ഗുരുതരാവസ്ഥയുള്ള സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരെ ക്രമാതീതമായി കയറ്റിവിടണമെന്ന് ശഠിക്കുന്നവർ സംസ്ഥാനദ്രോഹികൾ

20

Sreejith Sivaraman

തമിഴ് നാട്ടിൽ നിന്ന് ട്രക്കുമായി വന്ന ഡ്രൈവറിൽ നിന്നു മൂന്നു പേർക്കാണ് വയനാട്ടിൽ കോവിഡ് പകർന്നത്. അതീവ ഗുരുതരമാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി. എത്രപേർക് വന്നുവെന്നോ ആരൊക്കെ കാരിയർ ആണെന്നോ ഉള്ള കണക്കുകൾ പോലും അവിടുങ്ങളിൽ ഇല്ല. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധയോടെ മാത്രമേ ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളെ നമുക്ക് സ്വീകരിക്കാനാവൂ. അതിനുള്ള ശ്രമത്തിന്റെ ഭാഗമായി അവരെ ട്രാക്ക് ചെയ്യാനും, വിവരങ്ങൾ അതാത് phc കളിൽ വരെ എത്തിക്കാനും ഒക്കെയുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതര സംസ്ഥാന മലയാളികൾക്ക് പാസ്സ് നൽകി പ്രവേശിപ്പിക്കുന്നത്. ഒരു ചെറിയ അശ്രദ്ധ മതി നാം ഇതുവരെ ചെയ്തതെല്ലാം വെറുതെയാകാൻ.

അപ്പോഴാണ് അതിർത്തിയിൽ പാസില്ലാതെ വന്ന മലയാളികളെ തന്നിഷ്ട പ്രകാരം കടത്തിവിടണം എന്ന് പറഞ്ഞ് ഉത്തരവാദിത്തപ്പെട്ട നാല് ജനപ്രതിനിധികൾ ഇന്നലെ വാളയാറിൽ ഷോ നടത്തിയത്. കേരളമെന്താ അന്യരാജ്യമാണോ എന്ന വൈകാരിക ചോദ്യം ഉയർത്തി ആയിരുന്നു ഷോ. ലക്ഷക്കണക്കിന് പ്രവാസികൾ കേരളത്തിന് പുറത്തുണ്ട് അവരുടേതുമാണ് കേരളം. പക്ഷെ ഒരു പരിശോധനയോ രേഖയോ അവരുടെ രോഗ വിവരമോ അറിയാതെ കടത്തിവിട്ടാൽ എന്താകും സ്ഥിതി ? നാളെ അവരുടെ കുടുംബവും അയൽക്കാരും കേരളം തന്നെയുമല്ലേ അപകടത്തിൽ പെടുക ? അവരെ കടത്തിവിട്ടാൽ ബാക്കിയുള്ളവരും അതേ പോലെ വരാൻ തുടങ്ങില്ലേ? വളയാറിലും അതിർത്തികളിലും നാല് പോലീസുകാർക്ക് നിയന്ത്രിക്കുവാൻ കഴിയാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തില്ലേ ?

ഇതര സംസ്ഥാന്നങളിൽ നിന്നും പാസ്സ് എടുത്ത് കേരളത്തിലേക്ക് വരുന്നവർ കേരളത്തിലും റജിസ്റ്റർ ചെയ്ത് പാസ്സ് എടുക്കണം എന്ന് ഔദ്യോഗികമായി അറിയിച്ചതാണ്.കൃത്യമായ കണക്കുകൾ ശേഖരിച്ച്, ട്രാക്കിംഗ് & ലൊക്കേറ്റ് ചെയ്തുമാണ് കേരളം ഇന്നത്തെ ഭേദപ്പെട്ട നിലയിൽ എത്തിയത്. സർക്കാരിന്റെ കയ്യിൽ കൃത്യമായ വിവരങ്ങൾ ഒന്നും ഇല്ലാതെ ഹോട്ട്സ്പോട്ടിൽ നിന്നും വരുന്ന ആളുകൾ എത്തിയാൽ ഇവിടെ ഇത് വരെ ലോക്ക്ഡൗൺ നിയമങ്ങളും സർക്കാർ നിർദ്ദേശങ്ങളും പാലിച്ച് ജീവിച്ച ഞങ്ങളെ പോലെ ഉള്ളവരുടെ ജീവനും അപകടത്തിൽ ആവും.

എല്ലാ മലയാളികളും ഇങ്ങോട്ട് വരണം, പക്ഷേ അത് സർക്കാർ നിർദ്ദേശങ്ങൾ മുഴുവനും പാലിച്ച് കൊണ്ടാവണം. നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന ഇടങ്ങളിലെ സർക്കാരുകൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തത് കൊണ്ട് കൂടിയാണ് അവിടെ കോവിഡ് വഷളായത്‌. നിങ്ങൾ വിവരങ്ങൾ നൽകാതെ ഇങ്ങോട്ട് വന്നാൽ ഇവിടെയും സമാനസാഹചര്യം ആവും ഉണ്ടാവുക.കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾ തകരണം എന്നും ആഗ്രഹിക്കുന്ന ഖദർധാരികൾ നിങ്ങളെ പ്രോൽസാഹിപ്പിക്കാൻ മുന്നിൽ ഉണ്ടാവും. അത് നിങ്ങളോടുള്ള സ്നേഹമല്ല. ഈ നാട് തകർന്നു കാണാനുള്ള ആഗ്രഹമാണ്.

ഈ അവസ്ഥയിൽ വേണ്ടത് വൈകാരികതയല്ല വിവേകമാണ്, അച്ചടക്കമാണ്. മലയാളികൾ ചത്തോടുങ്ങിയാലേ ഞങ്ങൾക്ക് നാല് വോട്ട് കിട്ടുള്ളുവെങ്കിൽ അതിനും തയ്യാർ എന്ന രാഷ്ട്രീയം നമ്മളെ എവിടെയാണ് എത്തിക്കുക ? ഈ സമയത്തും വൈകാരിക മുദ്രാവാക്യങ്ങൾ ഉയർത്തി ജനങ്ങളെ ഇളക്കിവിടുന്ന നിങ്ങൾ എന്ത് രാഷ്ട്രീയ ഉത്തരവാദിത്തമാണ് നിർവഹിക്കുന്നത്? രാഷ്ട്രീയമാവാം നല്ലതാണ് പക്ഷെ ശവം തിന്നാൻ കൊതിക്കുന്ന കഴുകന്റെ രാഷ്‌ടീയയമാവരുത്.

Advertisements