വാളയാറിലെയും കൂടത്തായിലെയും ആവേശകമ്മിറ്റിക്കാർ വായിക്കാതെ പോകരുത് ഈ യാഥാർഥ്യം ! (must read)

412

അഡ്വ ശ്രീജിത്ത് പെരുമന

വാളയാറിലെയും, കൂടത്തായിലെയും ആവേശകമ്മിറ്റിക്കാർ വായിക്കാതെ പോകരുത് ഈ യാഥാർഥ്യം ! (must read)

സിബിഐ അല്ല ഇന്റർപോൾ അന്വേഷിച്ചാലും വാളയാർ കേസിൽ പ്രതികൾ ഇനി ശിക്ഷിക്കപ്പെടില്ല ; എന്തുകൊണ്ട് . നിയമപരമായ ഒരന്വേഷണം .

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊല ചെയ്ത ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയെ 13 വർഷങ്ങൾക്ക് ശേഷം ശിക്ഷകൾ റദ്ദാക്കി കഴിഞ്ഞ മാസം ഒക്ടോബർ 23 നു സുപ്രീംകോടതി വെറുതെ വിട്ടതിന്റെ വിധി ഇങ്ങനെ …✍️

2005 ൽ 14 വയസ്സുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ കാണാതാകുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ 3 ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ സാധിക്കുന്നില്ല. ഒടുവിൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അയൽവാസിയായ 18 വയസുള്ള പ്രതിയെ അറസ്റ്റ് ചെയ്യുന്നു. പ്രതി അന്വേഷണ ഉദ്യോഗസ്ഥനോട് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം കുട്ടിയെ ബലാത്സംഗം ചെയ്തു കൊല്ലുകയും തുടർന്ന് കിണറ്റിൽ ഇടുകയും ചെയ്ത് എന്നാണ് കേസ്.

കേസിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കാണാതായ ദിവസം മുതൽ കണ്ടെത്തുന്നതുവരെ ദിവസങ്ങൾ കഴിഞ്ഞതിനാൽ ബലാത്സംഗത്തിന് ഇരയായോ എന്നത് കണ്ടെത്താൻ സാധിച്ചില്ല.

ശാസ്ത്രീയ തെളിവുകളോ, ദൃക്‌സാക്ഷികളോ ഇല്ലാതിരുന്ന കേസ് പ്രോസിക്കൂഷൻ വാദിച്ചത് സാഹചര്യ തെളിവുകൾ വെച്ചുകൊണ്ട് മാത്രമാണ്. കേസിലെ പ്രോസികൂഷൻ നിരത്തുന്ന സാഹചര്യങ്ങൾ ഇങ്ങനെ ..✍️

1 . സുഹൃത്തായ സുരേഷിനോടും (പ്രോസിക്കൂഷൻ സാക്ഷി നമ്പർ 4), പോലീസിനോടും പ്രതി നടത്തിയ കുറ്റസമ്മതമൊഴി.

2 . പെൺകുട്ടിയെ കാണാതായ ദിവസം രാത്രി 10 .30 നു പ്രതിയും മറ്റു കുട്ടികളും പെൺകുട്ടിയുടെ വീടിന്റെ സമീപത്ത് സംശയകരമായി കാണപ്പെട്ടു എന്ന പ്രോസികൂഷൻ സാക്ഷി നമ്പർ 7 , മരണപ്പെട്ട പെൺകുട്ടിയുടെ മുത്തശ്ശിയുടെ മൊഴി.

3 . പ്രതിയുടെ വീട്ടിലെ ബെഡിൽ നിന്നും കണ്ടെത്തിയ പ്രതിയുടെ ശുക്ലത്തിന്റെ കറ

4 . പ്രതി പെൺകുട്ടിയെ സ്‌കൂളിൽ പോകുന്ന സമയങ്ങളിൽ പുറകെ നടന്നു ശല്യപ്പെടുത്താറുണ്ടായിരുന്നു എന്ന സാക്ഷി മൊഴികൾ

പ്രതിയെ ബലാത്സംഗത്തിനും, കൊലപാതകത്തിനും ജീവപര്യന്തവും, പത്ത് വർഷം കഠിനതടവും, രണ്ട വര്ഷം തടവും ശിക്ഷിക്കാനുള്ള സാഹചര്യങ്ങളായി സെഷൻസ് കോടതിയും, അപ്പീലിൽ ശിക്ഷ ശരിവെച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതിയും മേൽപ്പറഞ്ഞ നാല് സാഹചര്യങ്ങളായിരുന്നു തെളിവായി സ്വീകരിച്ചത്.

