വിദ്യാർത്ഥികൾ പാദസേവ ചെയ്യേണ്ടിവരുന്നത് കടുത്ത നിയമ വിരുദ്ധവും മനുഷ്യാവകാശ, ബാലാവകാശ ലംഘനവുമാണ്

Sreejith Perumana

ഇതിപ്പോൾ പറഞ്ഞാലേ പൊതുജനത്തിന്റെ തലയിൽ കയറൂയോ എന്നതുകൊണ്ടാണ്…സാഹചര്യം മുതലെടുത്ത് പറഞ്ഞുപോകുന്നത്..,

ചെരുപ്പിട്ട് ക്ലാസ്സ് മുറികളിൽ കയറാൻ പാടില്ലേ തൊട്ടൂരം പുറപ്പെടുവിച്ച് ഒരു പിച്ച് കുഞ്ഞിന്റെ ജീവൻ നഷ്ടമായതിനെ തുടർന്നാണ് വിദ്യാലയങ്ങളിൽ എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് പൊതു സമൂഹം ചർച്ച ചെയ്യാൻ തുടങ്ങിയത്. മാതാപിതാക്കളും പൊതു സമൂഹവും അറിയാതെ നടക്കുന്ന കുട്ടികളെ കുമ്പിടാൻ പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലെ ഫ്യുഡൽ വ്യവസ്ഥിതികളും ഇതോടെ അവസാനിപ്പിക്കപ്പെടണം.

രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ ഇറ്റാലിയൻ പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചു കൊല്ലും മുൻപ് നാഥൂറാം വിനായക് ഗോഡ്സെയും,

രാഷ്ട്രശില്പി മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ചാവേർ ബോംബായി കൊല്ലുന്നതിനു മുൻപ് തേൻമൊഴി രാജരത്നം എന്ന ധനുവും..

കാലുതൊട്ട് #ഗുരുവന്ദനം അഥവാ #പാദപൂജ നടത്തിയിരുന്നു എന്ന പഴയ ആർഷ ഭാരത സംസ്കാരത്തിന്റെ
കഥ ഈ അവസരത്തിൽ മാതാപിതാക്കളെയും സമൂഹത്തെയും ഓർമ്മിപ്പിച്ചുകൊണ്ട് കാര്യത്തിലേക്ക് വരാം. 🙏

പാദപൂജ അഥവാ ഗുരുവന്ദനം/ഗുരുപൂജ/പൂജ/ആദരവ് തുടങ്ങിയ പേരുകളിൽ സംസ്ഥാനത്തെ സർവ്വമാന സ്‌കൂളുകളിലും അരങ്ങേറിവരുന്ന സർക്കാർ സ്‌പോൺസേർഡ് പരിപാടികളും, മത മേലാളന്മാരുടെ ഉഡായിപ്പ് പരിപാടികളും വിദ്യാർത്ഥികളുടെ അവകാശങ്ങളെയും , സ്വതന്ത്ര ചിന്തകളെയും ലംഘിച്ചുകൊണ്ടുള്ളതാണ്.

കസേരയില് ഇരിക്കുന്ന അധ്യാപകരുടെ കാല്ക്കല് കിണ്ടിയും വെള്ളവും പുഷ്പങ്ങളുമായി ഇരിക്കുന്ന വിദ്യാർഥികൾ കാലു കഴുകി പൂജിക്കുന്ന അറപ്പുളവാക്കുന്ന ചില ചിത്രങ്ങള് വർത്തമാനകാലത്ത് വ്യാപകമായി സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്…

