അഡ്വ ശ്രീജിത്ത് പെരുമന

മാവോയിസ്റ്റാക്കി വെടി വെച്ച് കൊല്ലുന്നതിനു മുൻപ് ഇത്രയെങ്കിലും പറയാതെ വയ്യ !

“വിപ്ലവം ഒരു അത്താഴവിരുന്നല്ല, അത് ഒരു ഉപന്യാസമെഴുത്തോ ചിത്രരചനയോ അല്ല. പട്ടുതൂവാലയിൽ ചിത്രതുന്നലുകൾ നടത്തുന്നതുപോലെയല്ല വിപ്ലവം.മഹാമനസ്കമായ ഒരു പ്രവൃത്തിയല്ല അത്, മര്യാദയോ, ദയയോ പ്രതീക്ഷിക്കാവുന്ന ഒന്നുമല്ല വിപ്ലവം. വിപ്ലവം എന്നത് ഒരു വർഗ്ഗം മറ്റൊരു വർഗ്ഗത്തെ അക്രമത്തിന്റെ മാർഗ്ഗത്തിലൂടെ കീഴ്പെടുത്തുന്ന ഒരു പ്രക്രിയയാണ്.”

എന്ന് പ്രഖ്യാപിച്ച മാവോയിസത്തിന്റെ പിതാവ് മാവോ സേതൂങ്ങിനെ അംഗീകരിക്കാനോ, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കാനോ ജനാധിപത്യ ബോധമുള്ള ആർക്കും സാധിക്കില്ല.

മാത്രവുമല്ല എതിരാളികളെ ഇല്ലാതാക്കാൻ മാവോയുടെ നേതൃത്വത്തിൽ ക്രൂരമായ നടപടികൾ നടപ്പിലാക്കിയിരുന്നു എന്നാണ്. സാങ്കല്പിക കസേരയിൽ ഇരുത്തുക, സാങ്കല്പിക വിമാന യാത്ര തുടങ്ങിയ ക്രൂരമായ ശിക്ഷകൾ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി മാവോ നടപ്പിലാക്കിയിരുന്നു. തന്റെ അധികാരത്തെ വെല്ലുവിളിച്ച ആളുകളുടെ ഭാര്യമാരെയും മാവോ വെറുതെ വിട്ടില്ല. അവരുടെ സ്തനങ്ങൾ മുറിച്ചുകളയുകയും, ജനനേന്ദ്രിയങ്ങളിൽ പൊള്ളലേല്പിക്കുകയും ചെയ്തു.ഏതാണ്ട് രണ്ടു ലക്ഷത്തിലധികം വരുന്ന ശത്രുക്കളെ ഇങ്ങനെ വേട്ടയാടിയിട്ടുണ്ടെന്നു കണക്കുകൾ പറയുന്നു. വിപ്ലവാത്മകമായ തീവ്രവാദം, അല്ലെങ്കിൽ ചുവപ്പു തീവ്രവാദം എന്നിങ്ങനെ നിരൂപകർ പേരിട്ടു വിളിക്കുന്ന ഈ പ്രക്രിയകളിലൂടെ മാവോ, ജിയാങ്സി മലനിരകളിൽ തന്റെ ആധിപത്യം ചോദ്യംചെയ്യപ്പെടാതെ ഉറപ്പിക്കുകയായിരുന്നു.

1949–53 കാലഘട്ടിൽ 7,00,000 ആളുകളെ വധശിക്ഷക്കു വിധേയരാക്കിയിട്ടുണ്ട് എന്ന് മാവോ തന്നെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഓരോ ഗ്രാമത്തിലും ഓരോ ഭൂപ്രഭുവിനെയെങ്കിലും ഉന്മൂലനം ചെയ്യണം എന്ന ഒരു നയം തന്നെ നിലവിലുണ്ടായിരുന്നു. എന്നാൽ ഇത്, ഒന്ന് എന്നതിലുപരി ഒരുപാട് എന്നതിലേക്ക് കടന്നിരുന്നു. എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത് രണ്ടു കോടിക്കും, അഞ്ച് കോടിക്കും ഇടയിലുള്ള ആളുകളെ വധശിക്ഷക്കു വിധേയരാക്കി എന്നാണ്. മാവോ, വ്യക്തിപരമായി തന്നെ ഇത്തരം വധശിക്ഷക്കു മുന്നിട്ടിറങ്ങിയിരുന്നു. ഓരോ ഗ്രാമത്തിലും, വധശിക്ഷക്കു വിധേയരാക്കേണ്ടവരുടെ എണ്ണം വരെ മാവോ നിശ്ചയിച്ചിരുന്നു. അധികാരം നിലനിറുത്തുന്നതിനു ഇത്തരം ഉന്മൂലനങ്ങൾ ആവശ്യമായിരുന്നു എന്ന് മാവോ, ഈ കൂട്ടക്കുരുതിയെ ന്യായീകരിച്ചു പറയുന്നു.