“ഇത്രയും കാലം പ്രതി ജയിലിൽ കിടന്നത് ദൗർഭാഗ്യകരമാണെന്ന് ” വ്യക്തമാക്കിക്കൊണ്ട് 13 വർഷക്കാലം ജയിലിൽ കിടന്ന പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടത് ഇങ്ങനെ …..✍️

1 . സുരേഷ് എന്നയാളോട് പ്രതി കുറ്റസമ്മതം നടത്തിയ മൊഴിയെ ഞങ്ങൾ അംഗീകരിക്കുന്നു. പ്രസ്തുത കുറ്റസമ്മതത്തെ അവിശ്വസിക്കേണ്ട സാഹചര്യം ഇല്ല.

2 . കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് പ്രതിയെ കണ്ടിരുന്നു എന്ന രണ്ടാമത്തെ സാഹചര്യ തെളിവ് അംഗീകരിക്കാൻ സാധിക്കില്ല. പ്രതിയോടൊപ്പം മറ്റു കുട്ടികളും ആ സമയത്ത് ഉണ്ടായിരുന്നു എന്ന് മുത്തശ്ശിയുടെ മൊഴിയിൽ പറയുന്നുണ്ട് എന്നാൽ പ്രതിക്ക് മാത്രമാണ് 18 വയസ്സ് പൂർത്തിയായത് എന്നതുകൊണ്ട് മറ്റാരെയും സംശയിക്കാതെ പ്രതിയെ കുറ്റം ചാർത്തി കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല.

3 . പ്രോസിക്കൂഷൻ മറ്റ് തെളിവുകൾ ഹാജരാക്കാതെ ഇരയുടെ വീടിന്റെ പരിസരത്തു പ്രതി നടക്കുന്നത് കണ്ടു എന്നതുകൊണ്ടുമാത്രം ഒരാൾ റേപ്പ് ചെയ്ത് കൊല ചെയ്തു എന്ന് കോടതിക്ക് അംഗീകരിക്കാനാകില്ല.

4 . പ്രതിയുടെ വീട്ടിലെ ബെഡിൽ നിന്നും ശുക്ളത്തിന്റെ കറ കിട്ടിയെങ്കിലും അത് കൊല്ലപ്പെട്ട പെൺകുട്ടിയുമായി ബന്ധിപ്പിക്കുന്ന പെൺകുട്ടിയുടെ യോനീ സ്രവങ്ങളോ, , മറ്റ് സ്രവങ്ങളോ കണ്ടെടുക്കാൻ സാധിച്ചിട്ടില്ല എന്നുമാത്രമല്ല ഇരയെ കാണാതായ അന്നാണ് ബെഡിൽ നിന്നും സ്രവം കിട്ടിയത് എന്നാൽ ഇര അന്ന് റേപ്പ് ചെയ്യപ്പെട്ടു എന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ല.

5 . പ്രതിയുടെ ശുക്ളത്തിന്റെ കറ ബെഡിൽ നിന്നും കിട്ടിയത് കോടതികളിൽ ചിലപ്പോൾ സംശയം ജനിപ്പിച്ചിരിക്കാം എന്നാൽ ഇരയെ 3 ദിവസം ആ ഗ്രാമത്തിലെ കണ്ടിട്ടില്ല എന്നത് പ്രതിയുടെ വീട്ടിൽ ബലാത്സംഗം നടന്നിട്ടില്ല എന്നത് വ്യക്തമാക്കുന്നു. കൂടാതെ പ്രോസികൂഷൻ സാക്ഷിയായ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ അഭിപ്രായപ്രകാരം ബലാത്സംഗത്തിലേക്ക് നയിക്കുന്ന യാതൊരു തെളിവും ലഭ്യമായിട്ടില്ല.

മുകളിൽ സൂചിപ്പിച്ച സാഹചര്യങ്ങളല്ലാതെ പ്രതിക്കെതിരെ യാതൊരു സാഹചര്യങ്ങളും ആരോപിക്കാൻ സാധിച്ചിട്ടില്ല. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലല്ലാതെയുള്ള, പോലീസ് കസ്റ്റഡിയിൽ ഉൾപ്പെടെയുള്ള എക്സ്ട്രാ ജുഡീഷ്യൽ കുറ്റസമ്മതങ്ങൾ ഏറ്റവും ദുർബലമായ തെളിവാണ്. ഏറ്റവും ദുരബലമായ അത്തരമൊരു കുറ്റസമ്മത മൊഴി പരിഗണിച്ചുകൊണ്ട് പ്രതിയെ ബലാത്സംഗത്തിനും, കൊലപാതകത്തിനും ശിക്ഷിക്കാൻ സാധിക്കില്ല.

