220,000,000 കി.മി ചൊവ്വയിലേക്കു റോക്കറ്റു വിട്ട ഡിജിറ്റൽ രാജ്യത്ത് 88 അടി താഴ്ചയിലുള്ള കുഞ്ഞിന് ജീവനുണ്ടോ എന്നുപോലും പരിശോധിക്കാൻ സാധിക്കുന്നില്ല !

350

അഡ്വ ശ്രീജിത്ത് പെരുമന

220,000,000 കിലോമീറ്ററുകൾക്കപ്പുറം ചൊവ്വയിലേക്കുവരെ റോക്കറ്റുകൾ വിട്ട് ജീവന്റെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കുന്ന ഡിജിറ്റൽ രാജ്യത്ത് 88 അടി താഴ്ചയിലുള്ള ഒരു കുഴൽക്കിണറിൽ നാല് ദിവസങ്ങളായി കുടുങ്ങി കിടക്കുന്ന കുഞ്ഞിന് ജീവനുണ്ടോ എന്നെങ്കിലും പരിശോധിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമ്മളൊരു പരാജയപ്പെട്ട ജനതയാണ് എന്നതിൽ തർക്കമില്ല !

വല്ല സിനിമ ആൾ ദൈവങ്ങളുടെ സിനിമ റിലീസിംഗായിരുന്നു എങ്കിൽ മണ്ണിൽ ചോറ് വിളമ്പി കഴിക്കാനും, നാക്ക് മുറിക്കാനും, ആത്മാഹൂതി ചെയ്യാനും തമിഴന്മാർ ക്യൂനിന്നേനെ.കുടുങ്ങിക്കിടക്കുന്ന കുട്ടിയുടെ കൈകൾ മാത്രമാണ് മണ്ണിനു മുകളിൽ ഇപ്പോൾ കാണുന്നതെന്നും, കുട്ടി 18 മണിക്കൂറുകൾക്ക് മുൻപേ മരണപ്പെട്ടിട്ടുണ്ടാകാമെന്നും സംഭവസ്ഥലത്തു നിന്നും ദൃക്‌സാക്ഷികൾ അനൗദ്യോഗികമായി അറിയിക്കുമ്പോൾ ഭരണകൂട പരാജയം മറച്ചുവെക്കാനുള്ള പേക്കൂത്തുകളായി ഇപ്പോൾ നടക്കുന്ന അഭിനവ രക്ഷാപ്രവർത്തനത്തെ കാണേണ്ടിവരും !

100 അടി താഴ്ചയിലുള്ള കുഴൽ കിണറിൽ നിന്നും ഒരു ജീവൻ രക്ഷിക്കാൻ കഴിയാത്ത നാട് എങ്ങനെ കൂടംകുളത്തെ ആണവ റിയാക്റ്ററിൽ നിന്നുമുണ്ടാകുന്ന ഏതൊരു ചെറിയ അപകടത്തിൽ നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കും എന്ന ചോദ്യം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കുഴൽകിണർ അപകടം; രക്ഷാപ്രവർത്തനം വഴിമുട്ടിയ അവസ്ഥയിൽ ; L& T യുടെ പവർഫുൾ യന്ത്രങ്ങൾ നടത്തിയതിൽ വെച്ച് ഏറ്റവും ശക്തമായ പാറക്കെട്ടുകളാണ് പ്രദേശത്തുള്ളതെന്ന് റവന്യു കമ്മീഷണർ. റിഗ് മെഷീനുകൾ മാറ്റി പകരം കുഴൽ കിണർ ഡ്രിലിങ് മെഷീനുകൾ ഉപയോഗിച്ച് പാറക്കെട്ടുകളിൽ ചെറിയ കുഴികളെടുത്ത് സമാന്തര കിണർ നിർമ്മാണം തുടരുന്നു ;
മണിക്കൂറിൽ 30 -40 സെന്റീമീറ്ററുകൾ മാത്രമാണിപ്പോൾ ഡ്രിൽ ചെയ്യാൻ സാധിക്കുന്നത്.

കുഴൽ കിണറിന്റെ യാത്രത ആഴം 850 അടിയാണെന്നും കഴിഞ്ഞ 5 വർഷങ്ങൾകൊണ്ട് മണൽ വന്നടിഞ് ആഴം കുറഞ്ഞിട്ടുണ്ടെന്നും, അപകടത്തിൽപ്പെട്ട കുട്ടി 88 അടി താഴെയാണ് കുടുങ്ങി കിടക്കുന്നതെന്നും സ്ഥിതീകരിച്ചു. എയർ ലോക്ക് മെത്തേഡ് ഉപയോഗപ്പെടുത്തി കുട്ടി ഇനിയും താഴേക്ക് പതിക്കാതിരിക്കാനുള്ള മുൻകരുതൽ എടുത്തിട്ടുണ്ട്. 110 അടിയിലേക്ക് സമാന്തര കിണർ കുഴിച്ചെത്താൻ അടുത്ത 12 മണിക്കൂറെങ്കിലും എടുക്കുമെന്നും കമ്മീഷണർ അറിയിക്കുന്നു. എത്ര സമയമെടുത്താലും, മഴ പെയ്ത്താലും കുട്ടിയെ കണ്ടെത്തുന്നതുവരെ ഡ്രൈലിംഗ് നിർത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെർമൽ മോണിറ്ററുകൾ ഉപയോഗിച്ച് കുട്ടിയെ നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇരുമ്പിനും, തുരുമ്പിനും, സ്വാർന്നതിനും കൽക്കരിക്കുമെല്ലാം വേണ്ടി നിമിഷ നേരങ്ങൾകൊണ്ട് തുരങ്കമുണ്ടാക്കി ഖനനം നടത്തുകയും കോടികൾ കൊള്ളയടിക്കുകയും ചെയ്യുന്ന നാട്ടിൽ.ജിയോളജിയുടേതുൾപ്പെടെ നിയമപരമായ അനുമതിയില്ലാതെ ഒറ്റ രാത്രികൊണ്ട് 600 മുതൽ 1000 അടിവരെയുള്ള കുഴൽ കിണറുകൾ കുഴിക്കുന്ന നാട്ടിൽ, ഭൂമിക്കടിയിൽ മൾട്ടി ഫ്ലോർ അണ്ടർ ഗ്രൗണ്ട് മെട്രോ സ്റ്റേഷനുകൾ നിർമ്മിക്കുന്ന നാട്ടിൽ, കോടികൾ മുടക്കി യൂണിവേഴ്സിറ്റികളും ജിയോളജിസ്റ്റുകളും പാറകളെക്കുറിച്ചും ഭൂഘടനയെക്കുറിച്ചും പഠനങ്ങൾ നടത്തി മാപ്പുകൾ ഉൾപ്പെടെ തയ്യാറാക്കിവെച്ചിട്ടുള്ള നാട്ടിൽ..അവയുൾപ്പെടെ ലഭ്യമാക്കി…ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുന്നില്ല എങ്കിൽ നമ്മൾ തോറ്റുപോയ ജനതയാണ് !