ, നോട്ടങ്ങൾ, ഡയലോഗുകൾ, അവിശ്വസനീയത, പരിഭ്രമം, ആകെ അഭിനയമേളം. ഇപ്പുറത്ത് കട്ടയ്ക്കുനിന്ന് സിദ്ദിഖിക്ക. “കട്ട്!” ഷോട്ട് ഓക്കെ.

കട്ട് കേട്ടയുടൻ വിജയമോഹൻ വക്കീൽ എവിടെയോ പോയിമറഞ്ഞു, ആൾ വീണ്ടും മോഹൻലാൽ ആയി. ഒരു കള്ളച്ചിരിയോടെ അടുത്തേക്ക് വന്നുനിന്ന് മോണിറ്ററിൽ നോക്കി ആ സീൻ കണ്ടു. ഒപ്പം ഞങ്ങളോട് ഒരു ഡയലോഗും. “വക്കീലന്മാർ എങ്ങനെ ഈ കോട്ടും ഇട്ടുകൊണ്ട് ഇത്രനേരം നിൽക്കുന്നു, അല്ലേ? എന്തൊരു ചൂട്! നിങ്ങള് നിൽക്കുന്നിടത്ത് എന്താ ഇത്ര കാറ്റ്. എനിക്ക് കിട്ടുന്നില്ലല്ലോ.”

ഞാനപ്പോഴും ആ സീനിന്റെ ഹാങ്ങോവറിൽ നിൽക്കുകയാണ്. ലാലേട്ടൻ അതൊക്കെ അപ്പൊഴേ വിട്ടു. ആ ഷോട്ട് എടുക്കാൻ പോകുന്നതിന് ഒന്നൊന്നര മണിക്കൂർ മുൻപെങ്കിലും ഞങ്ങൾ വർത്തമാനം പറയാൻ തുടങ്ങിയതാണ്. അവിടെനിന്നും നേരെ പോയി അഭിനയിച്ചിട്ടു വരികയാണ്. ഇതിനൊക്കെ എപ്പോൾ തയ്യാറെടുത്തോ എന്തോ! തീരെ ചെറിയ പ്രായത്തിൽ ആദ്യമായി ഒരു ഷൂട്ട് കണ്ടതിന്റെ കുഞ്ഞോർമ്മകൾ എനിക്ക്. ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ സിനിമയുടെ ക്ലൈമാക്സിനു തൊട്ടുമുൻപ് കാക്കോത്തി തന്റെ സ്വന്തം വീടും വീട്ടുകാരുടെ ചിത്രങ്ങളും കാണുന്ന സീൻ ചിത്രീകരിക്കുമ്പോൾ നടി രേവതിയുടെ തൊട്ടുപിന്നിൽ അഞ്ചുവയസ്സുകാരനായ ഞാനും ഉണ്ടായിരുന്നത്രേ! 😃

വീണ്ടും കാരവാനിലേക്ക്. രാത്രി തിരികെ മടങ്ങുമ്പോൾ ഞാനെന്റെ ചില സുഹൃത്തുക്കളോട് പറഞ്ഞു: “ഇന്നത്തെ ദിവസം ഞാൻ മറക്കില്ല. ഇന്നു ഞാൻ ലാലേട്ടൻ അഭിനയിക്കുന്നത് നേരിൽ കണ്ടു. എന്റമ്മച്ചീ, ഇങ്ങേരിത് എന്തോന്ന് മനുഷ്യൻ! ഒരു രക്ഷയുമില്ല! ഈ പടം ഹിറ്റടിക്കണം.”

ഇന്നിതാ, ‘നേര്’ തിയറ്ററുകൾ നിറഞ്ഞോടുന്നു. വിജയത്തിൽ എനിക്കും അങ്ങേയറ്റത്തെ സന്തോഷം. നിരവധി പ്രിയപ്പെട്ടവർ അണിനിരന്ന ചിത്രം കൂടിയാണ് ‘നേര്’ — ശങ്കർ, ജഗദീഷേട്ടൻ, സിദ്ദിഖ് ഇക്ക, ഗണേഷേട്ടൻ, ഡോ പ്രശാന്ത്, നന്ദുവേട്ടൻ, ഷെഫ് പിള്ളേച്ചൻ. അവരുടെ സന്തോഷം നമ്മുടേത് കൂടിയാകുമല്ലോ.
പലരും പറഞ്ഞുകണ്ടു, ‘ഞങ്ങളുടെ പഴയ മോഹൻലാലിനെ തിരിച്ചുകിട്ടിയേ’ എന്ന്. അതിന് അങ്ങേര് എവിടെയെങ്കിലും പോയിട്ടുവേണ്ടേ? മോഹൻലാലിലെ നടൻ കളിമണ്ണ് പോലെയാണ്. നല്ലൊരു ശില്പിയുടെ കയ്യിൽ കൊടുക്കൂ, നിങ്ങൾ കാണാൻ ആഗ്രഹിച്ചത് ഉണ്ടാക്കിത്തരും. ഇവിടെ ആ ശില്പിയാണ് ജിത്തു ജോസഫ്!
നടനവിസ്മയം തുടരട്ടെ. ലാലേട്ടാ, ഉമ്മ!

You May Also Like

സിനിമ -സീരിയൽ നടൻ പ്രതാപൻ അന്തരിച്ചു

സിനിമ -സീരിയൽ നടൻ പ്രതാപൻ അന്തരിച്ചു.സ്വർണ്ണകിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും…

ഫാമിലി – ആക്ഷൻ ചിത്രം ആർ ഡി എക്സ് ട്രെയ്‌ലർ പുറത്ത്

ഫാമിലി – ആക്ഷൻ ചിത്രം ആർ ഡി എക്സ് ട്രെയ്‌ലർ പുറത്ത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന…

പി കെ ബിജുവിന്‍റെ പുതിയ ചിത്രം ‘ആൺഗർഭം’

പി കെ ബിജുവിന്‍റെ പുതിയ ചിത്രം ‘ആണ്‍ഗര്‍ഭത്തി’ന്‍റെ ടൈറ്റില്‍ റിലീസ് ചെയ്തു. വിവര സാങ്കേതിക വിദ്യയിലുണ്ടായ…

‘പ്ലെഷർ’, പോൺ ഇൻഡസ്ട്രിയിൽ നടക്കുന്ന കാര്യങ്ങൾ പച്ചയായി വരച്ചു കാട്ടിയ ഒരു സിനിമ

നിൻജ തൈബർഗ് ആദ്യമായി സംവിധാനം ചെയ്ത് സംവിധാനം ചെയ്ത 2021 ലെ ഒരു ലൈംഗിക ഡ്രാമ…