ഇനിയൊരിക്കലും ഒരു മതത്തിന്റെ ആരാധനാലയം മറ്റൊരു മതത്തിന്റേതാക്കി മാറ്റാൻ സാധിക്കില്ല

  370

  അഡ്വ ശ്രീജിത്ത് പെരുമന

  ആശങ്ക വേണ്ട !
  അയോദ്ധ്യ വിധി മറ്റു ആരാധനാലയങ്ങളുടെ കേസിൽ ഒരു കീഴ്വഴക്കമാകില്ല ; ഇനിയൊരിക്കലും ഒരു മതത്തിന്റെ ആരാധനാലയം മറ്റൊരു മതത്തിന്റേതാക്കി മാറ്റാൻ സാധിക്കില്ല.

  താജ്മഹലിൽ ഉൾപ്പെടെ സംഘപരിവാർ സംഘടനകൾ അവക്ഷം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ വന്ന അയോദ്ധ്യ വിധി, ഇനിയും പല ആരാധനാലയങ്ങളും കോടതികയറാൻ സാധ്യതയുണ്ടോ എന്ന ആശങ്ക പലരിലും സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ഈ ആശങ്കൾ ആസ്ഥാനത്താണെന്നും അത്തരത്തിൽ 1947 ആഗസ്റ്റ് 15 മുതൽ രാജ്യത്തുള്ള ഒരു മതത്തിന്റെ ആരധനാലയങ്ങളും മറ്റു മതങ്ങൾക്ക് വേണ്ടി മാറ്റപ്പെടില്ല എന്ന് സുപ്രീംകോടതി വിധി വ്യക്തമാക്കുന്നു.

  എന്തുകൊണ്ട് ഒരന്വേഷണം ?

  ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധക്കാൻ മാത്രമാണ് സ്വാതന്ത്ര്യത്തിനു മുൻപുള്ള ചരിത്രപരമായ വസ്തുതകളിലേക്ക് സുപ്രീംകോടതി അയോധ്യകേസിൽ കടന്നത്. സ്വാതന്ത്ര്യത്തിനു മുൻപുള്ള ഭരണാധികാരികൾ ചെയ്ത ചരിത്രത്തിലെ തെറ്റുകൾ തിരുത്താനോ, വിചാരണ ചെയ്യാനോ അല്ല.

  മുൻ ഭരണാധികാരികൾ ചെയ്തിട്ടുള്ള ചരിത്രപരമായ തെറ്റുകൾ തിരുത്താൻ ഭരണഘടനാധിഷ്ഠിതമായ നിലവിലെ നിയവ വ്യവതിയിൽ സാധ്യമല്ലെന്നു അസന്നിഗ്ധമായി സുപ്രീംകോടതി വിധിച്ചതാണ് അയോദ്ധ്യ കേസ് മറ്റൊരു കേസിലും കീഴ്വഴക്കമാകില്ല എന്ന ഉറപ്പു നൽകുന്നത്.

  മുൻ ഭരണാധികാരികളുടെ പ്രവർത്തികൾക്കുള്ള ഉത്തരം നിലവിലെ നിയമമല്ലെന്നു സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാകുന്നു.
  സുപ്രീംകോടതിയുടെ വിധി പറയുന്നതിങ്ങനെ ..,

  മുഗൾ ഭരണാധികാരികളുടെ പരമ്പരകൾ ഹിന്ദു ആരാധനാലയങ്ങൾക്കെതിരെ നടത്തിയ നടപടികളിലുള്ള അവകാശവാദം ഇന്ന് ഒരു കോടതിയിലും ഉന്നയിക്കാൻ സാധിക്കില്ല.
  പൗരാണിക ഭരണാധികാരികളുടെ ഏതുതരത്തിലുള്ള നടപടികളിന്മേലും എന്തെങ്കിലും സാന്ത്വനമോ, ആശ്രയമോ, പരിഹാരമോ ആവശ്യമാണെങ്കിലും അതിനുള്ള ഉത്തരം നിയമം അല്ല. ധാർമ്മികമായി തെറ്റാണെന്നു തെളിയിക്കപ്പെട്ട മുൻ ഭരണാധികാരികളുടെ നിരവധിയായ നടപടികൾ ഇപ്പോഴും ആശയപരമായ കലഹങ്ങൾക്ക് കാരണമാകാറുണ്ട്. സുപ്രീംകോടതി നിരീക്ഷിച്ചു.