പ്രതിക്ക് 13 വർഷം ജയിലിൽ കിടക്കേണ്ടി വന്നു എന്നത് ദൗർഭാഗ്യകരമാണ്. പ്രോസിക്കൂഷന് കേസ് സംശയാതീതമായി തെളിയിക്കാൻ സാധിച്ചിട്ടില്ല. സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് നൽകി വിചാരണ കോടതിയും, ഹൈക്കോടതിയും പുറപ്പെടുവിച്ച ശിക്ഷാവിധികൾ സുപ്രീംകോടതി റദ്ദാക്കുന്നു. പ്രതിയെ വെറുതെ വിടുന്നു. ഇനിയൊരിക്കലും ഈ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ പാടുള്ളതല്ല.

ഇതാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ട് സുപ്രീംകോടതി പറഞ്ഞത്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഈ വിധിയാണ് ഈ രാജ്യത്തെ നിലവിലെ നിയമം എന്ന് ആവേശ കമ്മിറ്റിക്കാർ മനസിലാക്കണം.

ഇനി മേൽ കേസുമായി വാളയാർ കേസിനെ ഒന്ന് താരതമ്യം ചെയ്താൽ..✍️

1 . മുകളിൽ കേസിലേതുപോലെ വാളയാർ കേസിലും സാഹചര്യത്തെളിവുകൾ മാത്രമാണുള്ളത്.

2 . വാളയാർ കേസിലെ പ്രതികൾ ഇരകളായ പെൺകുട്ടികളുടെ അയൽവാസികളും ബന്ധുക്കളുമാണെന്നും, അവർക്ക് പെൺകുട്ടികളെ പീഡിപ്പിക്കാൻ അവസരങ്ങൾ ഉണ്ടായിരുന്നു എന്നതും മാത്രമാണ് വാളയാർ കേസിൽ തെളിയിക്കാൻ സാധിച്ചത്. സമാനമായിട്ടാണ് മുകളിൽ പറഞ്ഞ കേസിലും പ്രതിയെ ഇരയുടെ വീടിന്റെ സമീപത്തു കണ്ടു എന്നതും, പ്രതി ഇരയായ പെൺകുട്ടിയെ സ്‌കൂളിൽ പോകുമ്പോൾ ശല്യം ചെയ്തിരുന്നു എന്നതും മാത്രമാണ് തെളിയിക്കാൻ സാധിച്ചത്.

3 . മുകളിലെ കേസിലേതിന് സമാനമായി വാളയാർ കേസിലെയും പോസ്റ്റ് മോർട്ടത്തിലും, ശാസ്ത്രീയ പരിശോധന റിപ്പോട്ടിലും പെൺകുട്ടികൾ ബലാത്സംഗംചെയ്യപ്പെട്ടിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല കോടതിയിൽ സാക്ഷി പറഞ്ഞ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ മലദ്വാരത്തിലെ മുറിവുകൾ ബലാത്സംഗം ചെയ്താൽ മാത്രമല്ല മൂലക്കുരു വന്നാലും ഉണ്ടാകുമെന്നു മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. മുകളിൽ സൂസചിപിച്ച കേസിൽ പ്രതിയുടെ ശുക്ലത്തിന്റെ കറ കിട്ടിയെങ്കിലും അതിൽ പെൺകുട്ടിയുടെ സ്രവങ്ങളുടെ അംശം ഇല്ലായിരുന്നു. വാളയാർ കേസിൽ രണ്ടു പെൺകുട്ടികളിൽ നിന്നും പ്രതികളുടെ യാതൊരുവിധ സ്രവങ്ങളോ, ശാസ്ത്രീയ തെളിവുകളോ ലഭിച്ചിട്ടില്ല.

4. ഈ പോസ്റ്റിൽ സൂചിപ്പിച്ച സുപ്രീംകോടതി വിധി വളരെ കൃത്യവും വ്യക്തവുമാണ്. സാഹചര്യ തെളിവുകൾ മാത്രമുള്ള കേസുകളിൽ കുറ്റസമ്മത മൊഴികൾപോലും തെളിവായി സ്വീകരിക്കാൻ സാധിക്കില്ല. കേവലം രണ്ടു സാഹചര്യങ്ങൾ മാത്രം തെളിയിക്കപ്പെട്ട വാളയാർ കേസ് അതുകൊണ്ടുതന്നെ ഏതന്വേഷണ ഏജൻസി വന്നാലും, എത്രവലിയ അന്വേഷണം നടത്തിയാലും ഇനി പ്രതികളെ ശിക്ഷിക്കാൻ സാധിക്കില്ല.