1958–61 കാലയളവിൽ ഏതാണ്ട് 15 ദശലക്ഷം ആളുകൾ കണക്കുകളിൽ പറയുന്നതിലും അധികം ചൈനയിൽ കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്ന് ചൈനയിൽ ജനസംഖ്യാ കണക്കെടുപ്പു നടത്തിയ അമേരിക്കൻ ജനസംഖ്യാശാസ്ത്രജ്ഞനായിരുന്ന ഡോഃജൂനിത്ത് ബാനിസ്റ്റർ തന്റെ റിപ്പോർട്ടിൽ പറയുന്നു. ആകെ 30 ദശലക്ഷം ആളുകൾ ആ കാലഘട്ടത്തിൽ മരണപ്പെട്ടിട്ടുണ്ടാവാം എന്ന് ബാനിസ്റ്റർ, ചൈനയുടെ ജനസംഖ്യാ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു. ഔദ്യോഗിക കണക്കുകൾ ഇത് 20 ദശലക്ഷം എന്ന് ചൈനയുടെ ഔദ്യോഗി വാർത്താ ഏജൻസി സമർത്ഥിക്കുന്നു. ഫ്രാങ്ക് ഡിക്കോട്ടറുടെ കണക്കുകൾ പ്രകാരം, ഏതാണ്ട് 45 ദശലക്ഷം അകാലമൃത്യു ചൈനയിൽ അക്കാലത്തു സംഭവിച്ചിട്ടുണ്ട് എന്നാണ് മറ്റു ചില വിശ്വസനീയമായ സ്രോതസ്സുകൾ പ്രകാരം, ഈ സംഖ്യ ഏതാണ്ട് 20 ദശലക്ഷത്തിനും 46 ദശലക്ഷത്തിനും ഇടക്ക് വരും എന്നാണ്.

ഈ വസ്തുതകൾ അറിയുന്ന ഒരു മനുഷ്യനും മാവോയുടെ പ്രത്യയശാസ്ത്രത്തിന്റെ പേരിൽ ധൃതംഗ പുളകിതരാകില്ല എന്ന് മനസിലായില്ലേ. അതുതന്നെയാണ് ഈയുള്ളവനും പറയാനുള്ളത്. മാവോസേതൂങ്ങിന്റെ പേരിലോ മാവോയിസത്തോടുള്ള അമിതാസക്തിയുടെ പേരിലോ അല്ല ഭരണകൂടത്തിന്റെ വ്യാജ ഏറ്റുമുട്ടലുകൾ ശക്തിയുക്തം എതിർക്കുന്നത് മറിച്ച് അടിസ്ഥാന മനുഷ്യാവകാശത്തിന്റെയും, ഭരണകൂട ഭീകരതയുടെയും പേരിലാണ്.

ചൈനയിൽ മാവോയിസം ഒരു തീവ്രവാദ സംഘമായിരുന്നില്ല. ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയായിരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ജനാധിപത്യത്തിൽ മാവോയുടെ സിദ്ധാന്തങ്ങൾക്ക് യാതൊരുവിധ പ്രസക്തിയുമില്ല എന്ന് മാവോയിസ്റ്റുകൾക്കുപോലും അറിയാം.
കാടിനുള്ളിൽ ആയുധങ്ങളുമായി നടക്കുന്നത് മാത്രമാണ് അവർക്കെതിരെയുള്ള കുറ്റങ്ങൾ, ഉത്തരേന്ത്യയിൽ മാവോ നടത്തിയതുപോലെ ഒളിപ്പോരും കൊലപാതകങ്ങളും മാവോയിസ്റ്റുകൾ നടത്തുന്നുണ്ട് പക്ഷെ അത്തരം വിപ്ലവങ്ങൾക്ക് ഫലപ്രാപ്തി ഇല്ല എന്ന് ചെയ്യുന്നവർക്കുപോലും അറിയാം. ഒരു റൊട്ടി പോലും കിട്ടാത്ത ആദിവാസികളെയും ഭരണകൂടങ്ങൾ തിരസ്കരിക്കുന്ന അധഃകൃത വർഗ്ഗങ്ങളെയും ചേർത്ത് പിടിക്കുമ്പോഴാണ് ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾ ശക്തിയാർജ്ജിക്കുന്നത്.

അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗം എന്നത് വെടിവെച്ചു കൊല്ലുക എന്നതല്ല. മറിച്ച്‌ ഭരണപരമായ നയങ്ങളിലൂടെയും, അശരണർക്കും, സാധാരണക്കാർക്കും, ആദിവാസികൾക്കും ആവശ്യമായ സാമൂഹിക പരിഗണന നൽകി ബുർഷ്വാസികളിൽ നിന്നും രാജ്യത്തെ ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞതുപോലെ സോഷ്യലിസത്തിന്റെ സമത്വത്തിലേക്ക് നയിക്കുക എന്നതാണ്. കാടുകളിൽ നിന്നും മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലാതെ പുറത്തിറക്കി അവരെ വിപ്ലവ ആശയങ്ങളിൽ നിന്നും പിന്തിരിപ്പിക്കുക എന്നതായിരിക്കണം സർക്കാരിന്റെയും ഭരണകൂടത്തിന്റെയും നയം.
വെടിവെച്ചു കൊല്ലാൻ ഏതു പൊട്ടനായ ഭരണാധികാരിക്കും സാധിക്കും, തിരുത്തുക എന്നത് കുറച്ചു ബുദ്ദിമുട്ടുള്ള പണിയാണ്.

ആക്രമണത്തിലൂടെ മാറ്റങ്ങൾ കാംക്ഷിക്കുന്നു എന്നതൊഴിച്ചാൽ ഇന്ത്യയിലെ മാവോയിസ്റ്റുകൾക്ക് ചൈനയിലെ മാവോസേതൂങ്ങിന്റെ ആശയങ്ങളോടോ പ്രത്യശാസ്ത്രത്തോടൊ യാതൊരു അഭിമുഖ്യവുമില്ല എന്നു കാണാം.

ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആയിരുന്നിട്ടുകൂടി ഭരണവർഗം ബൂർഷ്വകൾക്കും സാമ്രാജ്യത്വ ശക്തികൾക്കും ഓശാന പാടുന്നത് കാണുമ്പോഴും, അധഃകൃത വർഗ്ഗങ്ങളെ ദരിദ്രവാസികളായി മാത്രം കാണുകയും, ആദിവാസികളെ മനുഷ്യരായി പോലും കാണാതിരിക്കുകയും ചെയ്യുന്ന ഭരണകൂട നയങ്ങളാണ് ഇന്ത്യയിൽ മാവോയിസ്റ്റുകളെന്ന പേരിൽ നടൻ തോക്കും ഏന്തി കാട്ടിലൂടെ നടക്കുന്നവർ സൃഷ്ടിക്കുന്നത് എന്നതിൽ സംശയമില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ ഭരണകൂട പ്രതിഷേധങ്ങളുടെ മൂർദ്ധന്യാവസ്ഥയിൽ നിന്നും ഒരു പ്രത്യേക മാനസിക അവസ്ഥയിലേക്കുള്ള കൂടുമാറ്റമാണ് ഇന്ത്യൻ മാവോയിസ്റ്റുകളുടേത്. തിരുത്തപ്പെടാൻ മറ്റു മാർഗ്ഗങ്ങളില്ല എന്ന തിരിച്ചറിവിൽ ഒരു അറ്റകൈ പ്രയോഗം എന്നുവേണമെങ്കിൽ വിളിക്കാം.

കാടുകളിൽ ഏറ്റുമുട്ടലിൽ കൊലപ്പെടുന്നവരുടെ വിവരങ്ങളെടുത്ത് പരിശോധിച്ചാൽ നമുക്ക് അത് മനസിലാകും. മെച്ചപ്പെട്ട സാമൂഹിക സാഹചര്യങ്ങളിൽ ജനിച്ചവരോ ജീവിക്കുന്നവരോ ഈ ആശയത്തിന് വശംവദരാകുന്നില്ല. ആദിവാസികളും, അധഃകൃത അശരണ വിഭാഗങ്ങളിലും പെടുന്നവർ അവസാന ആശ്രയമെന്ന രീതിയിൽ വരും തലമുറകൾക്ക് വേണ്ടി തോക്കുകൾ എന്താൻ നിര്ബന്ധിക്കപെടുകയാണ്‌. കൊല്ലപ്പെടുന്നവരുടെ മൃദദേഹം വാങ്ങാൻ പോലും ബന്ധുക്കൾ എത്തുന്നില്ല എന്നത് ഈ വിപ്ലവ ആശയത്തിന് ഈ മണ്ണിൽ വേരോട്ടമില്ല എന്നതുതന്നെയാണ് സൂചിപ്പിക്കുന്നത്…