  ഭരണഘടനാ നിലവിൽ വന്നതിനു ശേഷം വ്യക്തികളുടെ അവകാശങ്ങളും, ബാധ്യതകളും തീരുമാനിക്കുന്നത് മതപരമായതോ, സാംസ്കാരികപരമായ സവിശേഷത പരിഗണിച്ചിട്ടില്ല. ഇപ്പോൾ നിലവിലുള്ള ഇന്ത്യയിലെ മനുഷ്യർ മറ്റു പല സംസ്ക്കാരത്തിൽ നിന്നുമുള്ള പിമുറക്കാരായി ഈ മണ്ണിൽഎത്തിപ്പെട്ട ആളുകളാണെന്നു ചരിത്രത്തിൽനിന്നും മനസിലാകും.

  ചരിത്രത്തിൽ നടന്ന കാര്യങ്ങളിൽ വിയോജിപ്പുള്ളവർക്ക് പരിഹാരം കണ്ടെത്തി നൽകാൻ നിലവിലെ നിയമത്തിനു സാധിക്കില്ല.

  രാജവാഴ്ചയുടെയും, ഭരണാധിപരുടെയും ഉയർച്ചയും താഴ്ചയും മനുഷ്യ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ചരിത്രപരമായി നടന്ന കാര്യങ്ങളിൽ വിയോജിപ്പുള്ള എല്ലാവർക്കും നിയമപരമായ പരിഹാരം നൽകാൻ ഉപയോഗിക്കാവുന്ന ഒരു ഉപകാരണമല്ല നിയമം എന്നുപറയുന്നത്. നിലവിൽ നടപ്പിലാക്കാൻ സാധിക്കുന്ന നിയമത്തിന്റെ പരിണിതഫലങ്ങളിലൂടെ ഉണ്ടായിട്ടുള്ളതല്ലെങ്കിൽ ചരിത്രത്തിലെ തെറ്റുകളുടെയും, ശരികളുടെയും പേരിൽ ഇന്നത്തെ കോടതികൾക്ക് നടപടിയെടുക്കാൻ സാധിക്കില്ല. സുപ്രീംകോടതി നിരീക്ഷിച്ചു.

  മുകളിൽ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പിന്നെ എന്തുകൊണ്ട് സുപ്രീംകോടതി 1528 ൽ നിർമ്മിച്ച ഒരു പള്ളിയുടെ സ്ഥാനത്ത് ക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകി എന്ന് സ്വാഭാവികമായിയും ചിന്തിക്കാം അതിനുള്ള കാരണങ്ങൾ ഇതാണ്..

  ക്ഷേത്രം പൊളിച്ചത്തിനു ശേഷമാണു പള്ളി നിർമിച്ചിട്ടുള്ളത് എന്ന് സുപ്രീംകോടതി കണ്ടെത്തിയിട്ടില്ല.

  ക്ഷേത്രം പൊളിച്ചതിനു ശേഷമാണ് പള്ളി നിർമ്മിച്ചത് എന്ന് തീർച്ചപ്പെടുത്തുന്ന യാതൊന്നും ആർക്കിയോളജിക്കൽ സർവ്വേയുടെ റിപ്പോർട്ടിൽ ഇല്ല.

  പന്ത്രണ്ടാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ഹിന്ദുവംശത്തിലുള്ള ഒരു നിർമ്മാണത്തിന്റെ അവശിഷ്ടങ്ങളുടെ മുകളിലാണ് പള്ളി നിർമ്മിച്ചിട്ടുള്ളത് എന്ന സൂഷണകൾ മാത്രമാണ് ആർക്കിയോളജിക്കൽ സർവ്വേ റിപ്പോർട്ടുകൾ നൽകിയത്.