കാരണം കേസിലെ ശാസ്ത്രീയ തെളിവുകൾ പുനർസൃഷ്‌ടിക്കാൻ സാധിക്കില്ല. ഇനി ഒരു മെട്ടീരിയൽ തെളിവുകളും ശേഖരിക്കാൻ അവശേഷിക്കുന്നില്ല. പുതിയ ദൃക്‌സാക്ഷികളെ സൃഷ്ടിക്കാൻ സാധിക്കില്ല. ഇത്രയുമാകുമ്പോൾത്തന്നെ സാഹചര്യ തെളിവുകളിലൂടെ നടത്തുന്ന ഒരു കേസ് പരാജയപ്പെട്ടു എന്നുറപ്പിക്കാം.

ചുരുക്കി പറഞ്ഞാൽ പ്രതി കുറ്റം ചെയ്ത് എന്ന് കോടതിക്കു മനസിലായാൽപോലും, പ്രോസിക്കൂഷൻ കേസ് തെളിയിക്കുന്നതിൽ ഉണ്ടാകുന്ന വീഴ്ചകൾ അഥവാ സംശയത്തിന്റെ ആനുകൂല്യങ്ങൾ അത് പ്രതിക്ക് നല്കപ്പെടണം എന്ന തത്വം ഊട്ടിയുറപ്പിക്കുകയാണ് സുപ്രീംകോടതി കഴിഞ്ഞ മാസത്തിലെ വിധിയിലൂടെ ചെയ്തത്.

വാൽ : ആവേശ കമ്മറ്റിക്കാരും, സോഷ്യൽ മീഡിയ വിപ്ലവകാരികളും, ഡോക്ടർമാരും സാംസ്‌കാരിക പ്രവർത്തകരും നടത്തുന്ന അതി വൈകാരികതയ്ക്ക് അപ്പുറമുള്ള ഒരു അപ്രിയ യാഥാർഥ്യമാണ് നിയമവും, വിചാരണയും, ശിക്ഷാവിധിയും. മേൽ സൂചിപ്പിച്ച വിധിയിൽ സുപ്രീംകോടതി എടുത്തു പറയുന്നുണ്ട് 13 വർഷക്കാലം പ്രതിയല്ലാത്തൊരാൾ ജയിലിൽ കിടക്കേണ്ടിവന്നത് ദൗര്ഭാഗ്യകരമായിപ്പോയി എന്ന്. വാളയാർ കേസിലും ഒരുപക്ഷെ ലഭ്യമായ ദുർബലമായ തെളിവുകജോളുടെ അടിസ്ഥാനത്തിൽ പാക്കറ് സെഷൻസ് ജഡ്ജ് പ്രതികളെ ശിക്ഷിച്ചിരുന്നെങ്കിൽ മേൽക്കോടതികൾ വിചാരണകോടതിയെ സഹകരിച്ചുകൊണ്ട് പ്രസ്തുത വിധി റദ്ദാകുമായിരുന്നു.

അതെ, അതാണ് കോടതികളും, കോടതിയുടെ തത്വങ്ങളും. പൊതുബോധം കോടതിയുടെ വിധികളെ സ്വാധീനിക്കാൻ തുടങ്ങുന്ന നിമിഷം കോടതികൾ കെട്ടിപ്പൂട്ടി പോകുന്നതാണ് നല്ലത്. അതുകൊണ്ടുതന്നെ ആവേശകമ്മറ്റിക്കാർ പ്രതിഷേധിക്കേണ്ടത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടിട്ടും പ്രതികളെ വെറുതെ വിട്ടു എന്നാക്ഷേപിച്ചുകൊണ്ട് ജഡ്ജിനെതിരായോ, കോടതിക്ക് എതിരായോ അല്ല. മറിച്ച് ഓരോ കേസിലും കൃത്യമായ ഹോംവർക്ക് നടത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ദിവസേന ചർച്ച ചെയ്ത് നീതി ലഭ്യമാക്കേണ്ട പ്രോസികൂഷൻ അഥവാ സ്റ്റേറ്റിനോടാണ് നിങ്ങൾ പ്രതിഷേധിക്കേണ്ടത്. ഭരണകൂടത്തിന്റെ വീഴ്ചയാണ് വാളയാർ കേസിലെ പ്രതികൾ രക്ഷപെടാൻ കാരണം.

