സ്വന്തം മനഃസാക്ഷിക്കനുസരിച്ചു ജീവിക്കാൻ, നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ നമ്മളായി തന്നെ ഇടപെടാൻ നമ്മളിൽ എത്ര പേർക്ക് സാധിക്കുന്നുണ്ട്..? നമ്മളിൽ പലർക്കും പേടിയാണ് സമൂഹത്തിനെ. മനസാക്ഷിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോഴും സമൂഹത്തെ പേടിച്ചു പലപ്പോഴും പിന്തിരിയുന്നവരാണ് ഞാനുൾപ്പെടെയുള്ള നമ്മളിൽ പലരും. അങ്ങനെയുള്ള നമുക്കേവർക്കും റോൾ മോഡൽ ആയി കാണാവുന്ന കഥാപാത്രമാണ് കള്ളുകുടിയനായ ജോമോൻ. ആർക്കെന്തു തോന്നിയാലും സ്വന്തം ശരികൾ പ്രാവർത്തികമാക്കുന്ന ജോമോൻ, ഏതു ഉന്നതനായാലും വ്യക്തിത്വം പണയം വെക്കാതെ അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്ന ജോമോൻ. സമൂഹത്തിന്റെ കണ്ണുകളിൽ ഭാര്യയുമായി ഡിവോഴ്‌സ്ഡ് ആയ തെറ്റുകാരൻ, ചെയ്യുന്ന കാര്യങ്ങളിൽ മനസാക്ഷിയുടെ മുൻപിൽ ശരിയായവൻ.
ആരെ വേണമെങ്കിലും നമുക്ക് വഞ്ചിക്കാം, പറ്റിക്കാം. എന്നിട്ട് ഒരു കണ്ണാടിയുടെ മുൻപിൽ ചെന്ന് നിന്ന് നമ്മുടെ സ്വന്തം പ്രതിബിംബത്തോടു നോക്കി നീ ശരിയാണോ തെറ്റാണോ എന്ന് ചോദിയ്ക്കാൻ ധൈര്യമുള്ളവർ എത്ര പേരുണ്ട് നമ്മളിൽ..?
ജോജിയിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് ജോമോൻ. ആ കഥാപാത്രത്തോട് നൂറു ശതമാനവും നീതിപുലർത്തിയ നടനാണ് ബാബുരാജ്. സിനിമ കണ്ടു കഴിയുമ്പോൾ ജോമോനെ അവതരിപ്പിക്കാൻ ബാബുരാജല്ലാതെ മറ്റൊരു നടനെ ആ സ്ഥാനത്തു സങ്കൽപ്പിക്കാൻ പോലും പ്രേക്ഷകർക്ക് സാധിക്കാത്ത രീതിയിലുള്ള ബാബുരാജിന്റെ ഗംഭീര പ്രകടനവും കൂടിയായപ്പോൾ ജോമോൻ എന്ന കഥാപാത്രം അതിന്റെ പൂർണതയിൽ എത്തി…
“ജോമോന്റെ മാനുവൽ മനഃസാക്ഷിയാണ്.”
NB: സ്പോയിലേർ
ശ്യാം പുഷ്‌കറിന്റെ ഒരുപാട് ഡീറ്റൈലിംഗ് ഉള്ള കഥയപാത്രമാണ് ജോമോൻ. അപ്പൻ മരിക്കുമ്പോൾ അപ്പൻ ആഗ്രഹിച്ചത് പോലെ പടക്കം പൊട്ടിച്ചൊരു യാത്രയയപ്പ് കൊടുക്കാൻ ജോമോനെ സാധിക്കുകയുള്ളു. കുടുംബം എതിർക്കുമ്പോഴും പള്ളിയും പട്ടക്കാരും നാട്ടുകാരും നോക്കി നിൽക്കെ സമൂഹം എന്ത് പറയുമെന്ന് ചിന്തിക്കാതെ അപ്പന്റെ ആഗ്രഹംപോലെ പടക്കം പൊട്ടിച്ചു അപ്പന്റെ മൃതദേഹത്തിനു വരവേൽപ്പ് കൊടുക്കാൻ ജോമോനെ സാധിക്കുകയുള്ളു. നമ്മളിൽ പലർക്കും സാധിക്കില്ല.