  പ്രസ്തുത അവശിഷ്ടങ്ങൾ ക്ഷേത്രത്തിന്റേതാണോ എന്നോ, മനുഷ്യന്റെ നടപടികളിലാണോ അത് തകർന്നത് എന്നോ തീർച്ചപ്പെടുത്താനാകാത്ത റിപ്പോർട്ടാണ് പുരാവസ്തു വകുപ്പിന്റേത്.

  പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായ കെട്ടിടവുംനിന്ന സ്ഥലത്ത് നാന്നൂറ് വർഷങ്ങൾക്കിപ്പുറം പള്ളി നിർമ്മിച്ചത് വ്യക്തമാക്കുന്നത് പഴയ നിർമ്മാണം സ്വാഭാവികമായും തകർന്നുപോയതാകാമെന്ന സാധ്യതകളിലേക്കാണ് സൂചനകൾ നൽകുന്നത്.

  ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തീരുമാനിക്കേണ്ടത് പുരാവസ്തു റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് മറിച്ച് ഒരു സിവിൽ വിചാരണയിൽ നടപ്പിലാക്കുന്ന തെളിവുകളുടെ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടാകണം.

  പള്ളിയുടെ അടിയിലുള്ള അവശിഷ്ട്ടങ്ങൾ ഒരു ക്ഷേത്രത്തിന്റേത് ആണെങ്കിൽപോലും അത് ഹിന്ദുക്കൾക്ക് പ്രസ്തുത ഭൂമിയിലുള്ള അവകാശത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒന്നല്ല.

  ചുരുക്കി പറഞ്ഞാൽ മുകളില ഭരണാധിപന്മാരുടെ നടപടികൾ ഇന്നത്തെ കോടതികൾ പരിഗണിച്ചു പരിഹാരം കാണാൻ സാധിക്കില്ല എന്നും അല്ലെങ്കിൽ നിലവിലെ നിയമങ്ങൾ അത്തരത്തിലൊരു പ്രശ്നപരിഹാരം അംഗീകരിച്ചിട്ടുണ്ടാകണം എന്നും കോടതി പറഞ്ഞു.

  ബ്രിട്ടീഷുകാരുടെ ഭരണകളായതു നടന്ന നടപടികളിലെ പരിഹാരങ്ങൾ മാത്രമേ പരമാവധി കോടതികൾക്ക് വിചാരണ നടത്തി സ്ഥാപിക്കാൻ സാധിക്കുകയുള്ളൂ എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 1856 ൽ ബ്രിട്ടീഷുകാർ ഔധ് പിടിച്ചെടുത്തിട്ടും ഹിന്ദുക്കൾക്കും, മുസ്ലീങ്ങൾക്കും ആരാധന നടത്താനുള്ള അവകാശം നൽകിയിരുന്നു എന്നും ബ്രിട്ടീഷ് ബഹരണകൂടം ഇരു കക്ഷികളുടെയും സമ്മിശ്രമായ അവകാശത്തെ അംഗീകരിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

  ബ്രിട്ടീഷ്ഭ ഭരണത്തിന്റെ തുടർച്ചയും, ഇന്ത്യൻ റിപ്പബ്ലിക്ക് അംഗീകരിക്കുന്ന രണഘടനയുടെ ആർട്ടിക്കിൾ 372 ,296 പ്രകാരംബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന വ്യക്തിയുടെ അവകാശവാദം സ്വാതന്ത്ര്യത്തിനു ശേഷവും നടപ്പിലാക്കാവുന്നതാണ്.

  അതായത് നിലവിലെ കോടതികൾക്ക് നടപ്പിലാക്കാൻ സാധിക്കുന്നത് പരമാവധി ബ്രിട്ടീഷ് ഭരണകാലത്ത് വരെ അംഗീകരിക്കപ്പെട്ട സ്വകാര്യ അവകാശങ്ങളും, അവകാശവാദങ്ങളും മാത്രമാണ് അതിനു മുൻപ് ചരിത്രപരമായുള്ള തെറ്റുകളുടെയും, നടപടികളുടെയും പരിഹാരങ്ങളിൽ തീരുമാനമെടുക്കാനോ പരിശോധിക്കണോ കോടതികൾക്കാകില്ല.

