കഥ മാറുകയാണ്, ആചാരസംരക്ഷണവും, ലൌ ജിഹാദും തിരഞ്ഞെടുപ്പു വിഷയങ്ങളാവുകയാണ് കേരളത്തിലും

160

ഇന്ത്യയിൽ സംഭവിച്ചത് മതധ്രുവീകരണം എന്നതിലുപരി മുസ്ലിം പാർശ്വവത്കരണം ആണ്. എങ്ങനെയെന്നല്ലേ ശ്രീജിത്ത് ശങ്കരന്റെ കുറിപ്പ് വായിക്കാം

വൈശാഖൻ തമ്പി എഴുതിയത് ✍️

 1. ബാംഗ്ളൂർ നഗരത്തിൻ്റെ കണ്ണായ ഭാഗമായ ഇന്ദിരാനഗറിൽ നിങ്ങൾ വാടകക്ക് വീടന്വേഷിക്കുകയാണെന്ന് കരുതുക. വളരെ സാധാരണമായി അഭിമുഖീകരിക്കേണ്ട രണ്ടു ചോദ്യങ്ങൾ ഇതായിരിക്കും.
  a. “മുസ്ലീമാണോ?”
  b. “നോൺ വെജിറ്റേറിയനാണോ”?
  ബാംഗ്ളൂർ നഗരത്തിൽ ഇന്ദിരാനഗർ പോലുള്ള ഭാഗങ്ങളിൽ മുസ്ലീങ്ങൾക്ക് വീട് വാകകക്ക് കിട്ടുക എന്നുള്ളത് വളരെ ശ്രമകരമായ കാര്യമാണ്, പല സന്ദർഭങ്ങളിലും അസംഭവ്യവും.
 2. മംഗലാപുരത്തു നിന്നും ബാംഗ്ളൂരിൽ ജോലി കിട്ടി ചെന്നെത്തിയ രേഷ്മ തൻ്റെ മാനേജർ സൈഫ് മുസ്ലീമാണെന്ന് മനസ്സിലാക്കി സഹപ്രവർത്തകയായ അഞ്ജലിയോട് ചോദിക്കുന്നു “സൈഫ് എങ്ങനെയാണ്? പ്രശ്നക്കാരനല്ലല്ലോ”.സൈഫിൻ്റെ സുഹൃത്തു കൂടിയായ അഞ്ജലിക്ക് രേഷ്മയെ സൈഫ് വളരെ നല്ല മനുഷ്യനാണെന്ന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നു. ഇരുപത്തി രണ്ടു വയസ്സുകാരിയായ രേഷ്മ തൻ്റെ ജീവിതത്തിൽ ആദ്യമായി സംസാരിക്കുന്ന ഒരു മുസ്ലീമാണ് സൈഫ് എന്നു പറയുന്നു.
  മുസ്ലീങ്ങളും ഹിന്ദുക്കളും ഇട കലരാതെ വേറേ വേറെ സ്ഥലങ്ങളിൽ ജീവിക്കുക എന്നുള്ളത് മംഗലാപുരത്ത് സർവ്വസാധാരണമാണ്. ഖെട്ടോവൽക്കരണം എന്നാണ് ഇതിനെ പറയുന്നത്. ബാംഗ്ളൂരിലും ദില്ലിയിലുമെല്ലാം ഇത്തരം പ്രതിഭാസങ്ങൾ കാണാം.
 3. തലസ്ഥാനനഗരമായ ഡെൽഹിയിൽ ഷഹീൻ ബാഗിലേക്കോ, ജാമിയ നഗറിലേക്കോ നിങ്ങൾ ടാക്സി വിളിക്കുകയാണെന്നു കരുതുക. മിക്കവാറും നിങ്ങളുടെ കാബ് ഡ്രൈവേഴ്സ് ആ ഒരു സവാരി നിരസിക്കും. ജാമിയ നഗറും ഷഹീൻ ബാഗും മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളാണെന്ന് മനസ്സിലാക്കുക.
 4. ഈസ്റ്റ് ഡെൽഹിയിൽ നിങ്ങൾ ഒരു കല്യാണവിരുന്നൊരുക്കുന്നതിന്‌ വേണ്ടി മണ്ഡപം തിരയുകയാണെന്ന് കരുതുക. നോൺ വെജിറ്റേറിയൻ വിഭവങ്ങളുൾപ്പെടുന്ന വിരുന്നാണെങ്കിൽ ഈസ്റ്റ് ഡെൽഹിയിൽ ആകെ മൂന്നു മണ്ഡപങ്ങൾ മാത്രമേ നിങ്ങൾക്കു ഒപ്ഷനായി ലഭിക്കുകയുള്ളൂ. നൂറു കണക്കിന് മണ്ഡപങ്ങളിൽ നിന്നാണിതെന്ന് ഓർക്കണം.
 5. സാമൂഹികവും സാമ്പത്തികവുമായി മുന്നോക്കമുള്ള ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ച്, ഹിന്ദുക്കളുമായി ഇടപഴകിയ ജീവിച്ച ഒരാളാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന വാചകം നിങ്ങൾ വളരെയേറെ കേട്ടിട്ടുണ്ടാകും. “You are not like other Muslims”. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരുടെ സങ്കൽപത്തിലുള്ള മുസ്ലീം എന്നു പറയുന്നത് സാമൂഹികമായി പിന്നോക്കം നിൽക്കുന്ന തീവ്രവാദികളാണെന്നാണ്.

