കോൺഗ്രസ്സിനകത്തെ മൃദു ഹിന്ദുത്വ വിഭാഗത്തെ താങ്ങി നിർത്താൻ അവർക്ക് കേരളത്തിൽ ഒരു മുല്ലപ്പള്ളിയുടെ ആവശ്യമുണ്ട്, അതാണ് അയാൾ ഭംഗിയായി നിർവഹിക്കുന്നത്

137

Sreejith Sivaraman writes

നിങ്ങൾ കരുതുന്നുവോ അത് മുല്ലപ്പള്ളിയുടെ മാത്രം നിലപാടാണെന്ന് ?
അല്ല
ഒരേ സമയം രാഷ്ട്രീയ വൈരുദ്ധ്യങ്ങളെ മുഴുവൻ ഉൾച്ചേരാൻ കഴിവുള്ള സവിശേഷ സംവിധാനത്തിന്റെ , എങ്ങിനെയും മലക്കം മറിയുന്ന ജെല്ലിഫിഷിന്റെ ചരിത്രപരമായ പേര് കൂടിയാണ് കോൺഗ്രസ്സ്. അതുകൊണ്ട് എല്ലാക്കാലവും എല്ലാ നിർണായക വിഷയങ്ങളിലും വൈരുദ്ധ്യപൂർണമായ സകല നിലപാടുകളെയും അത് ഉള്ളിലൊളിപ്പിക്കും എന്നിട്ട് വിശാല ജനാധിപത്യം എന്ന് വിളിച്ച് പറ്റിക്കും.

ദളിതനൊപ്പം ഭക്ഷണം കഴിക്കില്ലെന്ന് നിലപാടെടുത്ത മദൻ മോഹൻ മാളവ്യ പ്രസിഡന്റായിരിക്കുമ്പോൾ തന്നെ ഹരിജനോദ്ധാരണ സമരം നടത്തിയ കോൺഗ്രസ്സ് . ബിഹാർ ഹിന്ദുസഭയുടെ സ്ഥാപകനും ഹിന്ദുമഹാസഭയും കോൺഗ്രസ്സും തെരഞ്ഞെടുപ്പ് സഖ്യം വേണമെന്ന നിലപാടിന്റെ സൂത്രധാരനായ രാജേന്ദ്രപ്രസാദിനെയാണ് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി കോൺഗ്രസ്സ് കണ്ടെത്തിയത്
ഹിന്ദു മഹാസഭയുടെ അധ്യക്ഷനായിരുന്ന , ബി ജെ പിയുടെ ആദ്യ രൂപം ജനസംഘത്തിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന , ശ്യാമപ്രസാദ് മുഖർജിയായിരുന്നു ഇന്ത്യയുടെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി

നെഹ്രുവിന്റെ കടുത്ത എതിർപ്പിനെ മറികടന്ന് 1950 ൽ തന്നെ ബിഹാർ , ഉത്തർപ്രദേശ് , മധ്യപ്രദേശ് , രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കോൺഗ്രസ്സ് സർക്കാറുകൾ ഗോഹത്യ നിരോധിച്ച് ഹിന്ദുത്വ മുദ്രാവാക്യത്തെ പുണർന്നു , കെ പി സി സി പ്രസിഡന്റായിരുന്ന , കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പനാണ് സംഘപരിവാറിന് കേരളത്തിൽ വേരുറപ്പിക്കാൻ അവസരം നൽകിയ ‘തളി ക്ഷേത്ര സമരത്തിന്റെയും മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിന്റെയും ‘ സൂത്രധാരനും നേതാവും

ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഇന്ത്യയിൽ കോൺഗ്രസ്സ് പരസ്യമായി വർഗീയതയെ കൂട്ടുപിടിക്കുന്ന അനുഭവമുണ്ടായത്. കാശ്മീർ , പഞ്ചാബ് പ്രശ്നങ്ങളെ ഇന്ദിര രാഷ്ട്രീയ നേട്ടത്തിനായി വർഗീയവത്കരിച്ചു. തമിഴ്‌നാട്ടിലെ ജാതി ചൂഷണത്തിൽ പ്രതിഷേധിച്ച് ദളിതർ ഇസ്‌ലാം മതം സ്വീകരിച്ചതിനു പിന്നിൽ ‘ഇസ്‌ലാമിക ശക്തികളുടെ ഓയിൽ മണി ‘ ആണോ എന്ന് സംശയിക്കുന്നതായി ആഭ്യന്തര മന്ത്രി സെയിൽ സിംഗ് തന്നെ പ്രഖ്യാപിച്ചു . 80 കൾ ഇന്ത്യയിലെ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളുടെ കാലമായിരുന്നു . മൊറാദാബാദ് (130 പേർ കൊല്ലപ്പെട്ടു ) , ബിഹാർഷെരീഫ് , മീററ്റ് , ബറോഡ , നെല്ലി (ഔദ്യോഗിക കണക്കുകൾ പ്രകാരം 2191 പേരും അനൗദ്യോഗിക കണക്കുകൾ പ്രകാരം പതിനായിരത്തിലേറെ പേരും കൊല്ലപ്പെട്ടു )

രാജീവ് ഗാന്ധി ന്യൂനപക്ഷ മത സാമുദായിക ശക്തികൾക്ക് വഴങ്ങി ഷാ ബാനു കേസിൽ നിയമനിർമാണം നടത്തിയതാണ് ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് പുത്തനുണർവ് നൽകിയത്. അവരുടെ പ്രക്ഷോഭങ്ങളും കലാപങ്ങളും ദേശവ്യാപകമായി. ഗുജറാത്ത് (275 ) , ഹാഷിംപുരയിലെ 42 മുസ്ലിം ചെറുപ്പക്കാരെ പോലീസ് വെടിവെച്ച് കൊന്നു , തുടർന്നു നടന്ന കലാപത്തിൽ 375 പേർ കൊല്ലപ്പെട്ടു , ഭഗല്പൂരിലെ കലാപത്തിൽ ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടു. കലാപങ്ങളിലൂടെ സംഘപരിവാരം ഇന്ത്യയിൽ പിടിമുറുക്കി.

സംഘപരിവാരത്തിന്റെ ഹിന്ദുത്വ അജണ്ടയെ പ്രീണിപ്പിക്കാൻ രാജീവ് ഗാന്ധി ബാബറി മസ്ജിദ് ഹിന്ദുത്വ ശക്തികൾക്ക് തുറന്നു കൊടുത്തു. അക്കാലത്തെ ഒരേയൊരു ടെലിവിഷൻ ചാനലായ , ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന ദൂരദർശനിൽ സിണ്ടിക്കേറ്റഡ് ഹിന്ദുത്വത്തിന്റെ രാമായണ വേർഷൻ സീരിയലായി കാണിച്ചു. 1989 ലെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം രാജീവ് ഗാന്ധി ആരംഭിക്കുന്നത് അയോധ്യയിൽ നിന്നാണ്. രാമരാജ്യം നിർമിക്കാനുള്ള തന്റെ അശ്വമേധം ആരംഭിക്കുന്നു എന്നായിരുന്നു പ്രചാരണം ആരംഭിച്ചു കൊണ്ട് രാജീവ് പ്രഖ്യാപിച്ചത്.

1992 നരസിംഹറാവു സർക്കാരിന്റെ അനുഗ്രഹാശിസുകളോടെ ഹിന്ദുത്വ തീവ്രവാദികൾ ബാബരി മസ്ജിദ് തകർത്തു. എഴുതാൻ ഇനിയുമേറെയുണ്ട് , കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് താൻ പൂണൂൽ ധരിക്കുന്ന ബ്രാഹ്‌മണനാണെന്നു പറഞ്ഞാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പറഞ്ഞു വന്നതിത്രമാത്രമാണ് കോൺഗ്രസ്സിനകത്തെ മൃദു ഹിന്ദുത്വ വിഭാഗത്തെ താങ്ങി നിർത്താൻ അവർക്ക് കേരളത്തിൽ ഒരു മുല്ലപ്പള്ളിയുടെ ആവശ്യമുണ്ട്. അതാണ് അയാൾ ഭംഗിയായി നിർവഹിക്കുന്നത്. ഇതൊരു വ്യക്തിപരമായ പ്രശ്‌നമേയല്ല…