  എന്തുകൊണ്ട് അയോധ്യപോലെ ഇനി മറ്റൊരു ആരാധനാലയവും, മറ്റൊരുമതങ്ങൾക്കും നൽകാനാവില്ല ?

  1991 ലെ Places of Worship (Special Provisions) Act, വകുപ്പ് 3 പ്രകാരം 1947 ആഗസ്റ്റ് 15 നു നിലനിന്നിരുന്ന ഏതൊരു മതത്തിന്റെ ആരാധനാലയവും ബലമായി മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് നിരോധിച്ചിരിക്കുന്നു. അത്തരത്തിലുള്ള ശ്രമങ്ങൾ നടത്തുന്നത് ക്രിമിനൽ കുറ്റവും 3 വർഷം തടവ് കിട്ടുന്ന കുറ്റവുമാണ്.

  അയോധ്യയിലെ രാമജന്മഭൂമി മൂവ്മെന്റ് ആരംഭിച്ചശേഷമാണ് ആരാധനാലയങ്ങൾ അതാതു മതങ്ങളിൽ നിലനിർത്തി മതസൗഹാർദ്ധം നിലനിർത്താൻ ഇത്തരത്തിലൊരു നിയമം കേന്ദ്ര സർക്കാർ പാസാക്കുന്നത്.

  എന്നാൽ ഈ ആക്റ്റിലെ വകുപ്പ് 5 പ്രകാരം കേസുകളും, വ്യവഹാരങ്ങളും നിലനിക്കുന്നതിനാൽ ഈ നിയമം അയോധ്യയിലെ ബാബരിമസ്ജിദിനു ബാധകമല്ല.

  അയോദ്ധ്യ കേസിലെ വിധിന്യായം മേൽ നിയമത്തെ ചൂണ്ടികാണിച്ചു രാജ്യത്തിൻറെ ഭരണഘടനയുടെ മതേതര അടിസ്ഥാന സത്വം ചൂണ്ടികാണിക്കുന്നു.

  മുകളിൽ പ്രതിപാദിച്ച വസ്തുതകളിൽ നിന്നും അയോദ്ധ്യ ഒരു വ്യത്യസ്തത സാഹചര്യമായി കണക്കാക്കേണ്ട കേസാണ് എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം. അയോദ്ധ്യ കേസിലെ വിധിയുടെ പേരിൽ, ഹൈദരാബാദിലെ ചാര്മിനാരോ, ആഗ്രയിലെ താജ്മഹലോ മറ്റു പുരാതന നിർമാണങ്ങളോ ചോദ്യം ചെയ്യപ്പെടുകയോ സമാനമായ രീതിയിൽ മാറ്റപ്പെടുകയോ, മറ്റു മതങ്ങൾക്ക് നല്കപ്പെടുകയോ ഇല്ല എന്ന് കോടതി വ്യക്തമാക്കുന്നു. 1991 ലെ Places of Worship (Special Provisions) ആക്റ്റിലെ വകുപ്പ് 5 പ്രകാരം അയോധ്യയിലെ ബാബരിമസിഡിന് മാത്രമാണ് ആ നിയമം ബാധകമല്ലാതെയുള്ളത്. 1947 ആഗസ്റ്റ് 15 മുതൽ ഇന്ത്യയിൽ ഉള്ള മറ്റൊരു ആരാധനാലയവും മാറ്റപ്പെടുകയോ, മറ്റു മതങ്ങൾക്ക് നല്കപ്പെടുകയോ ഇല്ല എന്നും, അന്നുള്ളതുപോലെ സംരക്ഷിക്കപ്പെടണമെന്നും മേൽ നിയമത്തിൽ വ്യക്തമായി പറയുന്നു

  അഡ്വ ശ്രീജിത്ത് പെരുമന