സംസ്ഥാനത്തെ സര്ക്കാര് സ്‌കൂളുകളില് ‘ഗുരുവന്ദനം’ എന്ന പരിപാടി സംഘടിപ്പിക്കാന് 2018 ൽ അനുവാദം നല്കിയത് പൊതുവിദ്യാഭ്യാസ വകുപ്പാണ്‌ എന്നതാണ് അതിലെ വലിയൊരു വിരോധാഭാസം. പൗരന്മാരിൽ ശാസ്ത്ര അഭിരുചിയും , മാനവികതയും, അന്വേഷണ ത്വരയും, പരീക്ഷണ ബോധവും വളർത്തുക എന്നത് സ്റ്റേറ്റിന്റെ പ്രാഥമികമായ ഉത്തരവാദിത്വമാണ് എന്ന് പറയുന്ന ആർട്ടിക്കിൾ 51 A (H) എന്ന ഭരണഘടനാ ഉത്തരവാദിത്വം നിലനിൽക്കെയാണ് ആർഷഭാരത സംസ്കാരം എന്ന പേരിലുള്ള തോന്ന്യാസം സർക്കാർ സ്പോണ്സര്ഷിപ്പ്ള് നിരപാതം അരങ്ങേറുന്നത് എന്നത് അങ്ങേയറ്റത്തെ നാണക്കേടും, അപലപനീയവുമാണ്. പൊതു വിദ്യാഭ്യാസ അഡീഷണല് ഡയറക്ടര് ജിമ്മി.കെ. ജോസാണ് ഗുരുവന്ദനം നടത്താന് അനുവാദം നല്കിയുള്ള ഉത്തരവ് അന്ന് പുറപ്പെടുവിച്ചത്. എന്നാൽ തൃശൂര് ചേര്പ്പ് സിഎന്എന് ഗേള്സ് സ്‌കൂളില് വ്യാസ പൗര്ണമിയുടെ ഭാഗമായി വിദ്യാര്ത്ഥിനികള് നിര്ബന്ധിത ഗുരുപൂജ നടത്തിയത് പിന്നീട് വിവാദമായിരുന്നു.

കേരള സർവീസ് നിയമങ്ങൾ പ്രകാരം ജോലി ചെയ്യുന്ന എയിഡഡ് സ്‌കൂളുകളിലെ സർക്കാർ അധ്യാപകരുടെ കാൽക്കൽ പുഷ്പ്പങ്ങൾ അർപ്പിച്ച് വിദ്യാർത്ഥിനികൾ ഉൾപ്പെടെ പാദസേവ ചെയ്യേണ്ടിവരുന്നത് കടുത്ത നിയമ വിരുദ്ധവും, മനുഷ്യാവകാശ, ബാലാവകാശ ലംഘനവുമാണ്.

നമ്മുടെ മണ്ണിൽ നിന്നും ഉന്മൂലനം ചെയ്ത പഴയ ബ്രാഹ്മിണിക്കൽ ഫ്യുഡൽ വ്യവസ്ഥിതികൾ അങ്ങിങ്ങായി തലപൊക്കുന്നതിന്റെ സൂചനകളാണിത്

പഴയ ഗുരുകുല സമ്പ്രദായത്തിൽ ഉന്നതകുല ജാതരായവരുടെ കൂടെ വിദ്യ നേടുന്നതിന് പോലും കീഴാളർക്ക് അനുമതിയില്ലായിരുന്നു. ഗുരുക്കന്മാരുടെ പാദസേവ ചെയ്തും, കാണാമറയാതിരുന്നുമാണ് ഒരു തലമുറ അക്ഷരങ്ങളെ അറിഞ്ഞിരുന്നത്.

മതപരമായ എല്ലാ ചടങ്ങുകൾക്കും കർശന നിരോധനം സ്‌കൂളുകളിൽ നിലനിൽക്കെയാണ് പാദപൂജ എന്ന പേരിൽ വിദ്യാർത്ഥികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സർക്കാർ സ്‌പോൺസേർഡ് അനാചാരം അരങ്ങേറിയത് എന്നത് അങ്ങേയറ്റം ദൗർഭാഗ്യകരവും കുറ്റകരവുമാണ്.