മറ്റൊരുകാര്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനടക്കുന്ന മാവോയിസ്റ്റ് പ്രവർത്തനത്തെ കേരളത്തിലെത്തിനോട് താരതമ്യം ചെയ്യരുത് എന്നതാണ്. അവിടങ്ങളിൽ നടക്കുന്ന ആക്രമങ്ങൾക്ക് തുല്യരീതിയിൽ അവിടുത്തെ ഭരണകൂടങ്ങളും ഉത്തരവാദകളാണ്. മാവോയിസ്റ്റുകളെ ന്യായീകരിക്കുകയല്ല മറിച്ച് ഭരണകൂട വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയാണ് ഈ തുറന്നു പറച്ചിലിന്റെ ലക്‌ഷ്യം. ആദിവാസികളെ മനുഷ്യരായിപോലും കാണാത്ത സ്ഥലങ്ങൾ ഇന്നും മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളുള്ള സംസ്ഥാനങ്ങളിലുണ്ട് എന്ത് ഒരു യാഥാർഥ്യമാണ്.

വാൽ : ആവർത്തിച്ചു പറയട്ടെ മാവോയിസ്റ്റുകളെയോ മാവോ ആശയങ്ങളെയോ മാവോസേതൂങ്ങിങ്ങിന്റെ ആശയങ്ങളറിയുന്ന ആരും പിന്തുണയ്ക്കില്ല. അപ്പോൾ ആരെങ്കിലും മാവോയിസത്തെക്കുറിച്ചു സഹാനുഭൂതോയോടെ സംസാരികുനുണ്ട എങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടാകും എന്നാദ്യം മനസിലാക്കണം. ഇവിടെ കേരളത്തിൽ കഴിഞ്ഞ നാല് വാട്ടർഷങ്ങളിലായി നടക്കുന്നത് സ്റ്റേറ്റ് സ്‌പോൺസേർഡ് കൊലപാതകങ്ങളാണ്. ഭരണഘടനാ പൗരന് നൽകുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് പോലും ലഭ്യമായ മനുഷ്യാവകാശ ലംഘനങ്ങളാണ് മാവോയിസ്റ്റുകൾക്കെതിരെ നടക്കുന്നത്. വയോധികരായ, അസുഖ ബാധിതരായ മനുഷ്യരെ പോയന്റ് ബ്ളാങ്കിൽ കൊന്നുകളഞ്ഞിട്ട് എന്ത് ന്യായമാണ് ഭരണകജൂദത്തിനു പറയാനുള്ളത്.

ഭരണയോടത്തിന്റെ ഫാസിസത്തെ എതിർക്കുന്നവരെ പാർട്ടിയുടെ ന്യായീകരണ തൊഴിലാളികൾ മാവോയിസ്റ്റ് പട്ടം ചാർത്തി ഒതുക്കാമെന്നു കരുതുന്നെങ്കിൽ തെറ്റി. നിങ്ങൾ മാവോയിസ്റ്റാക്കിയാലും, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ആക്കി ഊപ്പയും, കാപ്പയും ചുമത്തിയാലും, സൈബർ ആക്രമണം നടത്തിയാലും ഭരണകൂടാത്ത ഭീകരതെയെക്കുറിച്ചു പറഞ്ഞുകൊണ്ടേയിരിക്കും സംശയം വേണ്ട !

മാവോയിസ്റ്റ് കമ്മ്യുണിസ്റ്റ് പാർട്ടി ഒരു രാജ്യംപോലും ഒറ്റക്ക് ഭരിച്ചിട്ടുണ്ട് എന്നുള്ളതും ഈ അവസരത്തിൽ നാം ഓർക്കേണ്ടതുണ്ട്, അയൽരാജ്യമായ നേപ്പാൾ മൂന്ന് പ്രാവശ്യം ഭരിച്ചത് കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് ) ആണ് എന്നതും ഒരു പൊതുവിജ്ഞാന അറിവായി സഖാക്കൾക്ക് നൽകാൻ ആഗ്രഹിക്കുന്നു,.

അഡ്വ ശ്രീജിത്ത് പെരുമന

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.