മുസ്ലീമായ കാരണം വീടു വാടകയ്ക്ക് കിട്ടാതിരിക്കുക, യൌവനകാലം വരെ മുസ്ലീങ്ങളുമായി യാതൊരു സമ്പർക്കുവുമുണ്ടകാതെയിരിക്കുക, മുസ്ലീം സ്ഥലങ്ങളിലേക്ക് കാർ സവാരി നിരസിക്കപ്പെടുക, ഖെട്ടോവൽക്കരിക്കപ്പെടുക എന്നിങ്ങനെ മുകളിൽ പറഞ്ഞതെല്ലാം കേരളത്തിലാണെങ്കിൽ അസാധാരണമായ ഒരു കാര്യമായിരിക്കും. ഇതരസംസ്ഥാനങ്ങളിലെല്ലാം ഇത് സർവ്വസാധാരണമാണ്.
ഇങ്ങയലത്തെ കർണാടകയിൽ വരെ.

മുകളിൽ പറഞ്ഞ സംസ്ഥാനങ്ങളിലെല്ലാം ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കക്ഷിയായ കോൺഗ്രസ്സ് കാലങ്ങളോളം ഭരിച്ചതാണ്. ഇവിടെയൊന്നും മതേതരത്വം വളർത്താൻ അവർക്ക് പറ്റിയില്ലെന്ന് മാത്രമല്ല അവരുടെ മൃദുഹിന്ദുത്വം ഫാഷിസത്തിന് വളമാവുകയും ചെയ്തു.

ഇവിടെ കേരളത്തിൽ നാമൊരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. കേരളത്തിൽ ഹിന്ദുഫാഷിസത്തിനു വളരാൻ കഴിയാത്തതിന് കാരണം ഇവിടെ അത്തരമൊരു അന്തരീക്ഷം കുറവാണെന്നതും ചെറുതെങ്കിലും മതേതര ഇടതുപക്ഷമനോഭാവമുള്ള ജനവിഭാഗം ഉണ്ടെന്നും ഇത്തരത്തിലുള്ള വർഗ്ഗീയത അവരാൽ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതിനാലും കാരണമാണ്. അല്ലാതെ കേരളീയ സമൂഹമൊട്ടാകെ മതേതരരായതു കൊണ്ടൊന്നുമല്ല. ചോദ്യം ചെയ്യപ്പെടും, വലിയൊരു ശതമാനം വോട്ട് നഷ്ടപ്പെടും എന്ന ബോധ്യമുള്ളത് കൊണ്ടാണ് പലരും ഇത്രയും കാലം പരസ്യമായി ഇസ്ലാമോഫോബിക്കായ, ഫാഷിസത്തിനനുകൂലമായ നിലപാടുക്കാൻ മടിച്ചത്.