മാതാപിതാക്കന്മാരോടുള്ള ബഹുമാനവും, സ്നേഹവും ഓരോ വിദ്യാർത്ഥിയും സാമൂഹിക വിദ്യാഭ്യാസത്തിലൂടെ നേടേണ്ടതാണെന്നിരിക്കെ അതിനായി ഒരു മതപരമായ ചടങ്ങു സംഘടിപ്പിക്കുന്നത് ആരുടെ താത്പര്യങ്ങൾക്കുവേണ്ടിയാണ് എന്നത് വ്യക്തമാകേണ്ടിയിരിക്കുന്നു.

ആരാധനാലയങ്ങളെല്ലാം പൊളിച്ചുകളഞ് അവിടെ കപ്പ നടണമെന്ന് ഉത്ബോധനം ചെയ്ത കമ്മ്യുണിസ്റ്റ് ആചാര്യന്മാരുടെ ശിഷ്യഗണങ്ങൾ ഭരിക്കുന്ന കേരളത്തിൽ ഇത്തരത്തിലൊരു മതാചാര ചടങിന് അനുമതി നൽകിയത് വൈരുദ്ധ്യാത്മിക വിരോധാഭാസമാണെന്നേ പറയാനുള്ളൂ.

ഒരു ഭാഗത്തു പശുവും ആടുമെല്ലാം അമ്മയും അമ്മായമ്മയുമൊക്കെയാണെന്നു ആക്രോശിച്ചുകൊണ്ടു മനുഷ്യർക്കെതിരെ വാളെടുക്കുന്ന സംഘ്പരിവാരങ്ങളും മറുഭാഗത്ത് പടിയടച്ചു പിണ്ഡം വെച്ച മതാചാരങ്ങളെ മൃദുവായി അടിച്ചേൽപ്പിക്കുന്ന കമ്മ്യുണിസ്റ്റ് ഭരണം. ഇരുകൂട്ടരും അക്ഷരാർത്ഥത്തിൽ നാടിനെ തള്ളിവിടുന്നത് രാമരാജ്യത്തിലേക്കാണെന്നു ആരെങ്കിലും സംശയിച്ചാൽ വരെ കുറ്റം പറയാൻ സാധിക്കില്ല.

ജില്ലാ മജിസ്‌ട്രേറ്റിന്റെ നിരോധനം നിലനിൽക്കെ പാലക്കാട് സർക്കാർ സ്‌കൂളിൽ ആർ എസ് എസ് മേധാവി പതാക ഉയർത്തിയ കേസ് ഇപ്പോൾ എവിടെ എത്തി നിൽക്കുകയാണെന്ന് ആർക്കെങ്കിലും അറിയുമെങ്കിൽ ഒന്ന് പറഞ്ഞുതരണം.

ഇനിയും പാദപൂജ പോലുള്ള തോന്ന്യാസങ്ങൾ നടത്താൻ തന്നെയാണ് ഉദേശമെങ്കിൽ കൂടുതൽ ശക്തമായ നിയമ നടപടികൾ ആലോചിക്കെണ്ടിവരും എന്ന് ഭരണകൂടത്തെ ഓർമ്മിപ്പിക്കട്ടെ.

വിദ്യാർഥികളുടേതുൾപ്പെടെ അഭിമാനത്തെ ചോദ്യം ചെയ്തുകൊണ്ടും, മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളും വാർത്തകളും സഹിതം സ്ക്കൂളുകളിൽ അരങ്ങേറുന്ന ഈ നിയമവിരുദ്ധ പരിപാടിക്കെതിരെ നിലവിൽ മനുഷ്യാവകാശ കമ്മീഷനിലും, ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

വിദ്യാലയങ്ങളിൽ മാനവികതയും, ശാസ്ത്രബോധവും, രാഷ്ട്രീയതയും, സ്നേഹവും, കരുണയും സൗഹാർദവും പൂത്തുലയട്ടെ