ഇത്രയും വിശദീകരിച്ചു കാര്യങ്ങൾ പറയുമ്പോഴും, എഴുതുമ്പോഴും ആ കുഞ്ഞുങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടു എന്നൊരു കുറ്റബോധം എന്റെ മനസ്സിലുണ്ട്. അതിനി സാധ്യമല്ല എന്ന അപ്രിയ യാഥാർഥ്യം തിരിച്ചറിഞ്ഞുകൊണ്ടും അവർക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അണിചേരുന്നത് അതുകൊണ്ടാണ്. നമ്മുടെ നാട്ടിൽ പബ്ലിക് പ്രോസിക്കൂട്ടർമാരെ നിയമിക്കുന്ന രാഷ്ട്രീയ രീതി മാറണം. രാഷ്ട്രീയക്കാരുടെ ഏറാന്മൂളികളെ കേസ് അട്ടിമറിക്കുന്നതിനുവേണ്ടി പോലീസ് അന്വേഷണത്തിന്റെ തലപ്പത്തു നിയമിക്കുന്നത് അവസാനിക്കണം എങ്കിലേ ചങ്കിടിപ്പില്ലാതെ പെൺ കുഞ്ഞുങ്ങൾക്ക് ഈ നാട്ടിൽ അന്തിയുറങ്ങാൻ സാധിക്കൂ.

ഒരു ക്രിമിനൽ കുറ്റകൃത്യം നടന്നു കഴിഞ്ഞാൽ കുറ്റവാളികളെ ശിക്ഷിക്കുന്നതിനായുള്ള വിചാരണയിൽ കോടതിയെ സഹായിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ പ്രോസിക്കൂഷൻ അഭിഭാഷകരാണ്. കുറ്റകൃത്യം സ്ഥാപിക്കുന്നതിനാവശ്യമായ എല്ലാ തെളിവുകളും, സാക്ഷികളും അന്വേഷണ ഏജൻസിയായ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി സമർപ്പിക്കുകയും ബാധകമായ ക്രിമിനൽ നിയമങ്ങൾ ആഴത്തിൽ പഠിച്ച് കുറ്റം സ്ഥാപിക്കുന്നതിനും തെളിയിക്കുന്നതിനും ആവശ്യമായ വാദങ്ങൾ നടത്തേണ്ടതും പ്രോസിക്കൂഷന്റെ നിയമപരമായ ഉത്തരവാദിത്വമാണ്.

എന്നാൽ ദൗർഭാഗ്യവശാൽ പ്രബുദ്ധരായ മലയാളികളുടെ നാട്ടിൽ കോടതി വരാന്തകൾ പോലും കണ്ടിട്ടില്ലാത്ത പാർട്ടി ഓഫിസുകളിലെ കമ്മറ്റിക്കാരും, നേതാക്കന്മാരുടെ പെട്ടി താങ്ങികളും, ഏറാന്മൂളികളും ആയിരിക്കും ആയിരിക്കും അതാത് പാർട്ടികളുടെ ഭരണ കാലഘട്ടത്തിൽ പബ്ലിക് പ്രോസിക്കൂട്ടർമാർ. കഴിവുള്ള അക്കാദമിക് എക്സലൻസ് ഉള്ള അഭിഭാഷകർ തഴയപ്പെടുകയും ഡിഫൻസ് വക്കീലന്മാരായ് മാറി പ്രതികളെ രക്ഷെപ്പടുത്തുകയും ചെയ്യുന്ന കാഴ്ചകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. പത്തുവർഷം പ്രാക്ടീസുള്ള മികച്ച കഴിവുള്ള അഭിഭാഷകരെ ആയിരിക്കണം സ്റ്റേറ്റ് അവരുടെ അഭിഭാഷകനായി നിയമിക്കേണ്ടത് എന്നാൽ ഓരോ രാഷ്ട്രീയ പാർട്ടികളും അവരുടെ അഭിഭാഷക സംഘടനയിൽ കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും പോയിട്ടുള്ള വക്കീലന്മാരെ സർക്കാർ വക്കീലന്മാരയി നിയമിച്ച് കേസുകൾ ഏല്പിക്കുകയും അവർ സ്വന്തം പ്രതികളെ രക്ഷിക്കാനാവശ്യമായ ചരടുവലികൾ നടത്തുകയോ, അലംഭാവം കാണിക്കുകയോ ചെയ്ത് മാസാമാസം ശമ്പളവും കിമ്പളവും മേടിച്ചു സുഖമായി സർക്കാർ ചിലവിൽ ജീവിച്ചുപോകും.

അഡ്വ ശ്രീജിത്ത് പെരുമന

Advertisements