കഥ മാറുകയാണ്. ആചാരസംരക്ഷണവും, ലൌ ജിഹാദും, നോൺ വെജിറ്റേറിയനിസവുമൊക്കെ തിരഞ്ഞെടുപ്പു വിഷയങ്ങളാവുകയാണ് കേരളത്തിൽ. കേരളം ദൈവത്തിൻ്റെ നാടല്ല, വർഗ്ഗീയവാദികളുടെ നാടാണ് എന്ന് സംഘപരിവാറുകാരി നിർമ്മലേച്ചി പറഞ്ഞു ഒരാഴ്ച പോലുമാകുന്നില്ല.

പച്ചക്ക് വർഗ്ഗീയത പറഞ്ഞ് ഹിന്ദുക്കളെ ഏകീകരിക്കുന്നതിന് സംഘപരിവാറും അതിനു ബദലായി മുസ്ലീങ്ങളെ ഏകീകരിക്കുന്നതിന് ന്യൂനപക്ഷവർഗ്ഗീയ സംഘടനകളും മത്സരിക്കുകയാണ്. ഈയൊരു വർഗ്ഗീയതയെ ചെറുത്തു തോൽപ്പിക്കുകയും, ലൌ ജിഹാദും, ആചാര സംരക്ഷണവും, ഭക്ഷണ ശീലങ്ങളും ഇനിയൊരു തിരഞ്ഞെടുപ്പിന് വിഷയമാകാതിരിക്കുകയും ചെയ്യുന്നതിനു വേണ്ടി ഈ വർഗ്ഗീയശക്തികളെ തറ പറ്റിക്കുക എന്നതാണ് സെക്യൂലർ കാഴ്ചപ്പാടുള്ള ഏതൊരു മലയാളിയും ചെയ്യേണ്ടത്. ഒരു പുരോഗമന സമൂഹത്തിൽ നമ്മൾ മുന്നോട്ടാണ് നടക്കേണ്ടത്, പിറകോട്ടല്ല. സെക്യൂലറായി നിന്നു കൊണ്ടു മാത്രമേ ഫാഷിസത്തിനെ തോൽപിക്കാൻ കഴിയുകയുള്ളൂ… ഭൂരിപക്ഷ ധ്രുവീകരണത്തിന് മറുപടി നൽകേണ്ടത് ന്യൂനപക്ഷധ്രുവീകരണം കൊണ്ടല്ല. ഇത്തരത്തിലുള്ള ന്യൂനപക്ഷ ധ്രുവീകരണം തന്നെയാണ് സംഘപരിവാറിന് വളവും അവർ ആഗ്രഹിക്കുന്നതും.
അംബേദ്കർ പറഞ്ഞിട്ടുണ്ട്.

“minorities are an explosive force which, if it erupts, can blow up the whole fabric of the State.”
ഭൂരിപക്ഷ വർഗ്ഗീയതയാണ് ന്യൂനപക്ഷ വർഗ്ഗീയതയെ വളർത്തുന്നതെന്നും ഭൂരിപക്ഷത്തിൻ്റെ പ്രവർത്തിയിലൂടെ മാത്രമേ സ്റ്റേറ്റിൻ്റെ സെക്യൂലർ സ്വഭാവം നില നിർത്താൻ കഴിയുകയുള്ളൂ എന്നും നാം മനസ്സിലാക്കണം. ഫാഷിസം എന്നു പറയുന്നത് ഗുജറാത്തിലെ കലാപം മാത്രമല്ല. അതിന് വളം വെച്ചു കൊടുക്കുന്ന ഇത്തരത്തിലുള്ള കാഷ്വൽ ഇസ്ലാമോഫോബിയ കൂടിയാണ്. വളരെ വൊളറ്റൈൽ ആയ കേരളത്തിൽ അങ്ങനെയൊരു അവസരം ഫാഷിസത്തിന് കൊടുക്കരുത്.

N.B: മുകളിൽ പറഞ്ഞ അഞ്ചു കാര്യങ്ങളും എനിക്ക് വ്യക്തിപരമായി അറിയുന്ന സംഭവങ്ങളാണ്.